ബെയ്ജിങ്∙ ജപ്പാനിലും ചൈനയിലും നടക്കുന്ന അടുത്ത രണ്ട് ഒളിംപിക്സുകളിൽ ഉത്തര കൊറിയയും പങ്കെടുക്കും. ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നുമായി രാജ്യാന്തര ഒളിംപിക് കമ്മിറ്റി(ഐഒസി) പ്രസിഡന്റ് തോമസ് ബാസ് നടത്തിയ ചർച്ചയിലാണ് ഇക്കാര്യം തീരുമാനമായത്. ദക്ഷിണകൊറിയയിൽ ശീതകാല ഒളിംപിക്സിൽ ഉത്തര കൊറിയ പങ്കെടുത്തിരുന്നു. വ്യാഴാഴ്ചയാണ് ഒളിംപിക് കമ്മറ്റി മേധാവി ഉത്തര കൊറിയയിലെത്തിയത്.
2020ൽ ടോക്കിയോവിൽ നടക്കുന്ന ഒളിംപിക്സിലും 2022 ബെയ്ജിങ് ശീതകാല ഒളിംപിക്സിലും ഉത്തര കൊറിയ പങ്കെടുക്കുമെന്ന് ബെയ്ജിങ് വിമാനത്താവളത്തിലെത്തിയ തോമസ് ബാസ് പറഞ്ഞു. ഒളിംപിക്സ് പങ്കാളിത്തത്തെ ഉത്തര കൊറിയൻ ഭരണാധികാരി കിം പൂർണമായും സ്വാഗതം ചെയ്തതായും അദ്ദേഹം പ്രതികരിച്ചു.
അതേസമയം ശീതകാല ഒളിംപിക്സ് സമാധാനത്തിന്റെ കൂടി വേദിയാക്കി മാറ്റിയ കിമ്മിന് ഐഒസി മേധാവി സന്ദര്‍ശനത്തിൽ നന്ദി അറിയിച്ചതായി ഉത്തര കൊറിയൻ വാർത്താ ഏജൻസിയായ കെസിഎൻഎ റിപ്പോർട്ട് ചെയ്തു. ഉത്തര കൊറിയൻ ഒളിംപിക് അസോസിയേഷനുമായി ചേർന്ന് രാജ്യത്തെ കായിക മേഖലയിൽ പുരോഗതിയും ഐഒസി ലക്ഷ്യമിടുന്നതായും കെസിഎൻഎ അറിയിച്ചു.
അതേസമയം ദക്ഷിണകൊറിയ ഇതുവരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഉത്തര കൊറിയ സന്ദർശിക്കുന്നതിനു ബാസിന് ഔദ്യോഗിക ക്ഷണം ലഭിക്കുന്നത്. മേഖലയിലെ അസ്വസ്ഥതകൾക്കു പരിഹാരം കാണാനുള്ള വഴിയായാണ് കായിക മത്സരങ്ങളെ കാണുന്നതെന്നു ബാസ് അന്നു പ്രതികരിച്ചിരുന്നു.
ദക്ഷിണ കൊറിയ പ്രസിഡന്റ് മൂൺ ജെ ഇൻ, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് എന്നിവരുമായുള്ള കൂടിക്കാഴ്ചയ്ക്കു മുന്നോടിയായി കിം ജോങ് ഉൻ ചൈന സന്ദർശനം പൂർത്തിയാക്കിയിരുന്നു. ഫെബ്രുവരിയിൽ നടന്ന ശീതകാല ഒളിംപിക്സിൽ ഇരു കൊറിയകളും ഒരു കൊടിക്കു കീഴീലാണ് അണിനിരന്നത്. ഏപ്രിൽ 27ന് ഇരുകൊറിയകളും പങ്കെടുക്കുന്ന ഉന്നതതല സമ്മേളനവും നടക്കും.