ബെയ്ജിങ്∙ ദോക് ലാ വിഷയത്തിൽ അവകാശവാദവുമായി ചൈന വീണ്ടും രംഗത്തെത്തി. മേഖലയിലെ നിലവിലെ സാഹചര്യം മാറ്റിയതു ചൈനയാണെന്നും അതിനോടുള്ള പ്രതികരണമാണ് ഇന്ത്യ നടത്തിയതെന്നും ചൈനയിലേക്കുള്ള ഇന്ത്യൻ അംബാസഡർ ഗൗതം ബംബാവാലയുടെ പ്രസ്താവന വന്നതിനു പിന്നാലെയാണു മേഖല ചൈനയുടേതാണെന്നു ബെയ്ജിങ് ഒരിക്കൽക്കൂടി വ്യക്തമാക്കിയത്.
ദോക് ലായിൽ ചൈനയുടെ പ്രവർത്തനങ്ങൾ പരമാധികാര അവകാശത്തിനു കീഴിലാണെന്നാണു വിദേശകാര്യ വക്താവ് ഹുവ യുന്യിങ് പറഞ്ഞത്. ചരിത്രപരമായ കാര്യങ്ങളാൽ ദോക് ലാ (ചൈന ഉപയോഗിച്ചത് ഡോങ്‌ലോങ്) ചൈനയുടേതാണ്. ‘നിലവിലെ സാഹചര്യമെന്ന’ കാര്യം അവിടെയില്ലെന്നും ബംബാവാലയുടെ നിലപാടിനു പ്രതികരണമായി ഹുവ വ്യക്തമാക്കി.
കഴിഞ്ഞ ജൂണിൽ ഇന്ത്യ – ചൈന സൈന്യം 150 മീറ്റർ അകലത്തിൽ മുഖാമുഖം നിന്നിരുന്നു. 72 ദിവസത്തിനുശേഷമാണ് ഇരു സൈന്യങ്ങളും മേഖലയിൽനിന്നു മാറിയത്. ഇക്കാര്യം വാർത്താസമ്മേളനത്തിൽ പരാമർശിച്ച ഹുവ, ഇന്ത്യ ഇതിൽനിന്നു പാഠം പഠിച്ചതായി പ്രതീക്ഷിക്കുന്നതായും ചരിത്രപരമായ ധാരണകൾക്ക് അനുസൃതമായി നിൽക്കണമെന്നും വ്യക്തമാക്കി. ഉഭയകക്ഷി ബന്ധം വർധിപ്പിക്കാൻ ചൈനയുമൊത്തു പ്രവർത്തിക്കണമെങ്കിൽ അതിർത്തിമേഖലയിലെ അന്തരീക്ഷം അനുകൂലമാകണമെന്നും അവർ പറഞ്ഞു. മാത്രമല്ല, ദോക് ലാ വിഷയം രമ്യമായി പരിഹരിക്കാൻ ഞങ്ങളുടെ പ്രവർത്തനങ്ങളും കാഴ്ചപ്പാടും ഉപകരിച്ചതിനായി നന്ദിയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ഇന്ത്യ, ചൈന, ഭൂട്ടാൻ രാജ്യങ്ങളുടെ ഇടയ്ക്കു കിടക്കുന്ന തന്ത്രപ്രധാന മേഖലയാണു ദോക് ലാ. പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ കീഴിലുള്ള ചൈന മേഖലയിൽ ശക്തമായ സാന്നിധ്യമാകാൻ ഒരുങ്ങുകയാണ്. അതിന്റെ ഭാഗമായി ചൈന – പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴിയും വൺ ബെൽറ്റ് വൺ റോഡ് പദ്ധതിയും നടപ്പാക്കുകയാണ്. ഈ പശ്ചാത്തലത്തിൽക്കൂടിയാണ് ദോക് ലായിൽ അവകാശവാദമുന്നയിച്ചു ചൈന രംഗത്തെത്തുന്നത്.