ന്യൂഡൽഹി∙ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ മകൾ മിസ ഭാരതിക്കും ഭർത്താവ് ശൈലേഷ് കുമാറിനും പ്രത്യേക കോടതി ജാമ്യം അനുവദിച്ചു. ഇരുവരും രണ്ടു ലക്ഷം രൂപയുടെ വീതം ജാമ്യത്തുകയും സമാന തുകയുടെ ജാമ്യവസ്തുവും സമർപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിട്ടുപോകരുതെന്നും ഇവരോടു നിർദേശിച്ചിട്ടുണ്ട്.
അതേസമയം, ഇരുവരുടെയും ജാമ്യാപേക്ഷയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) എതിർത്തു. ഇരുവരും ‘വളരെ ഗുരുതരമായ’ സാമ്പത്തിക കുറ്റകൃത്യം നടത്തിയവരാണെന്ന് ഇഡി കോടതിയിൽ അറിയിച്ചു. ഈ സ്ഥാനത്തു പ്രവർത്തിക്കുന്നവർ ഇത്തരം ഗുരുതര കുറ്റകൃത്യം ചെയ്യുന്നതു രാജ്യത്തിനെതിരാണ്, ഇഡിക്കുവേണ്ടി ഹാജരായ അതുൽ ത്രിപാഠി അറിയിച്ചു.