Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലൈറ്റ് മെട്രോ: സര്‍ക്കാരിനെ കുരുക്കിലാക്കാൻ ആരും മെനക്കെടേണ്ടെന്ന് മന്ത്രി സുധാകരൻ

G-Sudhakaran-E-Sreedharan ജി.സുധാകരൻ, ഇ.ശ്രീധരൻ.

തിരുവനന്തപുരം∙ ലൈറ്റ് മെട്രോ വിഷയത്തില്‍ സര്‍ക്കാര്‍ അലംഭാവം കാട്ടിയതായി തെളിയിച്ചാല്‍ ചര്‍ച്ചയ്ക്കു തയാറെന്നു പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. പുതിയ മെട്രോ നയം വരുന്നതിനു മുൻപുതന്നെ കേന്ദ്രസര്‍ക്കാരിനു സംസ്ഥാനം കത്തയച്ചതാണ്. എന്നിട്ടും ഇ.ശ്രീധരന്‍ ഉള്‍പ്പടെ സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് സങ്കടകരമാണ്. സര്‍ക്കാരിനെ കുരുക്കില്‍ വീഴ്ത്താന്‍ ആരും മെനക്കെടേണ്ടെന്നും ജി.സുധാകരന്‍ ആലപ്പുഴയില്‍ ‘മനോരമ ന്യൂസി’നോട് പറഞ്ഞു

കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതികളിൽനിന്നു പിന്മാറിയ ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരനെതിരെ രൂക്ഷവിമർശനവുമായി മന്ത്രി ജി.സുധാകരൻ നേരത്തേ രംഗത്തെത്തിയിരുന്നു. കേരള സർക്കാർ കേന്ദ്രത്തിനു റിപ്പോർട്ട് അയയ്ക്കണമെന്നു പറയാൻ ശ്രീധരന് എന്ത് അധികാരമാണുള്ളതെന്നും നയപരമായ കാര്യങ്ങളിൽ മറ്റുള്ളവർ ഇടപെടുന്നത് എന്തിനാണെന്നും സുധാകരൻ ചോദിച്ചിരുന്നു. 

കേന്ദ്ര സർക്കാരിൽ സ്വാധീനമുണ്ടെന്നു പറയുന്നവർക്ക് ആദ്യ പദ്ധതിക്ക് അനുമതി വാങ്ങിത്തരാൻ കഴിഞ്ഞില്ല. സൽപ്പേരുവച്ചു സർക്കാരിനെതിരെ യുദ്ധം ചെയ്യാനാണു ശ്രമം. ഞങ്ങൾ ഡിഎംആർസിയെ ഏറ്റുമുട്ടാൻ ക്ഷണിച്ചിട്ടില്ല. പദ്ധതിയിൽ ഡിഎംആർസി ഇല്ലെങ്കിൽ എന്താണു പ്രശ്നം? ലോകത്തെല്ലാം മെട്രോ പണിയുന്നതു ഡിഎംആർസി അല്ല. കൊടുക്കാത്ത കരാർ ചോദിച്ചുവാങ്ങാൻ എന്താണധികാരമെന്നും സുധാകരൻ ചോദിച്ചു. 

ഡിഎംആർസി പിന്മാറിയാലും ലൈറ്റ് മെട്രോ പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കേന്ദ്ര സർക്കാരിന്റെ പുതിയ മെട്രോ നയമാണു പദ്ധതിയുടെ മുന്നിലുള്ള പ്രധാന തടസ്സം. സ്വകാര്യ പങ്കാളിത്തത്തോടെ മാത്രമേ പദ്ധതി നടപ്പാക്കാനാകൂ എന്നാണു കേന്ദ്ര സർക്കാരിന്റെ നിലപാട്. ഇടതുപക്ഷ സർക്കാരിന്റെ നയങ്ങൾക്കു വിരുദ്ധമാണിത്. ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾ വേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.

related stories