മഡ്രിഡ് ∙ യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ സൂപ്പർ അട്ടിമറി. ഇന്നലെ പുലർച്ചെ പൂർത്തിയായ കളിയിൽ, ഇംഗ്ലിഷ് പ്രീമിയർ ലീഗ് ചാംപ്യൻപട്ടത്തിലേക്കു കുതിക്കുന്ന മാഞ്ചസ്റ്റർ സിറ്റിയെ ലിവർപൂൾ 3–0ന് മുട്ടുകുത്തിച്ചു. ബാർസിലോന 4–1ന് ഇറ്റാലിയൻ ക്ലബ് എ.എസ്. റോമയെയും കീഴടക്കി.
ചെമ്പടയുടെ സൂപ്പർ താരങ്ങളായ മുഹമ്മദ് സലാഹ് (12), അലക്സ് ചേംബർലീൻ (20), സാദിയോ മാനെ (31) എന്നിവർ ആദ്യ അരമണിക്കൂറിനകം സിറ്റിയുടെ കഥ കഴിച്ചു. അതേസമയം റോമ താരം ഡാനിയേൽ ഡി റോസിയും മാനോലാസും വഴങ്ങിയ സെൽഫ് ഗോളുകൾ ബാർസയ്ക്ക് 2–0 ലീഡ് നൽകി. ജെറാർദ് പീക്കേയും സ്വാരെസും ബാർസയ്ക്കായി ഗോൾ നേടി. എഡിൻ സീക്കോയുടേതാണ് റോമയുടെ ഏകഗോൾ.