മധു മരിച്ചത് തലയ്ക്കു പിന്നിൽ അടിയേറ്റ്; പ്രതികൾക്കെതിരെ കൊലക്കുറ്റം

പോസ്റ്റ്മോർട്ടത്തിനുശേഷം മധുവിന്റെ മൃതദേഹം പുറത്തേക്കിറക്കുന്നു. ചിത്രം: ഉണ്ണി കോട്ടയ്ക്കൽ

തൃശൂർ∙ അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു മരിച്ചത് മർദനമേറ്റാണെന്നു സ്ഥിരീകരിച്ചു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തലയുടെ പുറകിലേറ്റ അടിയാണു മരണകാരണം. തലച്ചോറിലും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും ആന്തരിക രക്തസ്രാവമുണ്ടായിരുന്നു. ദേഹത്തു പലയിടത്തും മർദ്ദനമേറ്റിട്ടുണ്ട്. നെഞ്ചിലേറ്റ ചവിട്ടിൽ വാരിയെല്ലുകൾ തകർന്ന നിലയിലാണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

തൃശൂർ മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം പാലക്കാട്ടേക്കു കൊണ്ടുപോയി. മന്ത്രി കെ.കെ.ശൈലജ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, കോൺഗ്രസ് നേതാവ് വി.എം.സുധീരൻ എന്നിവർ ആശുപത്രിയിലെത്തിയിരുന്നു.

വ്യാഴാഴ്ചയാണു മധുവിനെ മോഷണക്കുറ്റം ആരോപിച്ച് ഒരു സംഘമാളുകൾ മർദിച്ചത്. അരി മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു മർദനം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നു പൊലീസെത്തി ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ മരിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ കൂടി ഇന്ന് അറസ്റ്റു ചെയ്തു. ഇതോടെ കേസുമായി ബന്ധപ്പെട്ട എട്ടു പ്രതികൾ പിടിയിലായി.

എട്ടു പ്രതികൾക്കും എതിരെ കൊലക്കുറ്റത്തിനും ആദിവാസി അക്രമത്തിനും വനത്തിൽ അതിക്രമിച്ചു കടന്നതിനും കേസെടുക്കുമെന്നു ഐജി എം.ആർ.അജിത്കുമാർ പറഞ്ഞു. പട്ടികവർഗ പീഡനവിരുദ്ധ നിയമം അടക്കം ഏഴു വകുപ്പുകൾ കൂടി ചുമത്തുമെന്നും ഐജി അറിയിച്ചു.