മുഹമ്മ (ആലപ്പുഴ)∙ പതിവു നിരീക്ഷണപ്പറക്കലിനിടെ യന്ത്രത്തകരാറിനെത്തുടർന്നു നാവികസേനയുടെ വിമാനം വയലിൽ ഇറക്കി. മുഹമ്മ കെ.പി. മെമോറിയൽ സ്കൂളിനു സമീപം ശനിയാഴ്ച രാവിലെ പതിനൊന്നോടെയാണു സംഭവം. വടക്കേക്കരി പാടത്ത് സുരക്ഷിതമായി ഹെലികോപ്റ്റർ ഇറക്കാനായെന്നു നാവികസേന അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന ലഫ്.ബൽവിന്ദർ, ലഫ്. കിരൺ എന്നിവരും സുരക്ഷിതരാണ്.
സതേൺ നേവൽ കമാൻഡിന്റെ ചേതക് ഹെലികോപ്റ്ററാണ് പാടത്തിറക്കിയത്. നാവികസേനയുടെ കൊച്ചിയിലെ ഐഎൻഎസ് ഗരുഡ എയർ സ്റ്റേഷനിൽ നിന്ന് രാവിലെ ഒൻപതരയോടെയാണ് ഹെലികോപ്റ്റർ പറന്നുയർന്നത്. യാത്ര ഒന്നേകാൽ മണിക്കൂർ പിന്നിട്ടപ്പോഴാണ് ഓയിൽ പ്രഷർ കുറഞ്ഞതിന്റെ സൂചന കാണിച്ചത്. തുടർന്നു സുരക്ഷിതസ്ഥാനത്തിനു വേണ്ടിയുള്ള തിരച്ചിലിലാണ് വടക്കേക്കരി പാടം ശ്രദ്ധയിൽപ്പെട്ടതും ഹെലികോപ്റ്റർ നിലത്തിറക്കിയതും.
കൊച്ചിയിൽ നിന്ന് നാവികസേനയുടെ ടെക്നിക്കൽ സംഘം മുഹമ്മയിലെത്തിയിട്ടുണ്ട്. അറ്റകുറ്റപ്പണികൾക്കു ശേഷം മാത്രമേ ഹെലികോപ്റ്റർ തിരികെ കൊച്ചിയിലേക്കു കൊണ്ടുപോകാനാകുകയുള്ളൂ.