മുൻ ഇരട്ടച്ചാരന് നേരെയുണ്ടായ വധശ്രമത്തിൽ റഷ്യയ്ക്കു പങ്കുണ്ടെന്ന വാദത്തിലുറച്ച് ബ്രിട്ടൻ

സെർഗെയ് സ്ക്രീപൽ, യുലിയ

ലണ്ടൻ∙ ബ്രിട്ടൻ അഭയം കൊടുത്ത റഷ്യക്കാരനായ മുൻ ഇരട്ടച്ചാരൻ‌ സെർഗെയ് സ്ക്രീപലിനു നേരെയുണ്ടായ വധശ്രമത്തിൽ റഷ്യൻ ഭരണകൂടത്തിനു പങ്കുണ്ടെന്നു കരുതുന്നതായി ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ. ദേശീയ സുരക്ഷാസമിതിയുടെ അടിയന്തര യോഗത്തിലാണു പ്രസ്താവന. റഷ്യ വികസിപ്പിച്ചതിനു സമാനമായ രാസവസ്തുവാണ് സ്ക്രീപലിനു നേരേ പ്രയോഗിച്ചത്. റഷ്യ നേരിട്ടു നടത്തിയതാണോ രാജ്യത്തിന്റെ ശേഖരത്തിൽ നിന്നുള്ള രാസായുധം മറ്റുരീതിയിൽ പ്രയോഗിക്കപ്പെട്ടതാണോ എന്നു വ്യക്തമാക്കണമെന്ന് ലണ്ടനിലെ റഷ്യൻ സ്ഥാനപതിയോട് ആവശ്യപ്പെട്ടതായും തെരേസ മേ വ്യക്തമാക്കി. 

മാർച്ച് നാലിനു സംഭവിച്ചത്

വിഷരാസവസ്തു മൂലം ബോധം മറഞ്ഞനിലയിൽ സ്ക്രീപലി(66)നെയും മകൾ യുലിയ(33)യെയും സോൾസ്ബ്രിയിലെ മാൾട്ടിങ്സ് ഷോപ്പിങ് സെന്ററി‍ലെ ബെഞ്ചിൽ കണ്ടെത്തി. ഇപ്പോഴും ഗുരുതരമായി തുടരുന്നു. 

രാസവസ്തു റഷ്യയിൽനിന്ന്?

സ്ക്രീപലിനെയും മകളെയും ആക്രമിക്കാനുപയോഗിച്ച രാസവസ്തു റഷ്യയിൽനിന്നു വന്നതാണെന്നു വിദഗ്ധർ സ്ഥിരീകരിച്ചതായി ബ്രിട്ടിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംഭവ ദിവസം ഷോപ്പിങ് സെന്റർ സന്ദർശിച്ച അഞ്ഞൂറോളം പേർക്കു സുരക്ഷാ മുന്നറിയിപ്പു നൽകി. അന്നു ധരിച്ച വസ്ത്രവും ബാഗുമുൾപ്പെടെ കഴുകിവൃത്തിയാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 

വധഭീഷണി, ഫോണിൽ

സെർഗെയ് സ്ക്രീപലിനെ വിഷം കൊടുത്തു കൊല്ലുമെന്നു റഷ്യൻ രഹസ്യാന്വേഷണ ഏജൻസിയിൽനിന്നു സൂചന ലഭിച്ചിരുന്നതായി മുൻ റഷ്യൻ ചാരൻ ബോറിസ് കാർപിച്‌കോവ്. ആറു പേരുൾപ്പെടുന്ന ഹിറ്റ്ലിസ്റ്റിൽ താനും സ്ക്രീപലുമുണ്ടെന്നു മൂന്നാഴ്ച മുൻപു ഫോണിൽ ഭീഷണിപ്പെടുത്തിയെന്നാണു കാർപിച്കോവ് വെളിപ്പെടുത്തിയത്. 

വാദം, എതിർവാദം

ബ്രിട്ടൻ

വിഷരാസവസ്തു ഉപയോഗിച്ചു സ്ക്രീപലിനെ കൊലപ്പെടുത്താനുളള റഷ്യൻ ഗൂഢപദ്ധതി. റേഡിയോ ആക്ടിവ് രാസവസ്തുവായ പൊളോണിയം ചായയിൽ കലർത്തി അലക്സാണ്ടർ ലിത്വിനെങ്കോയെന്ന മുൻ ചാരനെ കൊലപ്പെടുത്തിയതുപോലെ സ്ക്രീപലിനെയും വകവരുത്താൻ ശ്രമിച്ചതാണ്. 

റഷ്യ

റഷ്യയെ കുടുക്കാനായി ബ്രിട്ടന്റെ തിരക്കഥയിൽ വിദഗ്ധമായി തയാറാക്കിയ കൊലപാതക പദ്ധതി.