മധുവിന്റെ മരണം: പട്ടികജാതി വർഗ കമ്മിഷൻ ചെയർമാൻ അഗളിയിൽ

പട്ടികജാതി വർഗ കമ്മിഷൻ ചെയർമാൻ ബി.എസ്. മാവോജി അഗളിയിലെത്തിയപ്പോൾ. ചിത്രം: ധനേഷ് അശോകൻ

പാലക്കാട് ∙ ആദിവാസി യുവാവ് മധു (27) മർദനമേറ്റ കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് പട്ടികജാതി വർഗ കമ്മിഷൻ ചെയർമാൻ ബി.എസ്. മാവോജി അഗളിയിലെത്തി. സംഭവത്തിൽ പ്രതിഷേധിച്ചു സമരം ചെയ്യുന്ന മധുവിന്റെ ബന്ധുക്കളെയും ആദിവാസി സംഘടനാ പ്രവർത്തകരെയും അദ്ദേഹം കണ്ടു. പിന്നീട് അഗളി പൊലീസ് സ്റ്റേഷനിലെത്തി ഉദ്യോഗസ്ഥരിൽ നിന്നു വിവരങ്ങൾ ആരാഞ്ഞു.

അതേസമയം, മധുവിന്റെ മരണത്തിൽ പ്രതിഷേധിച്ച് യുഡിഎഫും ബിജെപിയും മണ്ണാർക്കാട് താലൂക്കിലും നിയോജകമണ്ഡലത്തിലുമായി ആഹ്വാനം ചെയ്ത ഹർത്താൽ പൂർണമാണ്. അട്ടപ്പാടി മേഖലയിൽ കടകൾ തുറന്നില്ല. വാഹനങ്ങളും ഓടുന്നില്ല. താലൂക്കിലെ മറ്റു പ്രദേശങ്ങളിലെ വാഹനങ്ങൾ ഓടുന്നുണ്ടെങ്കിലും പാർട്ടി പ്രവർത്തകർ അൽപനേരം തടഞ്ഞിടുന്നുണ്ട്.

ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ അഗളിലെത്തിയപ്പോൾ. ചിത്രം: ധനേഷ് അശോകൻ

അതേസമയം, മണ്ണാർക്കാട് താലൂക്കിലെ സ്കൂളുകളിൽ ഇന്നു പിഎസ്‌സി പരീക്ഷയെഴുതുന്നവരെ സഹായിക്കാൻ കെഎസ്ആർടിസി പ്രത്യേക സർവീസ് ആരംഭിച്ചു. 11 ബസുകളാണു സർവീസ് നടത്തുക. പരീക്ഷ കഴിഞ്ഞ് മുഴുവൻ പരീക്ഷാർഥികളെയും തിരിച്ച് പാലക്കാട്ടെത്തിക്കും. പൊലീസ് സംരക്ഷണയോടെയാണ് സർവീസ്. അതേസമയം, പാലക്കാട് കലക്ടറേറ്റിലേക്കും ജില്ലാ പൊലീസ് ഓഫിസിലേക്കും ഇന്ന് വിവിധ സംഘടനകൾ പ്രതിഷേധ മാർച്ച് നടത്തുന്നുണ്ട്.

ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ അഗളിലെത്തിയപ്പോൾ. ചിത്രം: ധനേഷ് അശോകൻ

അതിനിടെ ആദിവാസി ആക്‌ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തുന്ന രാപകൽ സമരപ്പന്തലിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ സന്ദർശനം നടത്തി. മധുവിന്റെ അമ്മയേയും കുമ്മനം കണ്ടു.