സുൽത്താൻ അസ്‍ലൻ ഷാ ഹോക്കി: രണ്ടാം മൽസരത്തിൽ ഇന്ത്യയ്ക്ക് സമനില

ഇംഗ്ലണ്ടിനെതിരെ ഗോൾ നേടിയ ഇന്ത്യൻ ടീമംഗങ്ങളുടെ ആഹ്ലാദം. ചിത്രം: ഹോക്കി ഇന്ത്യ ട്വിറ്റർ

ന്യൂഡൽഹി∙ സുൽത്താൻ അസ്‍ലൻ ഷാ ഹോക്കിയിൽ രണ്ടാം മൽസരത്തിനിറങ്ങിയ ഇന്ത്യയ്ക്കു സമനില. ഇംഗ്ലണ്ടിനെതിരെ 1–1നാണ് ഇന്ത്യ സമനില വഴങ്ങിയത്. 14–ാം മിനിറ്റിൽ ശീലാനന്ദ് ലാക്രയിലൂടെ ഇന്ത്യയാണ് മൽസരത്തിലെ ആദ്യ ലീഡെടുത്തത്. ഇംഗ്ലണ്ടിനായി മാർക് ഗ്‍ലെഗ്ഹോന്‍ മറുപടി നൽകി. ഒൻപതോളം കോർണറുകൾ ലഭിച്ചിട്ടും ഗോളവസരങ്ങൾ കണ്ടെത്തുന്നതിൽ ഇന്ത്യ പരാജയപ്പെട്ടതാണ് ജയം അകലാൻ കാരണമായത്. 

തിങ്കളാഴ്ച നടക്കുന്ന മൂന്നാം മൽസരത്തിൽ ഇന്ത്യ ലോക ഒന്നാം നമ്പരുകാരായ ഓസ്ട്രേലിയയെ നേരിടും. പരിശീലന മൽസരത്തിൽ ഇന്ത്യ 1–2ന് ഓസ്ട്രേലിയയോടു പരാജയപ്പെട്ടിരുന്നു. ആദ്യ മൽസരത്തിൽ ഇന്ത്യ അർജന്റീനയോട് രണ്ടിനെതിരെ മൂന്നു ഗോളുകൾക്കും തോറ്റു. മാർച്ച് ഏഴിനു മലേഷ്യ. മാര്‍ച്ച് ഒൻപതിനു അയർലൻഡ് എന്നീ ടീമുകള്‍ക്കെതിരെയാണ് ഇന്ത്യയുടെ മറ്റു മൽസരങ്ങൾ.