മുംബൈ∙ ഏകദിന ലോകകപ്പ് മുൻനിർത്തി ഇന്ത്യൻ പേസ് ബോളർമാർക്ക് ഇത്തവണത്തെ ഐപിഎല്ലിൽനിന്ന് വിശ്രമം അനുവദിക്കണമെന്ന ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെ നിർദ്ദേശത്തിന് പാളയത്തിൽനിന്നു തന്നെ എതിർപ്പ്. ഇന്ത്യൻ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിലെ പ്രകടനം വിലയിരുത്താൻ ബിസിസിഐ ഭരണസമിതി ഹൈദരാബാദിൽ വിളിച്ചുചേർത്ത അവലോകന യോഗത്തിലാണ്, ഇന്ത്യൻ പേസ് ബോളർമാർക്ക് ഐപിഎല്ലിൽനിന്ന് വിശ്രമം അനുവദിക്കണമെന്ന് കോഹ്‍ലി ആവശ്യമുന്നയിച്ചത്. എന്നാൽ, ആ യോഗത്തിൽ സന്നിഹിതനായിരുന്ന പരിമിത ഓവർ മൽസരങ്ങളിൽ ഇന്ത്യൻ ഉപനായകൻ കൂടിയായ രോഹിത് ശർമ കോഹ്‍ലിയുടെ നിർദ്ദേശത്തെ എതിർത്തതായാണ് റിപ്പോർട്ട്.
അടുത്ത വർഷം മേയ് 30 മുതൽ ജൂലൈ 14 വരെ ഇംഗ്ലണ്ടിലാണ് ഏകദിന ലോകകപ്പ് അരങ്ങേറുന്നത്. അതേസമയം, ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ പതിപ്പിന് ഏപ്രിൽ ആദ്യ വാരമാണ് തുടക്കമാകുക. മേയ് മൂന്നാമത്തെ ആഴ്ച വരെ ഐപിഎൽ നീണ്ടുനിൽക്കും. അതായത്, ഐപിഎല്ലിനു തൊട്ടുപിന്നാലെയാണ് ഇംഗ്ലണ്ടിൽ ഏകദിന ലോകകപ്പിന് തിരശീല ഉയരുക. ഈ സാഹചര്യത്തിൽ പേസ് ബോളർമാർക്ക് മതിയായ വിശ്രമം ഉറപ്പാക്കാനും പരുക്കിന്റെ സാധ്യതകളിൽനിന്നു സംരക്ഷിക്കാനുമാണ് കോഹ്‍ലി വിശ്രമം നിർദ്ദേശിച്ചത്. ഐപിഎല്ലിൽനിന്ന് മാറിനിന്നാൽ ഇംഗ്ലണ്ടിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ കൂടുതൽ ഉൻമേഷത്തോടെയും കായികക്ഷമതയോടെയും പങ്കെടുക്കാൻ പേസ് ബോളർമാർക്ക് സാധിക്കുമെന്ന് കോഹ്‍ലി അഭിപ്രായപ്പെട്ടു.
എന്നാൽ, യോഗത്തിൽ പങ്കെടുത്തവരിൽ അധികം പേരും കോഹ്‍ലിയെ പിന്തുണച്ചില്ലെന്നാണ് റിപ്പോർട്ട്. പ്രമുഖ താരങ്ങളെ കളിപ്പിക്കാതിരിക്കാനുള്ള നിർദ്ദേശം ഐപിഎൽ ഫ്രാഞ്ചൈസികൾ അംഗീകരിക്കാൻ സാധ്യതയില്ലെന്ന് ഇവർ ചൂണ്ടിക്കാട്ടി. ജസ്പ്രീത് ബുമ്ര, ഭുവനേശ്വർ കുമാർ തുടങ്ങിയ താരങ്ങൾക്കു വിശ്രമം അനുവദിക്കണമെന്നാണ് അഭ്യർഥന. ഖലീൽ അഹമ്മദ്, ഉമേഷ് യാദവ്, മുഹമ്മദ് ഷാമി തുടങ്ങിയവാണ് ലോകകപ്പിൽ ഇന്ത്യൻ പേസ് ബോളിങ് യൂണിറ്റിൽ അംഗങ്ങളാകാൻ സാധ്യതയുള്ള മറ്റു താരങ്ങൾ. അതേസമയം ബുമ്ര, ഭുവനേശ്വർ എന്നിവരൊഴികെയുള്ള താരങ്ങൾ അതാത് ഐപിഎൽ ടീമുകളിൽ എല്ലാ മൽസരങ്ങളും കളിക്കാന‍് സാധ്യതയുള്ളവരല്ല.
കോഹ്‍ലിയുടെ നിർദ്ദേശത്തെക്കുറിച്ച്, യോഗത്തിൽ സന്നിഹിതനായിരുന്ന രോഹിത് ശർമയോട് ഇടക്കാല ഭരണസമിതിയുടെ ചെയർമാനായ വിനോദ് റായി അഭിപ്രായം ആരാഞ്ഞു. എന്നാൽ, കോഹ്‍ലിയുടെ നിർദ്ദേശത്തെ എതിർത്തുകൊണ്ടാണ് ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻ കൂടിയായ രോഹിത് സംസാരിച്ചത്.
മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിലോ ഫൈനലിലോ കടക്കുകയും ബുമ്ര കളിക്കാൻ സജ്ജനുമാണെങ്കിൽ വിശ്രമം അനുവദിക്കാൻ താൻ തയാറല്ല എന്നായിരുന്നു രോഹിതിന്റെ നിലപാട്. ഐപിഎല്ലിൽനിന്ന് വിശ്രമം അനുവദിച്ചാൽ ലോകകപ്പിനു മുൻപ് രണ്ടു മാസം താരങ്ങൾ കളത്തിൽനിന്ന് മാറിനിൽക്കേണ്ടി വരുമെന്ന വശവും യോഗത്തിൽ ഉയർന്നുവന്നു. ലേലത്തിൽ വിളിച്ചെടുക്കുന്ന താരങ്ങളുടെ സേവനം പരമാവധി ഉപയോഗപ്പെടുത്താനാണ് ഐപിഎൽ ടീമുകൾ ശ്രമിക്കുകയെന്നു ചൂണ്ടിക്കാട്ടിയ ഒരു വിഭാഗം, ജോലിഭാരം ക്രമീകരിക്കാനുള്ള സംവിധാനം ഒരുക്കാവുന്നതേയുള്ളൂവെന്നും ചൂണ്ടിക്കാട്ടി.
ഇടക്കാല ഭരണസമിതി അംഗങ്ങൾ, ചീഫ് സിലക്ടർ എം.എസ്.കെ. പ്രസാദ്, പരിശീലകൻ രവി ശാസ്ത്രി, ക്യാപ്റ്റൻ വിരാട് കോഹ്‍ലി, രോഹിത് ശർമ, അജിങ്ക്യ രഹാനെ തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുത്തത്. നേരത്തെ, ഇംഗ്ലണ്ട് ലോകകപ്പിനു പോകുന്ന ടീമംഗങ്ങൾക്ക് വാഴപ്പഴം ലഭ്യമാക്കുക, ഭാര്യമാരെ കൂടെ കൊണ്ടുപോകാൻ അനുവദിക്കുക, ഇംഗ്ലണ്ടിലെ യാത്രകൾക്ക് ഒരു ട്രെയിൻ കംപാർട്മെന്റ് പൂർണമായും ബുക്കു ചെയ്യുക തുടങ്ങി ഈ യോഗത്തിൽ ടീം മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ വാർത്തകളിൽ ഇടം നേടിയിരുന്നു.