ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെ വെള്ളിയാഴ്ച രാത്രി ഒൻപതു മണിക്കു ശേഷം കാണാനില്ല?

മുഹമ്മദ് ഷമിയും ഭാര്യയും

ന്യൂഡൽഹി∙ ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഗാർഹിക പീഡനക്കുറ്റമാരോപിച്ച് കേസെടുത്തതിനു പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെ കാണാനില്ലെന്ന് റിപ്പോർട്ട്. സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ ഷമി എവിടെയാണെന്നതു സംബന്ധിച്ച് യാതൊരു വിവരവുമില്ല. താരത്തെ ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അതിനും സാധിക്കുന്നില്ല. വെള്ളിയാഴ്ച രാത്രി ഒൻപതു മണിക്കു ശേഷം ഷമിയെ ആരും കണ്ടിട്ടില്ല. ഡൽഹിയിലും ഗാസിയാബാദിലുമാണ് താരം അവസാനമായി ഉണ്ടായിരുന്നത്.

ഗാസിയാബാദിലേക്കു പോകുന്നതിനായി മൂത്ത സഹോദരനോടൊപ്പം ഷമി ഡൽഹി വിമാനത്താവളത്തിലെത്തിയിരുന്നു. ഭാര്യ ഹസിൻ ജഹാനുമായുള്ള പ്രശ്നങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഷമിയുടെ ബന്ധുക്കളിൽ ചിലർ കൊൽക്കത്തയിലേക്കു പോയിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി ഒൻപതു മണിയോടെ ബന്ധുക്കൾ ഷമിയെ വിളിച്ചപ്പോൾ ഗാസിയാബാദിൽ ഗതാഗതക്കുരുക്കിൽ പെട്ടിരിക്കുകയാണെന്നാണ് വിവരം ലഭിച്ചത്. മാധ്യമങ്ങളെ ഒഴിവാക്കാനും തന്റെ പക്കലുള്ള തെളിവുകൾവച്ച് കേസിന്റെ കാര്യങ്ങൾ നോക്കിക്കോളാമെന്നും ഷമി ബന്ധുക്കളോട് പറഞ്ഞിരുന്നു.

അതിനുശേഷം ഷമിയുടെയും സഹോദരന്റെയും ഫോണുകൾ സ്വിച്ച് ഓഫ് ആണ്. അതേസമയം ഭാര്യയുടെ പരാതിയിൽ ഷമിയുമായി ബന്ധപ്പെടാൻ കൊൽക്കത്ത പൊലീസ് ഇതുവരെ ശ്രമിച്ചിട്ടില്ല.

ഗാർഹിക പീഡനം, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് മുഹമ്മദ് ഷമിക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. വ്യാഴാഴ്ച ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ലാൽ ബസാർ പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. ഷമിക്കു മറ്റു സ്ത്രീകളുമായി അതിരുവിട്ട ബന്ധമുണ്ടെന്നും ഭാര്യ ഹസിൻ ജഹാൻ നൽകിയ പരാതിയിൽ ആരോപണമുണ്ട്.