Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെ.സുധാകരൻ കാവിയുടുക്കുമോ?; കണ്ണൂർ രാഷ്ട്രീയം കലങ്ങിമറിയുന്നു

K. Sudhakaran

കണ്ണൂർ∙ കോൺഗ്രസ് നേതാവ് കെ.സുധാകരൻ ബിജെപിയിലേക്കു നീങ്ങുകയാണെന്ന സിപിഎമ്മിന്റെ ആരോപണത്തെച്ചൊല്ലി കലങ്ങി മറിയുകയാണു കണ്ണൂർ രാഷ്ട്രീയം. ബിജെപി അധ്യക്ഷൻ അമിത് ഷായുമായി സുധാകരൻ ചെന്നൈയിൽ കൂടിക്കാഴ്ച നടത്തിയെന്നു സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ ആരോപിച്ചതിനു പിന്നാലെ, തനിക്കു ബിജെപിയിലേക്കു ക്ഷണമുണ്ടായിരുന്നുവെന്നു സുധാകരൻ ടിവി ചാനലിൽ വെളിപ്പെടുത്തിയതോടെയാണു വിവാദത്തിനു കനംവച്ചത്.

അമിത് ഷാ ഉൾപ്പെടെയുള്ള ബിജെപി നേതാക്കളുമായി കൂടിക്കാഴ്ചയ്ക്കുള്ള ക്ഷണം താൻ കയ്യോടെ നിരസിച്ചുവെന്നും കോൺഗ്രസ് വിട്ടാൽ തനിക്കു മറ്റൊരു രാഷ്ട്രീയമില്ലെന്നും ചാനൽ അഭിമുഖത്തിൽ‌ സുധാകരൻ വ്യക്തമാക്കിയെങ്കിലും, അഭിമുഖത്തിൽ നിന്നുള്ള ചില വാചകങ്ങൾ സുധാകരന്റെ ബിജെപി പ്രവേശനത്തിന്റെ സൂചനയായി സിപിഎം കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. വ്യാഴാഴ്ച രാത്രിയാണു ചാനലിൽ സുധാകരന്റെ അഭിമുഖം വന്നത്.

‘ബിജെപിയുമായി യോജിച്ചു പോവാൻ സാധിക്കുമെന്ന് എനിക്കു തോന്നിയാൽ ഞാൻ പോകും. അതിൽ തർക്കമെന്താ? അത് ഞാൻ ആരെയും ബോധ്യപ്പെടുത്തേണ്ട കാര്യമൊന്നുമില്ല’ – എന്നീ വാചകങ്ങളാണ് ഇന്നു രാവിലെ തൊട്ടേ സിപിഎം ചാനൽ പ്രചരിപ്പിച്ചത്. സിപിഎം അനുകൂല വാട്സാപ് ഗ്രൂപ്പുകളിലും അതിന്റെ വിഡിയോ പ്രചരിച്ചതോടെ ഒരുവിഭാഗം കോൺഗ്രസ് പ്രവർത്തകരിൽ തന്നെ ആശയക്കുഴപ്പമുണ്ടായി. കോൺഗ്രസുകാരെ ബിജെപിയിൽ ചേർക്കാനുള്ള ഏജന്റ് ആയാണു സുധാകരൻ പ്രവർത്തിക്കുന്നതെന്നു സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ വൈകിട്ടു പത്രസമ്മേളനം നടത്തി ആരോപിച്ചതോടെ കെ.സുധാകരന്റെ ബിജെപി ബന്ധം വീണ്ടും ചർച്ചയായി.

തിരുവനന്തപുരത്ത് ഇന്നലെ ചേർന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം സുധാകരന്റെ ലൈൻ തള്ളിയെന്ന വാർത്തകളും അഭ്യൂഹങ്ങൾക്കു കനംപകർന്നു.  ബിജെപിയിൽ പോവാൻ മടിയില്ലെന്നു സത്യത്തിൽ കെ.സുധാകരൻ പറഞ്ഞിട്ടുണ്ടോ? തന്റെ വാക്കുകൾ സിപിഎം കേന്ദ്രങ്ങൾ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്തു വളച്ചൊടിച്ചതാണെന്നാണു സുധാകരന്റെ നിലപാട്. വിശദീകരണവുമായി അദ്ദേഹം നാളെ (ശനി) മാധ്യമങ്ങളെ കണ്ടേക്കും. മുസ് ലിം ചെറുപ്പക്കാർക്കെതിരെ സിപിഎം നടത്തുന്ന അക്രമങ്ങളിൽ നിന്നു ശ്രദ്ധ തിരിക്കാനാണു താൻ ബിജെപിയിലേക്കെന്നു വ്യാജ പ്രചാരണം നടത്തുന്നതെന്നു സുധാകരൻ പിന്നീടു ഡിസിസി നേതൃയോഗത്തിൽ പറഞ്ഞു. സിരകളിൽ രക്തമോടുന്ന കാലത്തോളം താൻ കോൺഗ്രസായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ബിജെപിയിലേക്കുള്ള ക്ഷണത്തെക്കുറിച്ച് അഭിമുഖത്തിൽ സുധാകരൻ പറഞ്ഞ വാചകങ്ങൾ ഇതാണ്:

‘എനിക്ക് എന്റേതായൊരു പൊളിറ്റിക്കൽ ഇന്റഗ്രിറ്റിയുണ്ട്. എനിക്കൊരു പൊളിറ്റിക്കൽ വിഷനുണ്ട്. ആ വിഷൻ ആത്യന്തികമായി കോൺഗ്രസിന്റേതാണ്. ബിജെപിയുടെ ചാർജുള്ള ചെന്നൈയിലെ രാജ.... അദ്ദേഹത്തിനു കാണാൻ താൽപര്യമുണ്ട്, പറ്റുമോ എന്നു ചോദിച്ചപ്പോ ഞാൻ പറഞ്ഞു, എനിക്കു താൽപര്യമില്ല. അതു കഴിഞ്ഞ്, അമിത് ഷായെ കാണാൻ താൽപര്യമുണ്ടോ എന്നു ചോദിച്ച് കണ്ണൂരിൽ തന്നെയുള്ള ഒരു ബിജെപി നേതാവ് എന്നെ ബന്ധപ്പെട്ടിരുന്നു. ഞാൻ പറഞ്ഞു എനിക്ക് അങ്ങനെ താൽപര്യമില്ല....  അല്ലാതെ ബിജെപിയുടെ ഉത്തരവാദിത്തപ്പെട്ട ഒരു നേതാവുമായും ഞാൻ ചർച്ച നടത്തിയിട്ടില്ല. അതു ശുദ്ധ അസംബന്ധമാണ്.

ഞാൻ ചോദിക്കട്ടെ, എനിക്കു ബിജെപിയിൽ പോണമെങ്കിൽ പി.ജയരാജന്റെയോ ഇ.പി.ജയരാജന്റെയോ സർട്ടിഫിക്കറ്റൊന്നും  വേണ്ടല്ലോ. ഐ കാൻ ‍ഡിസൈഡ്. എന്റെ പൊളിറ്റിക്കൽ ഫെയ്റ്റ് ഐ കാൻ ഡിസൈഡ്. ആരു ചോദിക്കാൻ പോകുന്നു, ആര് അന്വേഷിക്കാൻ പോകുന്നു? ആർക്കാ എതിർക്കാൻ പറ്റുക? ബിജെപിയുമായി യോജിച്ചു പോകാൻ സാധിക്കുമെന്ന് എനിക്കു തോന്നിയാൽ ഐ വിൽ ഗോ വിത് ബിജെപി. അതിൽ തർക്കമെന്താ? അത് ഞാൻ ആരെയും ബോധ്യപ്പെടുത്തേണ്ട കാര്യമൊന്നുമില്ല. അത് എന്റെ വിഷനാണ്. എന്റെ കാഴ്ചപ്പാടാണ്.

പക്ഷേ, എന്നെ സംബന്ധിച്ചിടത്തോളം ഞാനതു കാറ്റഗോറിക്കലായിട്ടു പറഞ്ഞു. ബിജെപിയിലേക്കു പോകുന്നതിനെക്കുറിച്ചു ചിന്തിക്കുക പോലും ചെയ്തിട്ടില്ല. എന്റെ പൊളിറ്റിക്കൽ അഫിലിയേഷൻ വിത് കോൺഗ്രസ്. എന്റെ പൊളിറ്റിക്കൽ പ്രിൻസിപ്പ്ൾ. ഇറ്റ് ഈസ് അഫിലിയേറ്റഡ് വിത് കോൺഗ്രസ്. അങ്ങനെ ഒരു തിങ്കിങ്ങിനപ്പുറത്ത് എനിക്ക് ഇല്ല. കോൺഗ്രസുമായി പ്രവർത്തന രംഗത്തു നിന്നു മാറി നിൽക്കുന്നുണ്ടെങ്കിൽ പൊളിറ്റിക്സ് നിർത്തുക എന്നതിനപ്പുറത്ത് ഒന്നുമില്ല..’. 

related stories