ചെന്നൈ∙ വിമാനക്കമ്പനിയായ സ്പൈസ്ജെറ്റിനു നേരെ ഗുരുതര ആരോപണവുമായി എയർ ഹോസ്റ്റസുമാർ. ഔചിത്യബോധമില്ലാതെ തങ്ങളെ നഗ്നരാക്കി പരിശോധന നടത്തിയെന്നാണ് എയർ ഹോസ്റ്റസുമാർ മാനേജ്മെന്റിനു പരാതി നൽകിയത്. വിമാനത്തിൽ നിന്നു ഭക്ഷണത്തിനും മറ്റുമായി ശേഖരിക്കുന്ന പണം കാബിൻ ക്രൂ മോഷ്ടിക്കുകയാണെന്ന് ആരോപിച്ചാണ് സ്പൈസ്ജെറ്റിന്റെ പരിശോധന. ഇതിനെതിരെ നടപടിയെടുക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
ജീവനക്കാർ പരാതി നൽകുന്ന ദൃശ്യങ്ങൾ എൻഡിടിവിയാണു പുറത്തു വിട്ടത്. ചെന്നൈ വിമാനത്താവളത്തിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ. കാബിൻ ക്രൂ പ്രതിഷേധത്തെത്തുടർന്ന് സ്പൈസ്ജെറ്റിന്റെ രണ്ടു സർവീസുകൾ ചെന്നൈയിൽ നിന്ന് ഒരു മണിക്കൂറോളം വൈകിയാണു പുറപ്പെട്ടതെന്നും അറിയുന്നു. പരാതി പരിഹരിക്കാൻ തിങ്കളാഴ്ച ഉന്നതതല യോഗം ചേരുമെന്ന അറിയിപ്പിനെത്തുടർന്നാണു ജീവനക്കാർ പ്രതിഷേധം അവസാനിപ്പിച്ചത്.
ശനിയാഴ്ച രാവിലെയാണ് ഒരുകൂട്ടം എയർഹോസ്റ്റസുമാർ പരാതിയുമായി സ്പൈസ്ജെറ്റ് അധികൃതരെ കാണാനെത്തിയത്. കമ്പനിയുടെ സുരക്ഷാവിഭാഗം തങ്ങളെ നഗ്നരാക്കി പരിശോധന നടത്തി എന്നതാണ് പ്രധാന ആരോപണം. വനിതാജീവനക്കാരെയാണ് ഇത്തരത്തിൽ പരിശോധനയ്ക്കായി നിയോഗിച്ചിരുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇത് തുടരുകയാണ്.
വിമാനമിറങ്ങിക്കഴിയുമ്പോഴാണു പരിശോധന. ഹാൻഡ് ബാഗിൽ നിന്ന് സാനിറ്ററി പാഡുകൾ പോലും ഒഴിവാക്കാൻ തങ്ങളോട് ആവശ്യപ്പെട്ടതായും പരാതിയിൽ പറയുന്നു. ‘തികച്ചും അപമര്യാദയായാണ് ഒരാൾ എന്നെ പരിശോധിച്ചത്. വ്യക്തിപരമായി ഏറെ അസ്വസ്ഥതകൾ സൃഷ്ടിച്ച നിമിഷങ്ങളായിരുന്നു അത്...’ പരിശോധനയെപ്പറ്റി ഒരു യുവതി പരാതി ഉന്നയിക്കുന്നത് വിഡിയോയിൽ വ്യക്തമാണ്.
വിമാനമിറങ്ങിക്കഴിഞ്ഞാലുടൻ വാഷ് റൂം ഉപയോഗിക്കാന്‍ പോലും സുരക്ഷാവിഭാഗം അനുവദിക്കുന്നില്ലെന്നും എയർഹോസ്റ്റസുമാർ പറയുന്നു. തങ്ങളുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചു പരിശോധന നടത്തുന്നതും സാനിറ്ററി പാഡുകൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്നതും കമ്പനിയുടെ നയമാണോയെന്നു വ്യക്തമാക്കണമെന്നും സ്പൈസ്ജെറ്റ് മാനേജ്മെന്റിനു നൽകിയ പരാതിയിൽ കാബിൻ ക്രൂ ആവശ്യപ്പെടുന്നു.
‘യാത്രക്കാരുടെ സുരക്ഷയ്ക്കാണ് ഞങ്ങളെ നിയോഗിക്കുന്നത്. പക്ഷേ ഞങ്ങളുടെ സുരക്ഷ ആരു നോക്കും. മാനഭംഗപ്പെടുത്തുന്നതിനു തുല്യമാണ് ഇത്തരം പരിശോധനകൾ’– പരാതിക്കാരിലൊരാൾ പറയുന്നു. ആർത്തവമാണെന്നു പറഞ്ഞിട്ടു പോലും സ്വകാര്യ ഭാഗങ്ങളില്‍ പരിശോധന നടത്തിയെന്നും ഒരു പരാതിക്കാരി പറഞ്ഞു. അതേസമയം കാബിൻ ക്രൂ അംഗങ്ങള്‍ പണം തട്ടുന്നതിനും വിമാനത്തിൽ നിന്നു പലതും മോഷ്ടിക്കുന്നതിനുമെതിരെ കർശന നടപടി തുടരുമെന്നാണ് സ്പൈസ്ജെറ്റ് വ്യക്തമാക്കിയത്.
വിമാനമിറങ്ങിയാലുടൻ പരിശോധന അത്യാവശ്യമാണ്. അത് കമ്പനി നയമാണ്. രാജ്യാന്തര തലത്തിൽ നടപ്പാക്കുന്നതുമാണ്. അടച്ചിട്ട മുറിയിലാണ് ഇതു ചെയ്യുന്നത്. പ്രത്യേക പരിശീലനം ലഭിച്ച വനിതാജീവനക്കാരാണു സുരക്ഷാപരിശോധന നടത്തുന്നത്. മാർച്ച് 28നും 29നും ഇത്തരത്തിൽ ചിലയിടത്തു പരിശോധന നടത്തിയതായും സ്പൈസ് ജെറ്റ് സമ്മതിച്ചിട്ടുണ്ട്. തുടർന്ന് ‘മോഷ്ടാക്കളെ’ പിടികൂടി നടപടിയെടുക്കുകയും ചെയ്തു.
സത്യസന്ധരായ ജീവനക്കാർക്കു മോശം പേരുണ്ടാകാതെ സംരക്ഷിക്കാൻ വേണ്ടിയാണ് പരിശോധന. കൂട്ടത്തിലെ മോഷ്ടാക്കളെ പിടികൂടുകയാണു ലക്ഷ്യമെന്നും സ്പൈസ്ജെറ്റ് സീനിയർ വൈസ് പ്രസിഡന്റിനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.