ഡ്രൈവര്‍മാര്‍ ഡ്യൂട്ടിയിൽ മൊബൈല്‍ ഉപയോഗിക്കരുത്, പുറത്താക്കും: കെഎസ്ആര്‍ടിസി

പ്രതീകാത്മക ചിത്രം.

തിരുവനന്തപുരം∙ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ ഡ്യൂട്ടിക്കിടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യണമെന്ന് എംഡിയുടെ നിര്‍ദേശം. വാഹനം ഓടിക്കുന്നതിനിടയില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ മൊബൈല്‍ ഫോണ്‍ ശരിയാക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടർന്നു ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു. സംഭവം വിവാദമായതിനെത്തുടര്‍ന്നാണ് എംഡി എ.ഹേമചന്ദ്രന്‍ പുതിയ സര്‍ക്കുലര്‍ ഇറക്കിയത്. ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ അന്വേഷണം പൂര്‍ത്തിയാക്കി ജോലിയില്‍നിന്നു നീക്കം ചെയ്യുമെന്നും മുന്നറിപ്പുണ്ട്.

Read: ഡ്രൈവിങ്ങിനിടെ ബസ് ഡ്രൈവറുടെ ഫോൺ റിപ്പയറിങ് വൈറലായി..

യാത്രക്കാരുടെ സുരക്ഷ ഓരോ കെഎസ്ആര്‍ടിസി ഡ്രൈവറുടെയും ഏറ്റവും വലിയ ഉത്തരവാദിത്തമാണ്. സുരക്ഷ ഉറപ്പാക്കുന്നതിന് ഡ്രൈവിങ് വേളയില്‍ പൂര്‍ണ ജാഗ്രത ഉണ്ടാകണം. ഡ്രൈവിങ്ങിനിടെ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നതു സുരക്ഷയെ അപകടപ്പെടുത്തുന്ന പ്രവൃത്തിയാണ്. അതു നിയമവിരുദ്ധവുമാണ്. ഒട്ടേറെ വ്യക്തികളുടെ സുരക്ഷയെ അപകടപ്പെടുത്തുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ കെഎസ്ആര്‍ടിസി ഡ്രൈവറായി തുടരുന്നത് അംഗീകരിക്കാനാകില്ല– സർക്കുലറിൽ വ്യക്തമാക്കി.

നടപടിക്കു കാരണമായ സംഭവം:

ബുധനാഴ്ച കോട്ടയത്തുനിന്നു കുമളിയിലേക്കു പോയ ബസിലെ ഡ്രൈവറാണു ജോലിക്കിടെ മൊബൈല്‍ ഫോണ്‍ നന്നാക്കിയത്. യാത്രക്കാരിലൊരാളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. എതിരെ ഒരു കാര്‍ വന്നപ്പോള്‍ ഡ്രൈവര്‍ ബസ് വെട്ടിത്തിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഈ ദൃശ്യങ്ങള്‍ സഹിതം യാത്രക്കാരില്‍ ചിലര്‍ മുഖ്യമന്ത്രിക്കും കെഎസ്ആര്‍ടിസി എംഡിക്കും പരാതി നല്‍കി. തുടര്‍ന്ന് അന്വേഷണം നടത്തി ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തു. ഡ്രൈവര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.