കൊച്ചിയിൽ ആവേശോജ്വല സ്വീകരണം ഏറ്റുവാങ്ങി കേരള ഫുട്ബോൾ ടീം

സന്തോഷ് ട്രോഫിയുമായി കൊച്ചി ജവാഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിലെത്തിയ കേരള ടീം. ചിത്രം: ജിൻസ് മൈക്കിൾ

കൊച്ചി∙ ബംഗാളിനെ തോൽപിച്ചു സന്തോഷ് ട്രോഫി സ്വന്തമാക്കിയ കേരള ഫുട്ബോൾ ടീമിനു കൊച്ചിയിൽ വൻ സ്വീകരണം. നെടുമ്പാശേരി വിമാനത്താവളത്തിൽ തിങ്കളാഴ്ച വൈകിട്ട് വന്നിറങ്ങിയ ടീമിനെ ചെണ്ടമേളത്തോടെയായിരുന്നു സ്വീകരിച്ചത്. പിന്നീട് ടീം അംഗങ്ങളെ പ്രത്യേക ബസിൽ കൊച്ചി ജവാഹർ ലാൽ നെഹ്റു സ്റ്റേഡിയത്തിലേക്കു നയിച്ചു. ടീം അംഗങ്ങൾക്കു മന്ത്രി കെ.ടി.ജലീൽ, കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് കെ.എം.ഐ.മേത്തർ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. സന്തോഷ് ട്രോഫിയുമായി മാധ്യമങ്ങൾക്കു മുന്നിൽ പോസ് ചെയ്തും ടീം അംഗങ്ങൾ സ്വീകരണം ആഘോഷമാക്കി. 

സന്തോഷ് ട്രോഫിയുമായി കേരള ടീം അംഗങ്ങൾ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ

കേരളം സന്തോഷ് ട്രോഫി ഫുട്ബോൾ ജേതാക്കളായതിൽ ആഹ്ലാദം പ്രകടിപ്പിച്ച് ഏപ്രിൽ ആറിന് വിജയദിനമായി ആഘോഷിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. അന്നു സംസ്ഥാന സർക്കാറിന്റെ ആഭിമുഖ്യത്തിൽ കേരളാ ടീമിന് സ്വീകരണം നൽകും. വൈകുന്നേരം നാലിനു സെൻട്രൽ സ്റ്റേഡിയത്തിലാണു സ്വീകരണം.

ക്യാപ്റ്റൻ രാഹുൽ വി.രാജിനെയും കോച്ച് സതീവൻ ബാലനെയും ഫോണിൽ വിളിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം അഭിനന്ദിച്ചിരുന്നു. പതിനാലു വര്‍ഷത്തിനു ശേഷം കേരളത്തിനായി കിരീടമുയർത്തിയത് ആവേശവും അഭിമാനവും നല്‍കുന്നതാണെന്നു മുഖ്യമന്ത്രി പറഞ്ഞു. കായിക മന്ത്രി എ.സി.മൊയ്തീനും ടീമിനെ അഭിനന്ദിച്ചു.