ചെന്നൈയിനെ പെനൽറ്റിയിൽ തോല്‍പിച്ച് ഐസ്വാൾ; സൂപ്പർ കപ്പിനു തുടക്കം

ഭുവനേശ്വർ∙ ഐഎസ്എൽ ചാംപ്യന്മാരായ ചെന്നൈയിനെ തോൽപിച്ച് സൂപ്പർ കപ്പ് ഫുട്ബോളിലെ ആദ്യ പോരാട്ടത്തിൽ ഐസ്വാൾ എഫ്സിക്കു വിജയം. പെനല്‍റ്റി ഷൂട്ടൗട്ടിലേക്കു നീണ്ട മത്സരത്തിൽ 5–3 എന്ന സ്കോറിനാണ് ഐസ്വാൾ ടൂർണമെന്റിലെ ആദ്യജയം സ്വന്തമാക്കിയത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും രണ്ടു ഗോള്‍ വീതം നേടി സമനില പാലിച്ചതോടെയാണ് കളി പെനൽറ്റിയിലേക്ക് നീങ്ങിയത്. ഐസ്വാൾ അഞ്ച് അവസരങ്ങളും ലക്ഷ്യത്തിലെത്തിച്ചപ്പോൾ ചെന്നൈയിന് മൂന്നു തവണ മാത്രമാണു ലക്ഷ്യം കാണാനായത്.

മലയാളി താരം മുഹമ്മദ് റാഫിയുടെ ഷോട്ട് ബാറിൽ തട്ടി പുറത്തുപോയി. കളിയുടെ ആദ്യ 120 മിനിറ്റിൽ ആന്ദ്രെ യോനെസ്കു (22, 91) ഐസ്വാളിനു വേണ്ടിയും മെയിസൻ ആൽവസ് (89), ധനചന്ദ്ര സിങ് (114) എന്നിവർ ചെന്നൈയിനു വേണ്ടിയും ഗോളുകൾ നേടി. ഐലീഗിലെ അഞ്ചാം സ്ഥാനക്കാരായാണ് ഐസ്വാൾ സൂപ്പർകപ്പ് കളിക്കാനെത്തിയത്. ഗോകുലം കേരള എഫ്സിയും ബെംഗളൂരു എഫ്സിയും തമ്മിലാണ് ഞായറാഴ്ചത്തെ മത്സരം.