സിഡ്നി∙ കായിക ലോകത്തെ പിടിച്ചുകുലുക്കിയ പന്തു ചുരണ്ടല്‍ വിവാദത്തില്‍ നടപടിയുമായി ക്രിക്കറ്റ് ഓസ്ട്രേലിയ. സംഭവത്തിൽ ഉൾപ്പെട്ട മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്, മുൻ വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണർ എന്നിവരെ കളിയിൽനിന്ന് ഒരു വർഷത്തേക്കു വിലക്കി. പന്തിൽ കൃത്രിമം കാട്ടിയ കാമറൺ ബാൻക്രോഫ്റ്റിനെ ഒൻപതു മാസത്തേക്കും വിലക്കിയിട്ടുണ്ട്. ഇതോടെ, സ്മിത്തിനും വാർണറിനും ഈ സീസണിൽ ഐപിഎല്ലിൽ കളിക്കാനാകില്ലെന്ന് ഉറപ്പായി.
കായിക ലോകത്തിനു മുന്നിൽ ഓസ്ട്രേലിയയെ നാണം കെടുത്തിയ സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഓസ്ട്രേലിയൻ സർക്കാർ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. ആരാധകർക്കിടയിലും ടീമിനെതിരെ രോഷം നുരഞ്ഞുപൊന്തിയതോടെ സംഭവത്തേക്കുറിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ അന്വേഷണം പ്രഖ്യാപിച്ചു. സ്മിത്തിനെയും വാർണറിനെയും നായക, ഉപനായക സ്ഥാനങ്ങളിൽനിന്ന് പുറത്താക്കുകയായിരുന്നു ആദ്യ പടി. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ടിം പെയ്നെയാണ് പുതിയ ക്യാപ്റ്റനായി നിശ്ചയിച്ചത്.
പന്തു ചുരണ്ടൽ വിവാദത്തിന്റെ പശ്ചാത്തലത്തിൽ സ്മിത്ത് രാജസ്ഥാൻ റോയൽസിന്റെയും ഡേവിഡ് വാര്‍ണര്‍ സണ്‍റൈസേഴ്സ് ഹൈദരബാദിന്റെയും നായക സ്ഥാനം ഒഴിഞ്ഞിരുന്നു. ഒാസ്ട്രേലിയന്‍ ടെസ്റ്റ് ടീമില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് ഇരുവരും നായക പദവി രാജിവച്ചത്.