Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീണ്ടും ധവാൻ; ത്രിരാഷ്ട്ര പരമ്പരയിൽ ബംഗ്ലദേശിനെ വീഴ്ത്തി ഇന്ത്യ വിജയവഴിയിൽ

Shikhar Dhawan Raina തുടർച്ചയായ രണ്ടാം മൽസരത്തിലും അർധസെഞ്ചുറി നേടിയ ശിഖർ ധവാൻ.

കൊളംബോ∙ ഓപ്പണർ ശിഖർ ധവാന്റെ ബാറ്റ് വീണ്ടും തീ തുപ്പിയ മൽസരത്തിൽ ബംഗ്ലദേശിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ത്രിരാഷ്ട്ര ട്വന്റി20 പരമ്പരയിലെ രണ്ടാം മൽസരത്തിൽ ആറു വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ബംഗ്ലദേശ് ഉയർത്തിയ 140 റൺസ് വിജയലക്ഷ്യം എട്ടു പന്തും ആറു വിക്കറ്റും ബാക്കിനിൽക്കെ ഇന്ത്യ മറികടന്നു. പരമ്പരയിലെ തുടർച്ചയായ രണ്ടാം മൽസരത്തിലും അർധസെഞ്ചുറി നേടിയ ധവാനാണ് ഇന്ത്യൻ ഇന്നിങ്സിലെ ഹീറോ. 43 പന്തുകൾ നേരിട്ട ധവാൻ അഞ്ച് ബൗണ്ടറിയും രണ്ടു സിക്സും സഹിതം 55 റൺസെടുത്തു.

28 റൺസെടുത്ത സുരേഷ് റെയ്ന, 27 റൺസുമായി പുറത്താകാതെ നിന്ന മനീഷ് പാണ്ഡെ എന്നിവരും ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്തു. ആദ്യ മൽസരത്തിൽ മികച്ച സ്കോർ നേടിയിട്ടും അതു പ്രതിരോധിക്കുന്നതിൽ പരാജയപ്പെട്ട ഇന്ത്യ ആതിഥേയരായ ശ്രീലങ്കയോടു തോറ്റിരുന്നു. കരിയറിലെ ഉയർന്ന സ്കോർ നേടിയ ധവാൻ അന്ന് 90 റൺസെടുത്താണ് പുറത്തായത്.

ബംഗ്ലദേശ് ഉയർത്തിയ 140 റൺസെന്ന താരത്യേന ദുർബലമായ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയ്ക്ക് ഓപ്പണർമാരായ രോഹിത് ശർമയും ശിഖർ ധവാനും ചേർന്ന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. കഴിഞ്ഞ മൽസരത്തിൽ റൺസൊന്നും നേടാനാകാതെ പോയതിന്റെ വിഷമം തീർക്കാനിറങ്ങിയ ക്യാപ്റ്റൻ രോഹിത് ശർമ ഇക്കുറിയും ആദ്യം പുറത്തായി. 13 പന്തിൽ മൂന്നു ബൗണ്ടറികളോടെ 17 റൺസെടുത്ത ശര്‍മയെ മുസ്താഫിസുർ റഹ്മാനാണ് മടക്കിയത്. സ്ഥാനക്കയറ്റം കിട്ടിയെത്തിയ റിഷഭ് പന്തിന് അവസരം മുതലാക്കാനാതെ പോയതോടെ ഇന്ത്യയ്ക്ക് രണ്ടാം വിക്കറ്റും നഷ്ടം. എട്ടു പന്തിൽ ഒരു ബൗണ്ടറി ഉൾപ്പെടെ ഏഴു റൺസെടുത്ത പന്തിനെ ടസ്കിൻ അഹമ്മദ് ലിട്ടൻ ദാസിന്റെ കൈകളിലെത്തിച്ചു.

മൂന്നാം വിക്കറ്റിൽ സുരേഷ് റെയ്നയെത്തിയതോടെ ഇന്ത്യ ട്രാക്കിലായി. ഈ കൂട്ടുകെട്ട് ഇന്ത്യൻ ഇന്നിങ്സിലേക്ക് കൂട്ടിച്ചേർത്തത് 68 റൺസ്. 27 പന്തിൽ ഒന്നുവീതം ബൗണ്ടറിയും സിക്സും കണ്ടെത്തിയ റെയ്നയെ സ്കോർ 108ൽ റൂബൽ ഹുസൈൻ മടക്കിയെങ്കിലും തുടർന്നെത്തിയ മനീഷ് പാണ്ഡെ ധവാന് ഉറച്ച കൂട്ടാളിയായി. 28 റൺസായിരുന്നു റെയ്നയുടെ സമ്പാദ്യം. പാണ്ഡെയ്ക്കൊപ്പം 15 റൺസ് കൂട്ടിച്ചേർത്തപ്പോഴേക്കും ധവാൻ മടങ്ങിയെങ്കിലും ദിനേഷ് കാർത്തിക്കും പാണ്ഡെയും ചേർന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചു.

വരിഞ്ഞുമുറുക്കി ഇന്ത്യൻ ബോളർമാർ

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലദേശിന് നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 139 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. 30 പന്തിൽ മൂന്നു ബൗണ്ടറികളോടെ 34 റൺസെടുത്ത ലിട്ടൻ ദാസാണ് അവരുടെ ടോപ് സ്കോറർ. ഇന്ത്യയ്ക്കായി ജയ്ദേവ് ഉനദ്കട് നാല് ഓവറിൽ 38 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി.

ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത ക്യാപ്റ്റൻ രോഹിത് ശർമയുടെ തീരുമാനത്തെ സാധൂകരിക്കുന്ന പ്രകടനമാണ് ഇന്ത്യൻ ബോളർമാർ പുറത്തെടുത്തത്. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ കണ്ടെത്തിയ അവർ ബംഗ്ലദേശ് ബാറ്റ്സ്മാൻമാരെ ‘അനങ്ങാൻ’ അനുവദിച്ചില്ല. അതേസമയം, നാലു തവണ ‘കൈവിട്ടു’ സഹായിച്ച ഇന്ത്യൻ ഫീൽഡർമാരും ബംഗ്ലദേശിന്റെ ഇന്നിങ്സിൽ നിർണായക സംഭാവന നൽകി.

തമിം ഇക്ബാൽ (16 പന്തിൽ 15), സൗമ്യ സർക്കാർ (12 പന്തിൽ 14), മുഷ്ഫിഖുർ റഹിം (14 പന്തിൽ 18), മഹ്മൂദുല്ല (എട്ടു പന്തിൽ ഒന്ന്), സാബിർ റഹ്മാൻ (26 പന്തിൽ 30), മെഹ്ദി ഹസൻ (നാലു പന്തിൽ മൂന്ന്), റൂബൽ ഹുസൈൻ (0) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. ടസ്കിൻ അഹമ്മദ് എട്ടു റൺസോടെയും മുസ്താഫിസുർ റഹ്മാൻ ഒരു റണ്ണോടെയും പുറത്താകാതെ നിന്നു.

related stories