Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൃദയം എപ്പോഴും ബ്ലാസ്റ്റേഴ്സിനൊപ്പം; ഓഹരികൾ കൈമാറിയെന്നു സച്ചിൻ

sachin-tendulkar കേരള ബ്ലാസ്റ്റേഴ്സ് ജഴ്സിയിൽ സച്ചിൻ തെൻഡുൽക്കർ (ഫയൽ ചിത്രം)

കൊച്ചി∙ കേരള ബ്ലാസ്റ്റേഴ്സിന്റെ ഓഹരികൾ കൈമാറിയെന്നു സ്ഥിരീകരിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ. തന്റെ കൈവശമുണ്ടായിരുന്ന 20% ഓഹരികളാണു കൈമാറിയതെന്നു സച്ചിൻ ‘മനോരമ ഓൺലൈനിനോട്’ പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് ജീവിതത്തിലെ അവിഭാജ്യ ഘടകമായിരുന്നു. തന്റെ ഹൃദയം എപ്പോഴും ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ടാകുമെന്നും സച്ചിൻ പറഞ്ഞു.

Read in English: It's confirmed: Tendulkar parts ways with Kerala Blasters...

2015ലാണു സച്ചിൻ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുന്നത്. സച്ചിനും പിവിപി ഗ്രൂപ്പും ചേർന്നാണ് ഓഹരി വാങ്ങിയത്. എന്നാൽ ഇക്കഴിഞ്ഞ മേയിലെ മൽസരത്തിനു മുന്നോടിയായി പിവിപി ഗ്രൂപ്പ് ഓഹരികൾ വിറ്റഴിച്ചിരുന്നു.

‘മനോരമ ഓൺലൈനിനോട്’ സച്ചിൻ സംസാരിച്ചതിന്റെ പൂർണരൂപം:

നാലു വർഷമായി കേരള ബ്ലാസ്റ്റേഴ്സ് എന്റെ ജീവിതത്തിലെ അവിഭാജ്യ ഘടകമായിരുന്നു. ഈ കാലയളവിൽ ബ്ലാസ്റ്റേഴ്സിന്റെ ആയിരക്കണക്കിനു ആരാധകർ കടന്നുപോയ വികാരത്തിനൊപ്പം ഞാനും സഞ്ചരിച്ചിട്ടുണ്ട്. ഫുട്ബോളിനോടുള്ള അഭിനിവേശം വളർത്തുകയും കേളത്തിലെ കായികപ്രേമികൾക്കും പ്രതിഭകൾക്കും ദേശീയതലത്തിൽ അവസരം ഒരുക്കുകയെന്ന ഉദ്ദേശ്യത്തോടെയുമായിരുന്നു ബ്ലാസ്റ്റേഴ്സുമായുള്ള പങ്കാളിത്തം. ആ ഉദ്യമം വളരെയധികം ഉത്സാഹം തരുന്നതും എന്നും മനസ്സിൽ സൂക്ഷിക്കാൻ സാധിക്കുന്നതുമാണ്.

ഐഎസ്എല്ലിന്റെ അഞ്ചാം സീസണിൽ അടുത്ത അഞ്ചോ അതിൽ കൂടുതലോ വർഷത്തേക്കുള്ള ടീമിനെ കെട്ടിപ്പടുക്കേണ്ടത് അത്യാവശ്യമാണ്. അതിൽ എന്റെ പങ്കും അലോചിക്കേണ്ട സമയമായി. അതുകൊണ്ടു തന്നെ ടീമംഗങ്ങളുമായുള്ള ദീർഘനാളത്തെ ചർച്ചകൾക്കുശേഷം ബ്ലാസ്റ്റേഴ്സിന്റെ സഹഉടമ സ്ഥാനം ഒഴിയാൻ ഞാൻ തീരുമാനിച്ചു. ആരാധകരുടെ നിരുപാധികമായ പിന്തുണയോടെ മുന്നോട്ടുള്ള പാതയിൽ കൂടുതൽ വിജയങ്ങൾ നേടാൻ ബ്ലാസ്റ്റേഴ്സിനു സാധിക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്നു. ബ്ലാസ്റ്റേഴ്സിനെ കുറിച്ചു ഞാൻ അഭിമാനം കൊള്ളുന്നു. എന്റെ ഹൃദയത്തിന്റെ ഒരു ഭാഗം എപ്പോഴും ബ്ലാസ്റ്റേഴ്സിനു വേണ്ടി തുടിക്കും.