ദിവസം: മാർച്ച് 23
സ്ഥലം: ന്യൂഡൽഹി ദീൻ ദയാൽ ഉപാധ്യായ മാർഗിലെ ബിജെപിയുടെ പുതിയ ആസ്ഥാന മന്ദിരം
പരിപാടി: പാർട്ടി എംപിമാരുടെ അത്താഴവിരുന്ന്
ചർച്ചാവിഷയം: 2019 ലെ പൊതുതിരഞ്ഞെടുപ്പ്.
ബിജെപി എംപിമാർക്കു മുന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയ അധ്യക്ഷൻ അമിത് ഷായും ഒരു ‘ടാർഗറ്റ്’ വച്ചു. എല്ലാ എംപിമാർക്കും ഫെയ്സ്ബുക്കിൽ പേജ് വേണം. ചുരുങ്ങിയതു മൂന്നു ലക്ഷം ‘ശുദ്ധ’ ലൈക്ക് വേണം. ഈ ലക്ഷ്യം നേടിയാൽ എംപിമാരുടെ മണ്ഡലത്തിലെ പ്രവർത്തകരെ മോദി വിഡിയോ കോളിൽ അഭിസംബോധന ചെയ്യും. സമീപദിവസങ്ങളിലെ ‘ഡേറ്റാ വിവാദങ്ങൾ’ ഗൗനിക്കേണ്ടെന്നും ഫെയ്സ്ബുക്കിൽ സജീവമാകണമെന്നുമുള്ള തീരുമാനമെടുത്ത ഈ യോഗത്തെക്കുറിച്ച് ‘ഹിന്ദുസ്ഥാൻ ടൈംസ്’ ആണ് റിപ്പോർട്ട് ചെയ്തത്.
രാജ്യത്തെ ഭരണകക്ഷി വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് അരങ്ങൊരുക്കുന്നതു സമൂഹമാധ്യമത്തിലാണെന്നു ചുരുക്കം. മാർക്കറ്റിങ് കമ്പനികളിൽനിന്നു ലൈക്ക് ‘വാങ്ങിക്കരുത്’ എന്നു പ്രത്യേക നിർദേശമുണ്ട്. ശരിയായ ലൈക്കിലേ ഉദ്ദേശിച്ച കാര്യം നടക്കൂവെന്നു ബിജെപിക്കറിയാം. 43 പാർട്ടി എംപിമാർക്ക് എഫ്ബി പേജില്ല. പേജുള്ള 77 പേരുടേതാകട്ടെ ‘വെരിഫൈഡും’ അല്ല. സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ എല്ലാവരിലുമെത്തണം. പ്രതിപക്ഷത്തിന്റെ ‘വ്യാജ പ്രചാരണങ്ങളെ’ തകർക്കണം. ഇതിനുതകുന്നതു സമൂഹമാധ്യമങ്ങൾ ആണെന്ന് അത്താഴവിരുന്നിനിടെ എംപിമാരോടു മോദി പറഞ്ഞു.
2014 ൽ ബിജെപിക്ക് 281 എംപിമാരെയാണു കിട്ടിയത്. 2019 ൽ ബിജെപി 300 സീറ്റ് നേടണമെന്നാണു ഷായുടെ നിർദേശം. ഇതിനുള്ള ഒരുക്കങ്ങളാണു നടക്കുന്നത്. 2014 നു ശേഷം 23 ലോക്സഭാ മണ്ഡലങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ നാലു സീറ്റിൽ മാത്രമാണു ബിജെപി ജയിച്ചത്. ഉപതിരഞ്ഞെടുപ്പു നടന്ന 23 ൽ പത്തെണ്ണവും ബിജെപിയുടെ സിറ്റിങ് സീറ്റായിരുന്നു. ഇതിൽ ആറെണ്ണത്തിലും തോറ്റു. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പുകളിലെല്ലാം ബിജെപി വെന്നിക്കൊടി നാട്ടി. ചെറിയ തോൽവികളിൽ ഇടറേണ്ടെന്നും വലിയ വിജയത്തിനായി ഒരുങ്ങാനും നിർദേശിക്കുന്ന ബിജെപിയുടെ ‘മാന്ത്രികവടി’ എന്താണ്? പുതുലോകത്തെ വോട്ടിങ് രീതികളും ട്രെൻഡുകളും അറിഞ്ഞാൽ ബിജെപിയുടെ മാജിക് എളുപ്പം മനസ്സിലാകും.
∙ വോട്ടർമാർ കൂടി, ലോകത്തെ തിരഞ്ഞെടുപ്പുകളും
ലോകത്തെ ജനാധിപത്യ സംവിധാനങ്ങളെക്കുറിച്ചു ഗവേഷണം നടത്തുന്ന സ്വീഡനിലെ സ്ഥാപനമാണ് ഇന്റർനാഷനൽ ഐഡിയ (ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡെമോക്രസി ആൻഡ് ഇലക്ടറൽ അസിസ്റ്റൻസ്). ഇവരുടെ പഠനമനുസരിച്ച്, ലോകത്ത് 1990 ന് ശേഷം ജനാധിപത്യ പ്രക്രിയ സജീവമാണ്. ശീതയുദ്ധത്തിന്റെ അന്ത്യത്തോടെ സോവിയറ്റ് രാജ്യങ്ങളും പുതിയ പാർട്ടികളുടെ ആവിർഭാവത്തോടെ ആഫ്രിക്കൻ രാജ്യങ്ങളും തിരഞ്ഞെടുപ്പിൽ ഏർപ്പെട്ടതാണു മാറ്റത്തിന്റെ പ്രധാന കാരണം. ജനസംഖ്യാ വർധനയുടെ കൂടി പ്രതിഫലനമായി വോട്ടർമാരുടെ എണ്ണവും ഇരട്ടിച്ചു.
1971-80 കാലഘട്ടത്തിൽ 94 രാജ്യങ്ങളിൽ മാത്രമായിരുന്നു തിരഞ്ഞെടുപ്പ്. 2001–10 കാലമായപ്പോൾ 194 രാജ്യങ്ങളിലേക്കു തിരഞ്ഞെടുപ്പിന്റെ അലയൊലികളെത്തി. എന്നാൽ അപ്പോഴും ഏകദേശം 230 ദശലക്ഷത്തിലധികം പേർ വോട്ടർപട്ടികയിൽ ഉൾപ്പെട്ടിരുന്നില്ല. ബ്രൂണെയ് ദാറുസലാം, ചൈന, എറിട്രിയ, സൗദി അറേബ്യ, വത്തിക്കാൻ സിറ്റി തുടങ്ങിയവ മാത്രമാണു ദേശീയ തിരഞ്ഞെടുപ്പ് ഇല്ലാത്ത രാജ്യങ്ങൾ. ഏകാധിപത്യത്തിലായ ഉത്തര കൊറിയയിലെ വിവരങ്ങളും ലഭ്യമല്ല.
തിരഞ്ഞെടുപ്പു നടക്കുന്ന രാജ്യങ്ങളുടെയും വോട്ടർമാരുടെയും എണ്ണം പെരുകുന്നതിനൊപ്പം വോട്ടു ചെയ്യുന്നവർ കുറഞ്ഞെന്നത് വിരോധാഭാസമായി തോന്നാം. 1940 നും 1980 നും ഇടയിൽ ആഗോള വോട്ടുവിഹിതം 78–76 ശതമാനമായിരുന്നു. തൊണ്ണൂറുകളിൽ 70 ശതമാനത്തിലേക്കും 2011–15 കാലയളവിൽ 66 ശതമാനത്തിലേക്കും കൂപ്പുകുത്തി. യൂറോപ്പിലായിരുന്നു ഈ പ്രവണത കൂടുതൽ. സ്വാതന്ത്ര്യമുള്ള രാജ്യങ്ങളിലും അല്ലാത്തിടത്തും ഒരുപോലെ വോട്ടിങ് പ്രവണത കുറഞ്ഞു. 1945 നും 2015 നും ഇടയിൽ ലോകത്ത് 1833 പൊതുതിരഞ്ഞെടുപ്പുകളാണു നടന്നത്.
196 രാജ്യങ്ങളിലെ 2015 വരെയുള്ള വോട്ടുകണക്കു നോക്കാം. നിർബന്ധിത വോട്ടിങ്ങുള്ള 26 രാജ്യങ്ങളിൽ 12 എണ്ണത്തിൽ 81 ശതമാനമാണു പോളിങ്. ഈജിപ്തും ഗാബണുമാണ് പട്ടികയിൽ പിന്നിൽ. ശരാശരി കണക്കാക്കിയാൽ, എൺപതോ അതിനു മുകളിലോ പോളിങ് നടന്ന രാജ്യങ്ങൾ 20 ശതമാനം മാത്രം. 60–79 ശതമാനം പോളിങ് ഉള്ളത് 46 ശതമാനം രാജ്യങ്ങളിൽ. 40–59 ശതമാനം പോളിങ് 30 ശതമാനം രാജ്യങ്ങളിൽ. 39 ശതമാനത്തിൽ കുറവ് പോളിങ് നാലു ശതമാനം രാജ്യങ്ങളിൽ.
വോട്ടുവിഹിതത്തിൽ ആൺ–പെൺ വ്യത്യാസം 1–3 ശതമാനം വരെ. മധ്യപൂർവേഷ്യ, ദക്ഷിണാഫ്രിക്ക, ഏഷ്യ മേഖലകളിലാണു സ്ത്രീ പ്രാതിനിധ്യം താരതമ്യേന കുറവ്. ബെലാറസ്, ന്യൂസിലാൻഡ്, റഷ്യ, ട്രിനിഡാഡ് ആൻഡ് ടൊബാഗോ തുടങ്ങിയ 21 രാജ്യങ്ങളിൽ സ്ത്രീ വോട്ടർമാർ സജീവമാണ്. വേൾഡ് വാല്യു സർവേ റിപ്പോർട്ടനുസരിച്ച്, പ്രായം പോളിങ്ങിലെ പ്രധാന ഘടകമാണ്. 26 നും അതിനു മുകളിലുമുള്ളവരുമാണ് വോട്ടിങ്ങിൽ മുന്നിൽ– 63 ശതമാനം.
2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ‘നോട്ട’യ്ക്ക് (നൺ ഓഫ് ദി എബൗ – നിഷേധ വോട്ട്) രേഖപ്പെടുത്തിയ എണ്ണം ഇതോടൊപ്പം ചേർത്തു വായിക്കാം. ഏതാണ്ട് 60 ലക്ഷം വോട്ടാണ് അരങ്ങേറിയ ആദ്യ തിരഞ്ഞെടുപ്പിൽ ‘നോട്ട’ സ്വന്തമാക്കിയത്. ജെഡിയു, സിപിഐ, ജെഡിഎസ് തുടങ്ങിയ 21 പാർട്ടികൾക്ക് ആകെ കിട്ടിയ വോട്ടുകളേക്കാൾ അധികമാണു ‘നോട്ട’ നേടിയത്. തിരഞ്ഞെടുപ്പിൽ താത്പര്യമുള്ള, നിലവിലെ രാഷ്ട്രീയ പാർട്ടികളെ ഇഷ്ടമില്ലാത്ത വലിയൊരു കൂട്ടം ഉടലെടുക്കുന്നതിന്റെ മുന്നറിയിപ്പു കൂടിയാണു ‘നോട്ട’.
∙ ‘ഡേറ്റ’, തിരഞ്ഞെടുപ്പിലെ മാന്ത്രികഎണ്ണ
വോട്ടവകാശമുള്ള ഭൂരിഭാഗം ജനങ്ങളിലും രാഷ്ട്രീയ താത്പര്യം കുറഞ്ഞു വരികയാണെന്നതു സ്പഷ്ടം – ലോകത്തായാലും ഇന്ത്യയിലായാലും. ഇന്ത്യ പോലെ വിവിധ ജനവിഭാഗങ്ങൾ ഇടകലർന്നു ജീവിക്കുന്ന നാട്ടിൽ പരമ്പരാഗത രീതിയിൽ മാത്രം ജയിക്കാനാവില്ല. കൃത്യമായ ഡേറ്റയ്ക്കു അതായത് വിവരസമ്പാദനത്തിനു ഏറെ പ്രധാന്യമുണ്ട്.
പാർട്ടികൾക്കു ഒരു തിരഞ്ഞെടുപ്പു ജയിക്കാൻ 30 ശതമാനം വോട്ടു മതിയെന്നാണു വിദഗ്ധരുടെ നിരീക്ഷണം. മോദി തരംഗം ആഞ്ഞടിച്ച, രാജ്യത്തെ ഇളക്കി മറിച്ച 2014 ൽ പോലും ബിജെപിക്കു ലഭിച്ചത് 31 ശതമാനം വോട്ട് (281 സീറ്റ്). യുഎസിൽ ഡെമോക്രാറ്റ് സ്ഥാനാർഥി ഹിലറി ക്ലിന്റനെതിരെ (48 %) റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ് നേടിയത് 47 ശതമാനം വോട്ട്. പക്ഷെ ഇലക്ടറൽ കോളജുകളുടെ എണ്ണത്തിൽ (232– 306) ട്രംപിനായിരുന്നു വിജയം.
ഡിഎ പഠിച്ചാൽ കമ്പനികൾ കൊത്തിക്കൊണ്ടു പോകും
കാടടച്ചു വെടിവച്ചിട്ടു കാര്യമില്ലെന്നും ‘ടാർഗറ്റ് വോട്ടർമാരെ’ കണ്ടുപിടിച്ചു പരിപാലിച്ചാൽ മതിയെന്നും ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾ തിരിച്ചറിഞ്ഞിരിക്കുന്നു. ഡിജിറ്റൽ ഇന്ത്യയിലേക്കു വളരുമ്പോഴും വൈദ്യുതിയും ഇന്റർനെറ്റും കിട്ടാക്കനിയായവരുടെ നാടാണിത്. ഇവിടെയും ഡേറ്റയ്ക്കു വിലയുണ്ട്. ചെറിയ തുകയ്ക്ക്, ബജറ്റ് ഫോണുകളിൽ പോലും ഇന്റർനെറ്റ് ലഭിക്കുന്ന കാലത്ത് പ്രത്യേകിച്ചും.
ആധുനിക കാലത്തെ എണ്ണയാണു ഡേറ്റ. വ്യക്തികളുടെ വിവരങ്ങളാണു ഫെയ്സ്ബുക്, ഗൂഗിൾ തുടങ്ങിയ ആഗോള കമ്പനികളുടെ മൂലധനം. അതിസൂക്ഷ്മമായി നിരീക്ഷിച്ച്, നിർമിത ബുദ്ധിയും റോബട്ടിക്സും എല്ലാം ചേർന്ന സങ്കീർണ അൽഗോരിതത്തിന്റെ ചൂണ്ടയിൽ ഉപയോക്താവിനെ കൊത്തിയെടുക്കുന്ന കൗശലമാണു പ്രത്യേകത. വേൾഡോമീറ്ററിന്റെ അനൗദ്യോഗിക കണക്കനുസരിച്ച് 2018 മാർച്ച് വരെ ഇന്ത്യയിലെ ജനസംഖ്യ 135 കോടി. തിരഞ്ഞെടുപ്പു കമ്മിഷന്റെ കണക്കനുസരിച്ച് 2014 ലെ സമ്മതിദായകർ 834 ദശലക്ഷം. ഇവരിൽ വോട്ടു രേഖപ്പെടുത്തിയത് 554.1 ദശലക്ഷം മാത്രം.
അതായത്, വോട്ടവകാശമുള്ളവരെല്ലാം വോട്ട് ചെയ്യുന്നില്ല. ഈ സാഹചര്യത്തിൽ ജയിക്കാനാവശ്യമായ ‘മാന്ത്രികസംഖ്യ’യായ 30 ശതമാനം വോട്ട് നേടുക ഡേറ്റാ കാലത്ത് പ്രയാസമല്ല. പാർട്ടി പ്രവർത്തകരെയും അനുഭാവികളെയും മാറ്റിയാൽ, രാഷ്ട്രീയ കക്ഷികളിലൊന്നും പ്രവർത്തിക്കാത്ത നിഷ്പക്ഷർ ഉൾപ്പെടുന്ന 10 ശതമാനം ജനങ്ങളെ കയ്യിലെടുക്കാനുള്ള തന്ത്രമാണ് പാർട്ടികളുടെ ഐടി സെല്ലുകളിൽ ഒരുങ്ങുന്നത്. പ്രധാനമായും ബിജെപിയും കോൺഗ്രസുമാണ് ഐടി വാർ റൂമുകൾ തയാറാക്കിയിട്ടുള്ളത്.
ചെറുപ്പക്കാരുൾപ്പെടുന്ന 10 ശതമാനത്തിന്റെ മനസ്സു വായിക്കാനുള്ള ‘സൈക്കോഗ്രാഫിക്’ പ്രൊഫൈൽ വിവരങ്ങളാണ്, ഉപയോക്താവ് അറിയാതെ ഫെയ്സ്ബുക് ഉൾപ്പെടെയുള്ളവ ചോർത്തി നൽകുന്നത്. ഇവ അപഗ്രഥനം ചെയ്ത്, തികച്ചും വ്യക്താധിഷ്ഠിത രാഷ്ട്രീയ സന്ദേശങ്ങൾ, പരസ്യങ്ങൾ, സത്യവും വ്യാജവുമായ വാർത്തകൾ തുടങ്ങിയവ അയച്ചാണു ഡേറ്റാ അനലിറ്റിക്സ് കമ്പനികൾ പാർട്ടികൾക്കു വേണ്ടി ‘സൈബർ അണികളെ’ സൃഷ്ടിക്കുന്നത്.
∙ മോദിയെ അഭിനന്ദിച്ച സക്കർബർഗ്
2017 ൽ ഇന്ത്യ സന്ദർശനവേളയിൽ ഫെയ്സ്ബുക് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ (സിഇഒ) മാർക് സക്കർബർഗ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം വാഴ്ത്തി. ഇന്ത്യയിലും യൂറോപ്പിലും അമേരിക്കയിലുമെല്ലാം അടുത്തിടെ നടന്ന തിരഞ്ഞെടുപ്പുകളില്‍ സമൂഹമാധ്യമങ്ങളിൽ തന്ത്രപരമായി ഇടപെട്ടവര്‍ക്കൊപ്പമാണു വിജയമെന്നു സ്വയംപുകഴ്ത്താനും അദ്ദേഹം മറന്നില്ല. എന്നാൽ, സമൂഹമാധ്യമത്തിലെ ആ ‘ഇടപെടൽ’ ഇത്ര മോശപ്പെട്ട രീതിയിലായിരുന്നെന്നു ലോകം ഇപ്പോഴാണു മനസ്സിലാക്കിയത്.
സ്മാർട്ഫോണിൽ ഫെയ്സ്ബുക് ഉപയോഗിച്ചു തുടങ്ങിയ കാലം മുതൽ നമ്മൾ ആരെയൊക്കെ വിളിച്ചു, ആർക്കൊക്കെ എത്ര എസ്എംഎസ്, എപ്പോഴൊക്കെ അയച്ചു, എത്രനേരം സംസാരിച്ചു തുടങ്ങിയ വിവരങ്ങളെല്ലാം കമ്പനിയുടെ കയ്യിൽ ഭദ്രം. കോൺടാക്റ്റ് ലിസ്റ്റും കോൾ ഹിസ്റ്ററിയും അവരുടെ പക്കലുണ്ട്. ഫെയ്സ്ബുക്കിൽനിന്ന് അഞ്ചു കോടി അമേരിക്കക്കാരുടെ വിവരം ചോർത്തിയ കേംബ്രിജ് അനലിറ്റിക്ക (സിഎ) എന്ന ഡേറ്റ അനലിറ്റിക്സ് കമ്പനിയുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കു ബന്ധമുണ്ടെന്നായിരുന്നു ബിജെപി ആരോപണം.
എന്നാൽ സിഎയുടെ ഇന്ത്യൻ പങ്കാളി ഒവ്‍ലിനോ ബിസിനസ് ഇന്റലിജന്റ്സ് കമ്പനിയുടെ ഉപയോക്താക്കളിൽ ഒന്നു ബിജെപിയാണെന്നു ചൂണ്ടിക്കാട്ടി കോൺഗ്രസ് തിരിച്ചടിച്ചു. 2014 ലെ പൊതുതിരഞ്ഞെടുപ്പിലും ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപി, ജെഡിയു കക്ഷികൾ കേംബ്രിജ് അനലിറ്റിക്ക ഉപയോഗിച്ചെന്ന വിവരവും പുറത്തുവന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘നമോ ആപ്പ്’, കോൺഗ്രസിന്റെ വെബ്സൈറ്റ് എന്നിവയെല്ലാം വ്യക്തിവിവരങ്ങൾ ചോർത്തി വിദേശത്തേക്കു കടത്തുന്നതായി പാർട്ടികൾ പരസ്പരം ആരോപിച്ചു. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ കേരളത്തിലെ പാർട്ടികളുടെ ആപ്പുകൾ ഡൗൺലോഡ് ചെയ്യണമെങ്കിൽ പോലും നിരവധി വ്യക്തിവിവരങ്ങൾ നൽകേണ്ടതുണ്ട്.
കോണ്‍ടാക്‌ട് ലിസ്റ്റ്‍, ലൊക്കേഷന്‍, ഐഡന്റിറ്റി, എസ്‌എംഎസ്, ഫോണ്‍ കോളുകള്‍, ഫോട്ടോസ്/ മീഡിയ ഫയലുകള്‍, വൈഫൈ കണക്‌ഷന്‍ വിവരങ്ങള്‍, ഫോണിലെ മറ്റ് വിവരങ്ങള്‍ ഇവയൊക്കെ പരിശോധിക്കാനുള്ള അവകാശമാണു ഏറിയോ കുറഞ്ഞോ സിപിഐഎം കേരള, ബിജെപി കേരള, കേരള പിസിസി എന്നീ ആപ്പുകൾ ആവശ്യപ്പെടുന്നത്. പാർട്ടികൾ ഏതായാലും പുതിയ കാലത്ത് വോട്ടർമാർക്കൊപ്പമോ മുകളിലോ ആണ് ഡേറ്റയ്ക്കു സ്ഥാനം. ഡേറ്റ വിട്ടൊരു കളിക്ക് ഇന്ത്യൻ ജനാധിപത്യം മെരുങ്ങാനും സാധ്യത കുറവ്, കുറഞ്ഞപക്ഷം സമൂഹമാധ്യമങ്ങൾ നമുക്കൊപ്പം സഞ്ചരിക്കുന്ന ‘മൊബൈലാ’യിരിക്കുന്ന കാലംവരേയ്ക്കെങ്കിലും.