Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആന്ധ്രയിലും തെലങ്കാനയിലും പണമില്ല; ‘കടം’ കൊടുക്കുന്നത് കേരളം ഉൾപ്പെടെയുള്ളവർ

Bank പ്രതീകാത്മക ചിത്രം.

ഹൈദരാബാദ്∙ ആന്ധ്രയിലും തെലങ്കാനയിലും കടുത്ത പണക്ഷാമം. ദൈനംദിനാവശ്യത്തിനു ചെലവാക്കാൻ പണമില്ലാതെ ബാങ്കുകൾ പ്രയാസത്തിലാണെന്നു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. പ്രശ്നം പരിഹരിക്കാൻ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽനിന്നാണു പണം ‘വകമാറ്റുന്നത്’. ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ ബാങ്കുകളിലും എടിഎമ്മുകളിലും രണ്ടു മാസത്തിലേറെയായി പണം കുറവാണ്.

കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളിൽനിന്നാണു തെലങ്കാനയിലേക്കു പണം എത്തിക്കുന്നത്. ഒഡിഷ, തമിഴ്നാട് എന്നിവിടങ്ങളിലെ പണമാണ് ആന്ധ്ര ഉപയോഗിക്കുന്നത്. വലിയ ബാങ്കുകളുടെ എടിഎമ്മിൽ മാത്രമേ പണമുള്ളൂ. പല ചെറിയ ബാങ്കുകളും മൂന്നു മാസത്തോളമായി എടിഎമ്മുകൾ അടച്ചിട്ടിരിക്കുകയാണ്.

തെലങ്കാനയിൽ എസ്ബിഐയ്ക്ക് 2,200 എടിഎമ്മുകളാണുള്ളത്. 1500 എണ്ണം ബാങ്ക് നേരിട്ടും 700 എടിഎമ്മുകൾ സ്വകാര്യ ഏജൻസിയുമാണു കൈകാര്യം ചെയ്യുന്നത്. ആകെ 1400–1500 എടിഎമ്മുകൾ മാത്രമേ ഇപ്പോൾ പ്രവർത്തിക്കുന്നുള്ളൂ. പ്രവർത്തിക്കുന്ന എല്ലാ എടിഎമ്മുകളുടെ മുന്നിലും നീണ്ട നിരയാണ്. സാമൂഹിക സുരക്ഷാ പെൻഷനുകള്‍, തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ പണമെടുക്കാൻ ജനം പോസ്റ്റ് ഓഫിസുകളിലും വ്യാപകമായി എത്തുന്നുണ്ട്.

2017 സെപ്റ്റംബർ മുതൽ റിസർവ് ബാങ്ക് 2000 രൂപയുടെ നോട്ടുകൾ വിതരണം ചെയ്യുന്നില്ല. ഇതേത്തുടർന്നു ബാങ്കുകളിൽ രണ്ടായിരത്തിന്റെ നോട്ടിനു വലിയ ക്ഷാമമാണ്. ‘ആർബിഐ അനുമതിയോടെ കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളിൽനിന്ന‌ു പണം എത്തിച്ചാണു ജനുവരിയിലും ഫെബ്രുവരിയിലും കാര്യങ്ങൾ നടത്തിയത്. മാർച്ചിൽ അത്രയും വേണ്ടിവന്നിട്ടില്ല. നോട്ടുനിരോധനത്തെ തുടർന്നുള്ള പ്രയാസങ്ങൾ മറികടക്കാൻ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ട്. ഭൂരിഭാഗം സർക്കാർ ഉദ്യോഗസ്ഥരുടെയും ശമ്പള അക്കൗണ്ടുകൾ എസ്ബിഐയിലാണ്. പോസ്റ്റ് ഓഫിസ്, ട്രഷറി എന്നിവയ്ക്കു പണം വിതരണം ചെയ്യുന്നതും എസ്ബിഐ ആണ്’– എസ്ബിഐ ഹൈദരാബാദ് സർക്കിൾ ചീഫ് ജനറൽ മാനേജർ ജെ.സ്വാമിനാഥൻ പറഞ്ഞു.

പിഎൻബി തട്ടിപ്പും എഫ്ആർഡിഐ ബില്ലും

പഞ്ചാബ് നാഷനൽ ബാങ്ക് (പിഎൻബി) തട്ടിപ്പിനു പിന്നാലെ, പാപ്പരാകുന്ന ധനകാര്യ സ്ഥാപനങ്ങളെ സഹായിക്കാൻ‌ കേന്ദ്രസർക്കാർ കൊണ്ടുവരുന്ന എഫ്ആർഡിഐ ബില്ലും (ഫിനാൽഷ്യൽ റസലൂഷൻ ആൻഡ് ഡെപോസിറ്റ് ഇൻഷുറൻസ്) കൂടി ആയപ്പോൾ ജനം ബാങ്കുകളിൽ നിന്ന് അകലാൻ തുടങ്ങിയതാണു ഇപ്പോഴത്തെ പണക്ഷാമത്തിനു പിന്നിൽ. ബാങ്കുകൾ തകർന്നാലും നിക്ഷേപങ്ങൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) അനുബന്ധ സ്ഥാപനമായ ഡിഐസിജിസി (ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരന്റി കോർപറേഷൻ) തിരിച്ചു നൽകിയിരുന്നു. എന്നാൽ ബിൽ യാഥാർഥ്യമാകുന്നതോടെ ഈ ഉറപ്പ് ഇല്ലാതാകുമെന്നാണ് നിക്ഷേപകരുടെ ആശങ്ക.

ഇതേത്തുടർന്ന് തെലങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലെ വിവിധ ബാങ്കുകളിലേക്ക് ജനം ഒഴുകി. ഫിക്സഡ് ഡെപ്പോസിറ്റും (എഫ്ഡി) സേവിങ്സ് അക്കൗണ്ടും അവസാനിപ്പിച്ചു ജനം വ്യാപകമായി പണം പിൻവലിച്ചു. അപ്രതീക്ഷിതമായി വൻതോതിൽ പണം ബാങ്കുകൾക്ക് പുറത്തുകൊടുക്കേണ്ടി വന്നു. 20,000 മുതൽ 40,000 രൂപ വരെയാണ് ഓരോ ഉപയോക്താവും ദിവസവും പിൻവലിക്കുന്നത്. എടിഎം ഉപയോഗിക്കുന്നതിൽ കൊണ്ടുവന്ന നിയന്ത്രണം മറികടക്കാനും ബാങ്കിൽനിന്ന് പണം പിൻവലിച്ചു കയ്യിൽ സൂക്ഷിക്കുന്നവരുടെ എണ്ണം കൂടി.

related stories