സന്തോഷ് ട്രോഫി: മിസോറമിനെ തോൽപിച്ച് കേരളം ഫൈനലിൽ(1–0), എതിരാളികൾ ബംഗാൾ

സന്തോഷ് ട്രോഫി ഫൈനലിലെത്തിയ കേരള ടീം

കൊൽക്കത്ത ∙ കേരളം സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനലിൽ. ശക്തരായ മിസോറമിനെ ഒരു ഗോളിനു പരാജയപ്പെടുത്തിയാണു കേരളത്തിന്റെ ഫൈനൽ പ്രവേശനം. 54–ാം മിനിറ്റിൽ വി.കെ.അഫ്ദലാണു കേരളത്തിനു വേണ്ടി ഗോൾ നേടിയത്. 

കർണാടകയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കു പരാജയപ്പെടുത്തി ആതിഥേയരായ ബംഗാളും ഫൈനലിൽ പ്രവേശിച്ചിട്ടുണ്ട്. കേരളം– ബംഗാൾ ഫൈനൽ ഏപ്രിൽ ഒന്നിനു ഉച്ചയ്ക്കു 2.30നു സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടക്കും. 

കേരള–മിസോറം മത്സരത്തിൽ നിന്ന്.ചിത്രം: പ്രതീഷ്.ജി. നായർ

ശക്തമായ പോരാട്ടം നടത്തിയാണു മിസോറം കേരളത്തിനോട് അടിയറവു പറഞ്ഞത്. ശാരീരികമായി കൂടുതൽ ആധിപത്യം പുലർത്തിയ മിസോറം കേരള താരങ്ങളെ ഫൗൾ ചെയ്യുന്നതിലും മുന്നിട്ടു നിന്നു. കേരളത്തിന്റെ മുന്നേറ്റ നിര താരം പി.സി.അനുരാഗിനെ സ്ട്രെക്ചറിലാണു ഗ്രൗണ്ടിനു പുറത്തേക്കു കൊണ്ടു പോയത്. അനുരാഗിനെ പിന്നീട് ആശുപത്രിയിലേക്കു മാറ്റി. ആക്രമണത്തിൽ മിസോറമാണു മുന്നിട്ടു നിന്നത്. എന്നാൽ കേരള പ്രതിരോധം പൊട്ടിച്ചു ഗോൾ നേടാൻ മിസോറമിനായില്ല. 

കേരള–മിസോറം മത്സരത്തിൽ നിന്ന്.ചിത്രം: പ്രതീഷ്.ജി. നായർ

കേരള പോസ്റ്റിലായിരുന്നു അവസാനം കളി മുഴുവൻ, എന്നാൽ ഗോൾ വഴങ്ങാതെ പിടിച്ചു നിൽക്കാൻ കേരളത്തിനായി. കേരളത്തിന്റെ ഗോൾ കീപ്പർ വി.മിഥുനും പ്രതിരോധ താരങ്ങളുടേയും അത്യധ്വാനം വെറുതെയായില്ല. ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ കേരളത്തിന്റെ സൈഡ് ബെഞ്ച് അടക്കം ആഹ്ലാദത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു. കുറച്ച് ആരാധകരും ഇന്നു കളികാണാനെത്തിയിരുന്നു. അവരും കേരളത്തിനായി ആർപ്പു വിളിച്ചു. 

രണ്ടാമത്തെ സെമിഫൈനലിൽ കർണാടകയെ പരാജയപ്പെടുത്തിയാണു അതിഥേയരായ ബംഗാൾ ഫൈനലുറപ്പിച്ചത്. കഴിഞ്ഞ വർഷത്തെ ചാംപ്യന്മാർ കൂടിയാണു ബംഗാൾ. 57ാം മിനിറ്റിൽ ക്യാപ്ടൻ ജിതന്‍ മുമ്റു, കളി തീരാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ തീർഥങ്കർ സർക്കാർ എന്നിവരാണു ബംഗാളിന്റെ ഗോളുകൾ നേടിയത്. 

1993 മാർച്ച് രണ്ടിനാണു കേരളം അവസാനമായി മലയാള മണ്ണിൽ ദേശീയ ഫുട്ബോൾ ചാംപ്യൻപട്ടം ഉയർത്തിയത്. 1993 ൽ കൊച്ചി മഹാരാജാസ് ഗ്രൗണ്ടാണ് സന്തോഷ് ട്രോഫി മൽസര വേദിയായത്. സന്തോഷ് ട്രോഫിയുടെ നാൽപത്തിയൊൻപതാമത് ടൂർണമെന്റാണ് അന്ന് അരങ്ങേറിയത്. 1992 ൽ കോയമ്പത്തൂരിൽ ഗോവയെ 3–0നു തോൽപിച്ചു കേരളമായിരുന്നു ചാംപ്യൻമാരായി. 1988, 89, 90, 91, 92 എന്നീ വർഷങ്ങളിലും കേരളം ഫൈനലിൽ എത്തിയിരുന്നു.