കേപ്ടൗൺ∙ദക്ഷിണാഫ്രിക്കയ്ക്കെതിരായ അഞ്ചാം വനിതാ ട്വന്റി20യിൽ ഇന്ത്യയ്ക്ക് 54 റൺസിന്റെ ജയം. 167 റൺസെന്ന വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ദക്ഷിണാഫ്രിക്ക 18 ഓവറിൽ 112 റണ്‍സിന് എല്ലാവരും പുറത്തായി. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. ഇന്ത്യ നിശ്ചിത ഓവറിൽ നാലു വിക്കറ്റു നഷ്ടത്തിൽ 166 റൺസെടുത്തിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് കാര്യങ്ങൾ എളുപ്പമായിരുന്നില്ല. 12–ാം റൺസിൽ തന്നെ അവരുടെ ആദ്യ വിക്കറ്റ് വീണു. തുടർന്നങ്ങോട്ടു കൃത്യമായ ഇടവേളകളിൽ ദക്ഷിണാഫ്രിക്കയുടെ വിക്കറ്റുകൾ എറിഞ്ഞിടാൻ ഇന്ത്യന്‍ വനിതകള്‍ക്കു സാധിച്ചു. 27 റൺസ് നേടിയ മാരിസൺ കാപ്പാണ് അവരുടെ ടോപ് സ്കോറർ. ലിസൽ ലീ (13 പന്തിൽ മൂന്ന്), ക്യാപ്റ്റൻ ഡെൻ വാൻ നീക്കർക്ക് (12 പന്തിൽ 10), സുൻ ലൂസ് ( എട്ടു പന്തിൽ അഞ്ച്), മിഗനന്‍ ഡു പ്രീസ് (11 പന്തില്‍ 17), ക്ലോ ട്രിയൻ (17 പന്തിൽ 25), ഷബ്നിം ഇസ്മായിൽ (12 പന്തിൽ എട്ട്), മസബട്ട ക്ലാസ് (എട്ടു പന്തിൽ ഒൻപത്), അയബോംഗ കാക്ക (മൂന്ന് പന്തിൽ ഒന്ന്) എന്നിങ്ങനെയാണ് ദക്ഷിണാഫ്രിക്കൻ താരങ്ങളുടെ സ്കോറുകൾ. മൂന്നു വിക്കറ്റു വീതം വീഴ്ത്തിയ ശിഖ പാണ്ഡെ, റുമേലി ധർ, രാജേശ്വരി ഗെയ്ക്‌വാദ് എന്നിവരുടെ ബോളിങ് പ്രകടനമാണ് ഇന്ത്യൻ ജയത്തിൽ നിർണായകമായത്. പൂനം യാദവ് ഒരു വിക്കറ്റു സ്വന്തമാക്കി.
ആദ്യം ബാറ്റു ചെയ്ത ഇന്ത്യൻ വനിതകള്‍ നിശ്ചിത ഓവറിൽ നാലു വിക്കറ്റു നഷ്ടത്തിൽ 166 റൺസെടുത്തു. ഓപ്പണർ മിതാലി രാജിന്റെ അർധ സെഞ്ചുറി മികവിലായിരുന്നു ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യ ഭേദപ്പെട്ട സ്കോർ പടുത്തുയർത്തിയത്. 50 പന്തുകൾ േനരിട്ട മിതാലി 62 റൺസെടുത്താണു പുറത്തായത്. ഓപ്പണർ സ്മൃതി മന്ഥന ( 14 പന്തിൽ 13), ജെമിമ റോഡ്രിഗസ് (34 പന്തിൽ 44), ഹർമൻപ്രീത് കൗര്‍ ( 17 പന്തില്‍ 27), വേദ കൃഷ്ണമൂർത്തി ( ആറു പന്തില്‍ എട്ട്) എന്നിങ്ങനെയാണു മറ്റു ഇന്ത്യൻ താരങ്ങളുടെ സ്കോറുകൾ. ദക്ഷിണാഫ്രിക്കയ്ക്കായി മാരിസൺ കാപ്പ്, അയബോംഗ കാക്ക, ഷബ്നിം ഇസ്മായിൽ എന്നിവർ ഓരോ വിക്കറ്റു വീതം സ്വന്തമാക്കി. മിതാലി രാജിനാണ് പ്ലെയർ ഓഫ് ദി മാച്ച്, പ്ലെയർ ഓഫ് ദി സീരീസ് പുരസ്കാരങ്ങൾ.
മൂന്നാം ജയത്തോടെ പരമ്പര ഇന്ത്യ 3–1ന് സ്വന്തമാക്കി. ഒന്നാം ട്വന്റി20 ഏഴു വിക്കറ്റിനും രണ്ടാം മൽസരം ഒൻപതു വിക്കറ്റിനും ഇന്ത്യ ജയിച്ചിരുന്നു. മൂന്നാം മൽസരത്തിൽ പരാജയപ്പെട്ടു. സെഞ്ചൂറിയനിൽ നടന്ന നാലാം മൽസരം മഴ മൂലം റദ്ദാക്കി. അതോടെയാണ് പരമ്പര സ്വന്തമാക്കാൻ ഇന്ത്യയ്ക്കു ശനിയാഴ്ച വരെ കാത്തിരിക്കേണ്ടിവന്നത്. നേരത്തെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പര 2–1ന് ഇന്ത്യ നേടിയിരുന്നു.