സച്ചിൻ #ഫുട്ബോളിനൊപ്പം; ക്രിക്കറ്റ് കളി കൊച്ചിയിൽ വേണ്ടെന്ന് താരം

സച്ചിൻ തെൻഡുൽക്കർ. (ഫയൽ ചിത്രം)

മുംബൈ∙ ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ക്രിക്കറ്റ് മത്സരം കൊച്ചിയിൽ നടത്തുന്നതിൽ ആശങ്ക പങ്കുവച്ചു ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ. തിരുവനന്തപുരത്തേക്കു ക്രിക്കറ്റ് മത്സരം മാറ്റണമെന്നു കേരള ക്രിക്കറ്റ് അസോസിയേഷനോട് (കെസിഎ) സച്ചിൻ അഭ്യർഥിച്ചു.

‘ഫിഫ അംഗീകരിച്ച ലോക നിലവാരത്തിലുള്ള പുൽത്തകിടിയാണു കൊച്ചിയിലേത്. ക്രിക്കറ്റും (തിരുവനന്തപുരം) ഫുട്ബോളും (കൊച്ചി) സഹവർത്തിത്വത്തോടെ നിലനിൽക്കുന്ന തരത്തിൽ ശരിയായ തീരുമാനമെടുക്കാൻ കെസിഎയ്ക്കു കഴിയണം. വിഷയത്തിൽ ഇടപെടാമെന്നു വിനോദ് റായി ഉറപ്പു തന്നിട്ടുണ്ട്. ക്രിക്കറ്റിന്റെയും ഫുട്ബോളിന്റെയും ആരാധകരെ നിരാശപ്പെടുത്തരുത്’– സച്ചിൻ ട്വിറ്ററിൽ കുറിച്ചു. കൊച്ചി സ്റ്റേഡിയത്തിന്റെ ചിത്രങ്ങൾ സഹിതം രണ്ട് ട്വീറ്റുകളിലൂടെയാണു സച്ചിൻ വിഷയത്തിൽ അഭിപ്രായം പ്രകടിപ്പിച്ചത്. കേരളപ്പിറവി ദിനമായ നവംബർ ഒന്നിനാണു ഏകദിന മത്സരം നിശ്ചയിച്ചിട്ടുള്ളത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടാണു കൊച്ചി ജവാഹർ ലാൽ നെഹ്റു സ്റ്റേഡിയം. ഈ സാഹചര്യത്തിലാണു ടീമിന്റെ സഹ ഉടമ കൂടിയായ സച്ചിന്റെ പ്രതികരണം. കലൂർ സ്റ്റേഡിയത്തിൽ ക്രിക്കറ്റ്  മൽസരം സംഘടിപ്പിക്കുന്നതിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളായ സി.കെ.വിനീതും ഇയാൻ ഹ്യൂമും കടുത്ത പ്രതിഷേധമുയര്‍ത്തിയിരുന്നു. മത്സരം കൊച്ചിയില്‍ നടത്തുന്നതിനെതിരെ എഴുത്തുകാരന്‍ എന്‍.എസ്.മാധവനാണ് ആദ്യം രംഗത്തെത്തിയത്. ഫിഫ അംഗീകാരമുള്ള ആറു സ്റ്റേഡിയങ്ങളിൽ ഒന്നാണു കൊച്ചി. ഏറെ പണം മുടക്കിയും കഷ്ടപ്പെട്ടുമാണു മനോഹരമായ പുൽത്തകിടി ഒരുക്കിയത്. ക്രിക്കറ്റ് മൽസരത്തിനുശേഷം മൈതാനും പഴയപടി ആക്കുമോയെന്നു വിനീത് ചോദിച്ചു.

തിരുവനന്തപുരത്തു സ്റ്റേഡിയമുള്ളപ്പോള്‍ കൊച്ചി എന്തിനു വേദിയാക്കണമെന്നായിരുന്നു ഇയാന്‍ ഹ്യൂമിന്റെ ചോദ്യം. ഒരു ക്രിക്കറ്റ് മല്‍സരത്തിനു വേണ്ടി നല്ലൊരു ഫുട്ബോള്‍ ടര്‍ഫ് നശിപ്പിക്കണമോ എന്നും ഹ്യൂം ചോദിച്ചു. വിവിധയിനം കായിക ഇനങ്ങൾ ഒരുമിച്ചാണു വളരേണ്ടത്. ഒന്നിന്റെ വളർച്ചയ്ക്കു മറ്റൊന്നിനെ നശിപ്പിക്കരുതെന്നു വീനിത് പറഞ്ഞു. ധാരാളം പണവും സമയവും ഫുട്ബോൾ മൈതാനം ഒരുക്കുന്നതിനു ചെലവഴിച്ചിട്ടുണ്ടെന്നും നിരവധി തൊഴിലാളികളുടെ പ്രയത്നം പാഴാക്കരുതെന്നും വീനിത് അഭിപ്രായപ്പെട്ടു.

വേദി തീരുമാനിക്കുന്ന കാര്യത്തിൽ കൂടുതൽ കൂടിയാലോചന വേണമെന്നാവശ്യപ്പെട്ടു കേരള ഫുട്ബോൾ അസോസിയേഷൻ (കെഎഫ്എ) പ്രസിഡന്റ് കെഎംഐ മേത്തർ രംഗത്തെത്തി. ക്രിക്കറ്റ് ഏകദിനത്തിനുശേഷം മൈതാനം സജ്ജമാക്കാന്‍ ഒരുമാസമെടുക്കും. ബ്ലാസ്റ്റേഴ്സിന്റെ ഹോം മാച്ചുകള്‍ വളരെ വൈകുമെന്നും മേത്തർ ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയം നേരത്തെ ഏകദിന മൽസരത്തിനായി പരിഗണിച്ചിരുന്നു. 

ഫുട്ബോള്‍ നടക്കുന്ന സമയത്തു തന്നെ കൊച്ചി സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് കളിക്കണമെന്ന വാശി തെറ്റാണെന്നു മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത് പറഞ്ഞു. സ്പോര്‍ട്സ് ആരാധകന്‍ എന്ന നിലയ്ക്കാണു തന്റെ അഭിപ്രായം. കൊച്ചിയില്‍ മത്സരം വെച്ചാല്‍ തീര്‍ച്ചയായിട്ടും കൂടുതല്‍ കാണികളെ ലഭിക്കും. കാര്യവട്ടം ഗ്രൗണ്ടിനെ കുറിച്ച്‌ എല്ലാ ക്രിക്കറ്റേഴ്സിനും കമന്റേഴിസിനും നല്ല അഭിപ്രായമാണുള്ളത്. 2017ല്‍ ഫിഫയുടെ അണ്ടര്‍–17 ലോകകപ്പ് ഫുട്ബോള്‍ ഉള്‍പ്പെടെ നടന്ന വേദിയാണു കലൂര്‍ സ്റ്റേഡിയം. ഏകദിനത്തിനു പറ്റിയ നല്ല വിക്കറ്റാണു കാര്യവട്ടത്തേതെന്നും ശ്രീശാന്ത് വ്യക്തമാക്കി.