ഇത്തവണ ഒന്നാം സ്ഥാനക്കാരിയെ പ്രഖ്യാപിക്കുമ്പോൾ സംഘാടകർ പറഞ്ഞു– ‘തട്ടമിട്ടൊരു മൊഞ്ചത്തിയാണു നമ്മുടെ സ്വർണ ജേതാവ്’. ദർബാർ ഹാളും കടന്നു പുറത്തോട്ടൊഴുകി കാണികളുടെ കയ്യടി. പെരുപ്പിച്ച പേശികൾ വിജയിയെ തീരുമാനിക്കുന്ന മൽസരത്തില്‍ ഹിജാബ് ധരിച്ചെത്തിയ മിടുക്കി. വീടിനും നാടിനും അഭിമാനമാണു കോഴിക്കോട് ഓർക്കാട്ടേരി സ്വദേശി മജിസിയ ഭാനു എന്ന ‘സ്ട്രോങ് വുമൺ’.
മൂന്നു തവണ കേരള സ്റ്റേറ്റ് പവർലിഫ്റ്റിങ് അസോസിയേഷൻ ‘സ്ട്രോങ് വുമണാ’യി തിരഞ്ഞെടുത്തിട്ടുണ്ട് മജിസിയ ഭാനുവിനെ. 2017ലെ ഏഷ്യൻ പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ ഇന്ത്യയ്ക്കുവേണ്ടി വെള്ളി മെഡലും സ്വന്തമാക്കി. പവർലിഫ്റ്റിങ് ദേശീയ–സംസ്ഥാനതല മത്സരങ്ങളിൽ ഒട്ടേറെ മെഡലുകൾ. എല്ലാം സംഭവിച്ചത് കഴിഞ്ഞ ഒരൊറ്റ വർഷത്തിനിടെ. കഴിഞ്ഞ ദിവസം മറ്റൊരു മേഖലയിലും കരുത്തുകാട്ടി. കൊച്ചിയിൽ നടന്ന മിസ്റ്റർ കേരള ചാംപ്യൻഷിപ്പിൽ ‘വിമൻസ് മോഡൽ ഫിസിക്’ വിഭാഗത്തിൽ സ്വർണമെഡൽ.
Read: The bodybuilder in hijab: Meet Kerala’s strong woman
ഇതാദ്യമായാണു മജിസിയ ബോഡി ബിൽഡിങ് ചാംപ്യൻഷിപ്പിൽ മൽസരിക്കുന്നത്. പവർലിഫ്റ്റിങ്ങാണു പ്രിയപ്പെട്ട ഇനം. ഒരു വർഷമായി പരിശീലിക്കുന്നു. ആലപ്പുഴയിൽ ബെഞ്ച് പ്രസ്–2018 മൽസരത്തിൽ പങ്കെടുക്കാൻ പോകുമ്പോഴാണ് ഈ ഇരുപത്തിമൂന്നുകാരി ബോഡി ബിൽഡിങ് ചാംപ്യൻഷിപ്പിനെപ്പറ്റി കേൾക്കുന്നത്. പ്രതിശ്രുതവരൻ നൂർ അഹമ്മദിനോട് അഭിപ്രായം ചോദിച്ചു; ‘ധൈര്യമായി മത്സരിക്കൂ’ എന്നായിരുന്നു മറുപടി. ഹിജാബ് ധരിച്ചു മൽസരിക്കാമെന്ന ആത്മവിശ്വാസം നൽകിയതും അദ്ദേഹമാണ്. ഹിജാബ് ധരിച്ചാണു പവർലിഫ്റ്റിങ് മൽസരങ്ങളിലെല്ലാം മജിസിയ പങ്കെടുക്കുന്നതും.
അങ്ങനെ 24ന് കൊച്ചിയിലെത്തി സെമിഫൈനലിൽ പങ്കെടുത്തു. വേദിയിൽ എങ്ങനെ ‘പോസ്’ ചെയ്യണമെന്നു പോലുമറിയാതെയായിരുന്നു മൽസരിച്ചത്. ടെൻഷൻ കാരണം ചിരിക്കാൻ പോലും പറ്റിയില്ല. പക്ഷേ ഫൈനലിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. മൽസരം സംഘടിപ്പിക്കുന്ന ബോഡി ബിൽഡിങ് അസോസിയേഷൻ ഓഫ് കേരള ഒഫിഷ്യൽസാണു പറഞ്ഞത്– ‘മുഖത്ത് അൽപം ചിരി വരുത്താൻ ശ്രമിക്കൂ, ഒരുപക്ഷേ ഒന്നാം സ്ഥാനം വരെ സ്വന്തമാക്കാം’. ആ വാക്കുകളുടെ ആത്മവിശ്വാസത്തിൽ പിറ്റേന്നു ഫൈനലിനെത്തി.
Read: മിസ്റ്റർ കേരള മത്സര വിശേഷങ്ങൾ
25നു രാവിലെ ആലപ്പുഴയിൽ നടന്ന ബെഞ്ച് പ്രസ് മൽസരത്തിൽ സീനിയർ വനിതകളുടെ 52 കിലോ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയായിരുന്നു മജിസിയയുടെ വരവ്. അവിടെ ‘ബെസ്റ്റ് ലിഫ്റ്റർ ഓഫ് കേരള’ പട്ടവും ബിഡിഎസ് അവസാന വർഷ വിദ്യാര്‍ഥിനിയായ മജിസിയയ്ക്കായിരുന്നു. ഏഴു പേരായിരുന്നു ബോഡി ബിൽഡിങ് ഫൈനലിൽ. ഓടിക്കിതച്ചെത്തുമ്പോൾ എല്ലാവരും ഒരുങ്ങിക്കഴിഞ്ഞിരുന്നു. പക്ഷേ കാര്യമായ മെയ്ക്കപ് ഒന്നുമില്ലാതിരുന്നതിനാൽ തയാറെടുപ്പിനു സമയവും കിട്ടി.
തങ്ങളുടെ നാട്ടുകാരിയായ ഒരു പെൺകുട്ടിയെ കണ്ടമ്പരന്ന കോഴിക്കോട്ടു നിന്നുള്ള പുരുഷവിഭാഗത്തിലെ മൽസരാർഥികളും വേദിയിൽ എങ്ങനെ പോസ് ചെയ്യണമെന്നതു സംബന്ധിച്ചു നിർദേശങ്ങൾ നൽകി. അങ്ങനെ ഇത്തവണ ചിരിയോടെ തന്നെ മജിസിയ കൊച്ചിയിലെ വേദിയിലെത്തി. ഹിജാബ് ധരിച്ച പെൺകുട്ടി മൽസരിക്കുന്നതിന്റെ കൗതുകവും കാണികൾക്കുണ്ടായിരുന്നു. മുംബൈയിൽ നിന്നെത്തിയ മോഡലിനെ വരെ പിന്തള്ളി മജിസിയയ്ക്കു സ്വർണത്തിളക്കം.
ബോക്സിങ് പഠിക്കണമെന്നായിരുന്നു മജിസിയയുടെ ആഗ്രഹം. പക്ഷേ പരിശീലകൻ രമേശാണു പറഞ്ഞതു പവർലിഫ്റ്റിങ്ങാണു മജിസിയയുടെ മേഖലയെന്ന്. അങ്ങനെ ആഴ്ചയിലൊരിക്കൽ കോഴിക്കോടെത്തി കോച്ച് ജയദാസിനു കീഴിൽ പവർലിഫ്റ്റിങ് പരിശീലനം. കോഴിക്കോട് ജില്ലാ പവർലിഫ്റ്റിങ് അസോസിയേഷന്റെ മികച്ച വനിതാ കായികതാരത്തിനുള്ള 2017ലെ പുരസ്കാരവും മജിസിയയ്ക്കായിരുന്നു. വടകരയിലെ ഹാംസ്ട്രിങ് ഫിറ്റ്നസ് സെന്ററിൽ ഷമ്മാസ് അബ്ദുൽ ലത്തീഫിന്റെ കീഴിലാണു ബോഡി ബിൽഡിങ് പരിശീലനം.
ഒട്ടേറെ മൽസരങ്ങളിൽ കോളജിനെ പ്രതിനിധീകരിക്കുന്നുമുണ്ട്. കോഴിക്കോട്ടെ ഒരു കൊച്ചുഗ്രാമത്തിൽനിന്നു യാത്ര തുടങ്ങിയിട്ടേയുള്ളൂ മജീസിയ; പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ ലോകകിരീടമാണ് സ്വപ്നം. അതിനു എല്ലാ പിന്തുണയും നൽകി പിതാവ് അബ്ദുൽ മജീദും മാതാവ് റസിയയും ഒപ്പമുണ്ട്.