കൊൽക്കത്ത∙ ചരിത്രം മറന്നേക്കുക, അധിക സമയത്തേക്കും പെനൽറ്റിയിലേക്കും നീണ്ട സന്തോഷ് ട്രോഫി ഫൈനൽ പോരാട്ടത്തിൽ ബംഗാളിനെ മറികടന്നു കേരളത്തിന്റെ പുലിക്കുട്ടികൾ ഒടുവിൽ വിജയം സ്വന്തമാക്കി, അതും ആധികാരികമായി തന്നെ. പത്തൊന്‍പതാം മിനിറ്റിൽ കേരളം ആദ്യ ഗോൾ നേടിയപ്പോൾ അതോടെ കളി തീര്‍ന്നു സമാധാനത്തോടെ കേരളം കപ്പുയർത്തുമെന്നായിരിക്കും ആരാധകർ പ്രതീക്ഷിച്ചിരിക്കുക. എന്നാൽ അവർക്കു തെറ്റി. രണ്ടാം പകുതിയിൽ 67–ാം മിനിറ്റിൽ ജിതൻ മുർമു ബംഗാളിനായി സമനില പിടിച്ചു. കളി അധിക സമയത്തിലേക്ക്.
അധിക സമയത്തിലും ആദ്യം വമ്പുകാട്ടിയതു കേരളമായിരുന്നു. പകരക്കാരനായിറങ്ങി മിനിറ്റുകൾക്കകം വിപിൻ തോമസ് കേരളത്തെ വീണ്ടും മുന്നിലെത്തിച്ചു. അപ്പോഴും കേരളത്തിന്റെ ആരാധകര്‍ പറഞ്ഞു. ഇതാ ഞങ്ങൾ കപ്പിലേക്ക്... എന്നാൽ മിനിറ്റുകള്‍ക്കപ്പുറത്ത് ബംഗാൾ വീണ്ടും കേരളത്തെ ഞെട്ടിച്ചു. 121–ാം മിനിറ്റിൽ അവരുടെ രക്ഷകനായത് തീർഥങ്കർസർക്കാർ. വീണ്ടും കളി സമനിലയിൽ(2–2). തുടർന്ന് മത്സരം പെനൽറ്റിയിൽ കാണാമെന്നായി. സാൾട്ട്‍ലേക്ക് സ്റ്റേഡിയത്തിൽ കേരളം കപ്പിലേക്ക് ഓടിക്കയറിയ ആ പെനൽറ്റി പ്രകടനങ്ങൾ ഇങ്ങനെയായായിരുന്നു.
പെനൽറ്റി ഷൂട്ടൗട്ട് ഇങ്ങനെ:
ഒന്നാംകിക്ക്
∙ബംഗാളിനായി അങ്കിത് മുഖർജി കിക്കെടുക്കുന്നു, കേരള ഗോളി മിഥുൻ തടഞ്ഞിട്ടു.
∙കേരളത്തിനായി രാഹുൽ രാജ്– ഗോൾ...
കേരളം 1 – ബംഗാൾ 0
രണ്ടാം കിക്ക്
∙ബംഗാളിനായി നബി ഹുസൈൻ എത്തി– മിഥുൻ തടഞ്ഞു
∙കേരളത്തിനായി ജിതിന്‍ ഗോപാലന്റെ കിക്ക്– ഗോൾ
കേരളം 2 – ബംഗാൾ 0
മൂന്നാം കിക്ക്
∙ബംഗാളിനായി തീർഥങ്കർ സർക്കാർ– ഗോൾ
∙കേരളത്തിനായി ജസ്റ്റിൻ ജോര്‍ജ്– ഗോൾ
കേരളം 3 – ബംഗാൾ 1
നാലാം കിക്ക്
∙ബംഗാളിനായി സഞ്ജയൻ സമർദാർ – ഗോൾ
∙കേരളത്തിനായി എസ്.സീസൻ – ഗോൾ
കേരളം 4 – ബംഗാൾ 2
കേരള വിജയം സമ്പൂർണം.