പന്തിൽ കൃത്രിമം: വാര്‍ണര്‍ സണ്‍റൈസേഴ്സ് നായക സ്ഥാനം ഒഴിഞ്ഞു

സിഡ്നി∙ പന്തുചുരണ്ടൽ വിവാദത്തിൽ ഉൾപ്പെട്ട ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ ഐപിഎല്ലിലെ നായക സ്ഥാനം ഒഴിഞ്ഞു. സൺറൈസേഴ്സ് ഹൈദരാബാദിന്റെ നായകസ്ഥാനമാണ് വാർണർ രാജിവച്ചത്. പന്തിൽ കൃത്രിമം കാട്ടിയതിന്റെ പേരിൽ ഐപിഎൽ നായകസ്ഥാനം രാജിവയ്ക്കുന്ന രണ്ടാമത്തെ താരമാണ് വാർണർ. മുൻ ഓസീസ് നായകൻ സ്റ്റീവ് സ്മിത്ത് രാജസ്ഥാൻ റോയൽസിന്റെ നായകസ്ഥാനവും ഒഴിഞ്ഞിരുന്നു.

2013 മുതൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ നായകനാണ് ഡേവിഡ് വാർണർ. 2016ൽ സൺറൈസേഴ്സ് ഹൈദരാബാദ് ഐപിഎൽ ചാംപ്യൻമാരായത് വാർണറിന്റെ ക്യാപ്റ്റൻസിക്കു കീഴിലാണ്. കഴിഞ്ഞ സീസണിൽ നാലാം സ്ഥാനത്തായിരുന്നു അവർ.

പന്തിൽ കൃത്രിമം കാട്ടിയ സംഭവത്തിൽ വിവാദച്ചുഴലിയിൽപ്പെട്ട സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ, കാമറൺ ബാൻക്രോഫ്റ്റ് എന്നിവരെ ക്രിക്കറ്റ് ഓസ്ട്രേലിയ നാട്ടിലേക്കു തിരിച്ചുവിളിച്ചിരുന്നു. ഇവർക്കെതിരെയുള്ള ശിക്ഷാനടപടികൾ ഉടൻ പ്രഖ്യാപിക്കുമെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ സിഇഒ ജയിംസ് സതർലൻഡ‍് ദക്ഷിണാഫ്രിക്കയിൽ അറിയിച്ചു. പരിശീലക സ്ഥാനത്ത് ഡാരെൻ ലീമാൻ തുടരും. വിക്കറ്റ് കീപ്പർ ടിം പെയ്നിനെ ടീമിന്റെ സ്ഥിരം ക്യാപ്റ്റനായും പ്രഖ്യാപിച്ചു.