Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐപിഎല്ലിൽ ഇനി ആരെടുക്കും യുവിയെയും ഗംഭീറിനെയും?

Yuvraj-Gambhir യുവരാജ് സിങ്, ഗൗതം ഗംഭീർ

കഴിഞ്ഞ സീസണിലെ ടീം സിലക്ഷന്‍ പോരായ്മകള്‍ പരിഹരിച്ച് കപ്പടിക്കാനുള്ള ഓട്ടം ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ തുടങ്ങിക്കഴിഞ്ഞു. താരങ്ങളെ നിലനിര്‍ത്തേണ്ട അവസാന ദിവസം കഴിഞ്ഞപ്പോള്‍ ചില വമ്പന്‍ സ്രാവുകളൊക്കെ കളത്തിനു പുറത്തായി. കഴിഞ്ഞ സീസണില്‍ ചാക്കുകണക്കിനു കാശെറിഞ്ഞ് സ്വന്തമാക്കിയവരെപ്പോലും ടീമുകള്‍ തഴഞ്ഞു. ടീമുകളിലെ പ്രധാന മാറ്റങ്ങള്‍ നോക്കാം.

∙ വരുന്നു വാര്‍ണറും സ്മിത്തും

പന്തു ചുരണ്ടല്‍ വിവാദത്തില്‍ അകപ്പെട്ട് സസ്‌പെന്‍ഷനിലായ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും ഇത്തവണ ഐപിഎല്ലിനുണ്ടാകുമെന്നു വേണം കരുതാന്‍. ഇരുവരെയും ടീമുകള്‍ നിലനിര്‍ത്തിയിട്ടുണ്ട്. സ്മിത്ത് രാജസ്ഥാന്‍ റോയല്‍സിന്റെയും വാര്‍ണര്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെയും നായകന്‍മാരായിരുന്നു. ആ പദവി തിരിച്ചു കിട്ടുമോയെന്നു വ്യക്തമല്ല.

∙ മുംബൈ ഇന്ത്യന്‍സ്

മുഖം മാറുന്ന മാറ്റമൊന്നും മുംബൈ നിരയിലില്ല. ക്വിന്റന്‍ ഡി കോക്കിനെ ടീമിലെത്തിക്കാനായത് നേട്ടമാണ്. ആര്‍സിബിക്ക് മുസ്തഫിസുര്‍ റഹ്മാനെ നല്‍കിയാണ് ഡികോക്കിനെ പകരം വാങ്ങിയത്. ഇതു ടീമിനു തിരിച്ചടിയായേക്കും. ഒരുപാടു ബാറ്റ്‌സ്മാന്‍മാരുള്ള ടീമില്‍ ബുമ്രയ്ക്കു തുണയായൊരു ബോളറില്ലാത്തതായിരുന്നു പ്രശ്‌നം. ഇനി താരലേലത്തില്‍ ബോളര്‍മാരെ തിരയണം. സൗരഭ് തിവാരിയും ജെ.പി. ഡുമിനിയും ഒഴിവാക്കപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. കഴിഞ്ഞ തവണ ടീമിലെത്തി, അവസരം ലഭിക്കാതെ പോയ മലയാളി താരം എം.ഡി.നിധീഷും ഒഴിവാക്കിയവരുടെ കൂട്ടത്തിലാണ്.

∙ രാജസ്ഥാന്‍ റോയല്‍സ്

കഴിഞ്ഞ സീസണിലെ ഏറ്റവും വലിയ ദുരന്തമായ ജയ്‌ദേവ് ഉനദ്കടിനെ ഇറക്കിവിട്ടതാണ് രാജസ്ഥാന്‍ റോയല്‍സിലെ പ്രധാന മാറ്റം. 11.5 കോടിക്ക് ടീമിലെടുത്തിട്ട് ഭാരമാകുകയായിരുന്നു ജയ്‌ദേവ്. മലയാളി താരം സഞ്ജു സാംസണിനെ ടീം നിലനിര്‍ത്തിയിട്ടുണ്ട്. ഡാര്‍സി ഷോര്‍ട്, ഹെൻറിച്ച് ക്ലാസന്‍ എന്നിവരാണ് ഒഴിവാക്കിയവരില്‍ പ്രമുഖര്‍.

∙ സണ്‍റൈസേഴ്‌സ്‌ ഹൈദരാബാദ്

കാര്യമായ അഴിച്ചുപണിക്കു വട്ടം കൂട്ടുകയാണ് നിലവിലെ ഫൈനലിസ്റ്റുകളായ സണ്‍റൈസേഴ്‌സ്. വര്‍ഷങ്ങളായുള്ള ബന്ധം ഉപേക്ഷിച്ച് ശിഖർ ധവാന്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിലേക്കു മടങ്ങി. വാര്‍ണറിനു പുതിയ ഓപ്പണിങ് കൂട്ടുകാരനെ കണ്ടെത്തേണ്ടിയിരിക്കുന്നു. ഇപ്പോഴും ശക്തമായ ബോളിങ് യൂണിറ്റിനെ ടീം നിലനിര്‍ത്തിയിട്ടുണ്ട്. അലക്‌സ് ഹെയ്ല്‍സ്, വൃദ്ധിമാന്‍ സാഹ, ബ്രാത്‌വെയ്റ്റ്, ക്രിസ് ജോര്‍ദാന്‍ തുടങ്ങിയ പ്രമുഖരെ മടക്കിയയച്ചു. മലയാളി താരങ്ങളില്‍ ബേസില്‍ തമ്പിയെ നിലനിര്‍ത്തിയപ്പോള്‍ സച്ചിന്‍ ബേബിയെ ഒഴിവാക്കി. ധവാനെ വിറ്റു കിട്ടിയ വിജയ് ശങ്കര്‍, ഷഹബാസ് നദീം, അഭിഷേക് ശര്‍മ എന്നിവര്‍ ടീമിനു മുതല്‍ക്കൂട്ടാകും. കഴിഞ്ഞ തവണ ഗുണപ്പെട്ടില്ലെങ്കിലും മനീഷ് പാണ്ഡെയെ ടീം നിലനിര്‍ത്തിയിട്ടുണ്ട്.

∙ ചെന്നൈ സൂപ്പർ കിങ്‌സ്

കപ്പടിച്ച ടീമിനെ ഏതാണ്ട് അതുപോലെ തന്നെ നിലനിര്‍ത്തിയിരിക്കുകയാണ് ചെന്നൈ. മുരളി വിജയിനെപ്പോലും ഒഴിവാക്കിയില്ല. മാര്‍ക് വുഡ്, കനിഷ്‌ക സേഥ്, ഷിതിഷ് ശര്‍മ എന്നിവരെയാണ് പുറത്തുവിട്ടത്. കഴിഞ്ഞ തവണ രണ്ടു കളിയില്‍നിന്നു മൂന്നു വിക്കറ്റെടുത്ത മലയാളി താരം ആസിഫും നിലനിര്‍ത്തിയവരുടെ കൂട്ടത്തിലുണ്ട്.

∙ കിങ്‌സ് ഇലവന്‍ പഞ്ചാബ്

ക്രിസ് ഗെയിലിനെ നിലനിര്‍ത്തിയതിനും യുവ്‌രാജ് സിങ്ങിനെ പറഞ്ഞുവിട്ടതിനും പുറമെ ഒരുപാടു മാറ്റങ്ങളുമായാണ് പഞ്ചാബ് ഇറങ്ങുന്നത്. കഴിഞ്ഞ തവണ നിലനിര്‍ത്തിയ ഏകതാരം അക്‌സര്‍ പട്ടേലിനെയും ഇത്തവണ പഞ്ചാബിനു വേണ്ട. ആരോണ്‍ ഫിഞ്ച്, മാര്‍കസ് സ്റ്റോയ്‌നിസ്, മനോജ് തിവാരി, ബരീന്ദര്‍ സ്രാന്‍ തുടങ്ങിയവരും പുറത്തുപോയി. സ്‌റ്റോയ്‌നിസിനു പകരം മന്‍ദീപിനെ എടുത്തത് ടീമിന്റെ പ്ലസ്.

∙ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

കപ്പടിക്കാനെന്നോണം കാര്യമായ മാറ്റങ്ങളുമായാണ് കോഹ്‌ലിപ്പട ഇറങ്ങിത്തിരിക്കുന്നത്. കഴിഞ്ഞ തവണത്തെ ആനമണ്ടത്തരമായിരുന്നു സര്‍ഫ്രാസ് ഖാനെ നിലനിര്‍ത്തിയത്. ഇത്തവണ ആദ്യം ചെയ്തത് സര്‍ഫ്രാസിനെ പറഞ്ഞുവിടുകയാണ്. ബ്രണ്ടന്‍ മക്കൊല്ലം, കോറി ആന്‍ഡേഴ്‌സന്‍, ഡീകോക്ക്, ക്രിസ് വോക്‌സ് തുടങ്ങിയവര്‍ക്കും ടീമില്‍നന്നു സ്ഥാനം നഷ്ടമായി. മന്‍ദീപിനു പകരം സ്റ്റോയ്‌നിസ് എത്തി.

∙ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

വന്‍ വില കൊടുത്തു വാങ്ങിയെങ്കിലും ഉപകരിക്കാതെ പോയ മിച്ചല്‍ സ്റ്റാര്‍ക്കിനെ കൊല്‍ക്കത്ത ഒഴിവാക്കി. അണ്ടര്‍ 19 താരങ്ങളെയെല്ലാം നിലനിര്‍ത്തുകയും ചെയ്തു. തിളങ്ങതെ പോയ വിനയ് കുമാര്‍, മിച്ചല്‍ ജോണ്‍സന്‍, ടോം കറന്‍ എന്നിവരെ ഒഴിവാക്കി. ലിന്‍, റസല്‍, നരെയ്ന്‍ എന്നിവരെല്ലാം ദിനേഷ് കാര്‍ത്തിക്കിന്റെ ടീമില്‍ സ്ഥാനം നിലനിര്‍ത്തി.

∙ ഡല്‍ഹി ഡെയര്‍ഡെവിള്‍സ്‌

ശിഖര്‍ ധവാനെ ടീമില്‍ എത്തിച്ചെങ്കിലും ഒരുപാട് മാറ്റങ്ങളാണ് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് വരുത്തിയത്. കഴിഞ്ഞ സീസണിലെ നായകനായിരുന്ന ഗൗതം ഗംഭീറിനു ടീമിലെ സ്ഥാനം പോയത് പ്രധാനം. ഗ്ലെന്‍ മാക്‌സ്‌വെലിനെയും ജേസന്‍ റോയിയെയും മുഹമ്മദ് ഷമിയെയും ഒഴിവാക്കിയത് മറ്റു പ്രധാന മാറ്റങ്ങള്‍. പണി പോയവരില്‍ നമാന്‍ ഓജയും ലിയാം പ്ലങ്കറ്റും പെടും.

related stories