പാലക്കാട്∙ മുണ്ടൂരിനു സമീപത്തെ കാട്ടിൽനിന്നിറങ്ങിയ രണ്ടു കൊമ്പന്മാർ ജനവാസകേന്ദ്രത്തിലൂടെ യാത്രചെയ്തു ഭാരതപ്പുഴയുടെ ഒറ്റപ്പാലം മീറ്റ്ന ഭാഗത്തെത്തി. വനം, അഗ്നിശമന സേന, റവന്യൂ അധികൃതർ പിന്നാലെയുണ്ടെങ്കിലും പുഴയുടെ നടുവിലുള്ള തുരുത്തിൽ രാവിലെ മുതൽ നിലയുറപ്പിച്ചിരിക്കുകയാണ് ആനകൾ.

രണ്ടുദിവസമായി പൂതനൂർ, മുച്ചീരി, കല്ലൂർ പ്രദേശങ്ങളിലൂടെ യാത്രചെയ്ത ആനകൾ ചില വീടുകൾക്കു കേടുപാടു വരുത്തിയിരുന്നു. സംസ്ഥാന പാതയും ഭാരതപ്പുഴയും കടന്നാണു മീറ്റ്നയ്ക്കു സമീപമെത്തിയത്. നിൽക്കുന്ന സ്ഥലത്തു പച്ചപ്പുല്ലും വെള്ളവും ലഭിക്കുന്നുണ്ട്. കഴിഞ്ഞവർഷം സെപ്റ്റംബറിൽ മലമ്പുഴ ധോണിയിൽനിന്നിറങ്ങിയ കാട്ടാനകൂട്ടം സഞ്ചരിച്ച വഴിയിലൂടെയാണ് ഈ കൊമ്പന്മാരും നീങ്ങുന്നതെന്നു വനംവകുപ്പ് അറിയിച്ചു.
ആ സംഘത്തിലെ വലിയ കൊമ്പനാണു രണ്ടിൽ ഒരണ്ണമെന്നു കരുതുന്നു. രണ്ടുമാസം മുൻപ് ഇറങ്ങിയ ആനകളിൽനിന്നു വ്യത്യസ്തമായി കൊമ്പന്മാർ നേരിയ അക്രമസ്വഭാവം കാണിക്കുന്നതായി വനം ഉദ്യോഗസ്ഥർ പറഞ്ഞു.