Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘എല്ലാം ശരിയാകും’: തായ് ഗുഹയിലെ കുട്ടികളോട് ‘സൂപ്പർ മാരിയോ’

mario-thai-boys ചിലെയിലെ ഖനിത്തൊഴിലാളി മാരിയോ സെപ്ലുവേദയും തായ്‍ലാൻഡ് ഗുഹയിൽ അകപ്പെട്ട കുട്ടികളും. ചിത്രം:ട്വിറ്റർ

ബാങ്കോക്ക് ∙ മണ്ണിനടിയില്‍പെട്ട 69 ദിവസത്തെ ഇരുണ്ട ഓര്‍മകളുമായി പ്രാര്‍ഥനയോടെ അയാള്‍ തായ്‌ലൻഡിലെ ഗുഹയില്‍ അകപ്പെട്ട കുട്ടികള്‍ക്കായി ആശംസിച്ചു- ‘എല്ലാം ശരിയാകും. ദൈവം നിങ്ങളെ അനുഗ്രഹിക്കും.’ 2010-ല്‍ ചിലെയിൽ ഭൂമിക്കടിയില്‍ രണ്ടു മാസത്തോളം കുടുങ്ങിക്കിടന്ന ശേഷം രക്ഷപ്പെട്ട ഖനിത്തൊഴിലാളികളില്‍ ഒരാളായ മാരിയോ സെപ്ലുവേദയെന്ന ‘സൂപ്പർ മാരിയോ’ ആണ് തായ്‌ലന്‍ഡിലെ കുട്ടികള്‍ക്കായി ട്വിറ്ററില്‍ വിഡിയോ സന്ദേശം പോസ്റ്റ് ചെയ്തത്. 

ഹെല്‍മെറ്റും മഞ്ഞ സുരക്ഷാ കുപ്പായവും ധരിച്ചാണ് മാരിയോ വിഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. 12 കുട്ടികളുടെ മാതാപിതാക്കള്‍ക്കും രക്ഷാപ്രവര്‍ത്തനം നടത്തുന്ന അധികൃതര്‍ക്കും എല്ലാവിധ കരുത്തും ആശംസകളും അറിയിക്കുന്നുവെന്നു മാരിയോ പറയുന്നു. ‘രാജ്യവും സര്‍ക്കാരും എല്ലാവിധ ശ്രമങ്ങളും നടത്തുമ്പോള്‍ അതു വിജയിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ദൈവം നിങ്ങളെ അനുഗ്രഹിക്കും.’- മാരിയോ തുടരുന്നു. തായ്‌ലന്‍ഡില്‍നിന്നുള്ള വാര്‍ത്തകള്‍ എട്ടു വര്‍ഷം മുമ്പു തനിക്കു നേരിടേണ്ടിവന്ന ദുരനുഭവത്തിന്റെ തീച്ചൂടുള്ള ഓർമയാണു മാരിയോയ്ക്ക്.

33 പേർ; അവർ അതിജീവനത്തിന്റെ ഇതിഹാസ പാഠങ്ങൾ

2010 ഓഗസ്‌റ്റ് അഞ്ചിന് ചിലെയിലെ സനോസെ ഖനിയിൽ കുടുങ്ങിപ്പോയ 33 പേരെ 70 ദിവസത്തെ ഇരുണ്ട ഇടവേളയ്‌ക്കു ശേഷമാണു സുരക്ഷിതമായി പുറത്തെത്തിക്കാൻ കഴിഞ്ഞത്. ആദ്യഘട്ടത്തിൽ എല്ലാവരും മരിച്ചുവെന്നാണു കരുതിയിരുന്നത്. എട്ടുലക്ഷം ടൺ പാറക്കൂട്ടമാണു തകർന്നുവീണത്. ഖനിക്കുള്ളിൽ 33 പേർ കുടുങ്ങി. 15 സെന്റിമീറ്റർ വ്യാസത്തിൽ തുരങ്കമുണ്ടാക്കി ഇതിലൂടെ കംപ്യൂട്ടർ സംവിധാനവും വിഡിയോ ക്യാമറയും ഉൾപ്പെടുന്ന ഉപകരണം താഴേക്കിറക്കിയായിരുന്നു അന്വേഷണം. തിരച്ചിലിനായി ഖനിക്കുള്ളിലേക്കിറക്കിയ വിഡിയോ ക്യാമറ, ഇവർ കുടുങ്ങിക്കിടക്കുന്നുവെന്നു കരുതുന്ന സ്‌ഥലത്തെത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. ഓഗസ്‌റ്റ് 22–നു മറ്റൊരു ഉപകരണം ഇവരെ കണ്ടെത്തി. ഖനിയുടെ അടിത്തട്ടിൽപ്പെട്ട അവരുടെ പ്രതീക്ഷയോടെയുള്ള നോട്ടം ക്യാമറ പകർത്തി. ചെറുകടലാസിൽ ചുവന്ന അക്ഷരങ്ങളിൽ ഇവർ എഴുതിയ ‘ഞങ്ങൾ 33 പേരും ജീവിച്ചിരിക്കുന്നു’ എന്ന സന്ദേശം ഭൂതലത്തിലെത്തി.

chile mine rescue ഖനിയിൽനിന്നു പുറത്തെത്തിയ മാരിയോ സെപ്ലുവേദയുടെ ആഹ്ലാദം. (ഫയൽ ചിത്രം)

തുടർന്നു വെള്ളം, സമീകൃത ഭക്ഷണം, മരുന്ന് തുടങ്ങിയവ ഖനിയിലേക്കു ചെറുതുരങ്കത്തിലൂടെ അയച്ചു. ഇതിനു ശേഷം രക്ഷാപ്രവർത്തനത്തിനായി, 66 സെന്റിമീറ്റർ വ്യാസമുള്ള തുരങ്കനിർമാണം തുടങ്ങി. സെപ്‌റ്റംബർ 17–നാണു തുരങ്കത്തിന്റെ ആദ്യഘട്ടം പൂർത്തിയായത്. ബലപ്പെടുത്തൽ, വീതികൂട്ടൽ തുടങ്ങിയ പ്രവൃത്തികൾക്കു ശേഷം ഒക്‌ടോബർ ഒൻപതിനു തുരങ്കനിർമാണം പൂർത്തിയായി. തുടർന്ന് രക്ഷപ്പെടുത്തലിനിടയിൽ അപകടം ഒഴിവാക്കാനുള്ള സംവിധാനം തയാറായി. ഫീനിക്‌സ് രക്ഷാപേടകം പരീക്ഷിച്ചു. ഒക്‌ടോബർ 13 ന് രാവിലെ 7.48–നു തൊഴിലാളികളെ ഖനിയിൽനിന്നു പുറത്തെത്തിക്കൽ ദൗത്യം തുടങ്ങി. രക്ഷാപ്രവർത്തകൻ മാനുവൽ ഗൊൺസാലെസ് ഫീനിക്‌സ് പേടകത്തിൽ ഖനിക്കുള്ളിലേക്കു കടന്നു. 8.40–ന് ആദ്യത്തെയാൾ, ഫ്ലോറൻഷ്യോ അവാലസ് ഭൂമിക്കു മുകളിൽ. പിറ്റേന്നു രാവിലെ 6.25–നാണ് അവസാനത്തെയാൾ ലൂയി ഉർസുവ പുറത്തെത്തിയത്. തുടർന്ന് രക്ഷാപ്രവർത്തകൻ മാനുവൽ ഗൊൺസാലെസും പുറത്തെത്തി.

chile mine rescue ചിലെ ഖനിയിൽ നടന്ന രക്ഷാപ്രവർത്തനം (ഫയൽ ചിത്രം)

മികച്ച ആരോഗ്യമുള്ളവരും യാത്രയെക്കുറിച്ചു രക്ഷാപ്രവർത്തകർക്കു വ്യക്‌തമായ വിവരണം നൽകാൻ കഴിയുന്നവരുമായ നാലുപേർ ആദ്യം. പിന്നീട് ആരോഗ്യപ്രശ്‌നങ്ങളും തളർച്ചയുമൊക്കെയുള്ളവർ. നല്ല ആരോഗ്യവും മനക്കരുത്തുമുള്ള നാലുപേർ അവസാനം. ഈ ക്രമത്തിലാണു രക്ഷാപ്രവർത്തനത്തിന്റെ പട്ടിക തയാറാക്കിയത്. ഫീനിക്‌സിന്റെ മുകളിലേക്കും താഴേക്കുമുള്ള യാത്രയ്‌ക്ക് 15 - 20 മിനിറ്റ് വീതമാണു വേണ്ടിവന്നത്. 45 - 60 മിനിറ്റിന്റെ ഇടവേളയിൽ ഓരോരുത്തരെ ഭൂതലത്തിൽ എത്തിക്കുകയായിരുന്നു.

രക്ഷകനായ് മാനുവൽ

ഏഴുലക്ഷം ടൺ പാറക്കെട്ടുകൾ അടർന്നുവീണ ഖനിക്കടിയിൽ, മരണം വെറുതെവിട്ട 33 പേർ. കൂറ്റൻ പാറക്കെട്ടുകളെ ‘വേദനിപ്പിക്കാതെ’, പ്രകമ്പനം പരമാവധി കുറച്ച് ഒന്നരമാസം കൊണ്ടുണ്ടാക്കിയ കുഴൽക്കിണർ പോലെയുള്ള തുരങ്കത്തിലൂടെ അവരെ ഭൂമിയിലേക്കു വലിച്ചുകയറ്റുമ്പോൾ എന്തെങ്കിലും സംഭവിക്കുമോ എന്ന ആശങ്ക. ഭൂമി ചെറുതായിപ്പോലും അനങ്ങരുതേ എന്ന് ഉള്ളുരുകി പ്രാർഥിക്കുന്നവർ.

chile mine rescue ചിലെയിലെ ഖനിയിൽനിന്നു പുറത്തെത്തിയവരുടെ ആഹ്ലാദം (ഫയൽചിത്രം)

അപ്പോഴാണ്, മാനുവൽ ഗൊൺസാലെസ് പാവെസ് എന്ന മുപ്പത്തിരണ്ടുകാരൻ ഭൂമിയിൽ നിന്ന് ഈ ഖനിയിലേക്കിറങ്ങാൻ നിയോഗിക്കപ്പെടുന്നത്. അതിവിദഗ്‌ധ പരിശീലനം നേടിയ 16 രക്ഷാപ്രവർത്തകരിൽ രണ്ടുപേർ ഖനിയിലേക്കിറങ്ങിയ ശേഷം ഓരോരുത്തരെ ഫീനിക്‌സ് പേടകത്തിൽ കയറ്റി മുകളിലേക്കെത്തിക്കുക എന്നതായിരുന്നു ധാരണ. എന്നാൽ, യാത്ര സുഗമമാണെന്നു ബോധ്യമായതോടെ മാനുവൽ തന്നെ അവാലസിനെ പേടകത്തിൽ കയറ്റി മുകളിലേക്കയച്ചു.

ഖനിയിലെ ‘ഡോക്‌ടർ’ ബാരിയോസ്

പ്രതിസന്ധിഘട്ടത്തിൽ ഖനിയിലെ 33 പേർക്കു നേതൃത്വം നൽകിയത് ഷിഫ്‌റ്റ് സൂപ്പർവൈസർ ലൂയി ഉർസുവ (54) യാണ്. അപകടം നടന്നുവെന്നു ബോധ്യപ്പെട്ട ഉടൻ ഇദ്ദേഹം മറ്റുള്ളവരെ സുരക്ഷിത സങ്കേതത്തിനകത്തുതന്നെ നിർത്തി. ഏറെക്കാലം കാത്തിരിക്കാനുള്ള തയാറെടുപ്പുകളും പരിശീലനവും നൽകി. ഇവർ കുടുങ്ങിക്കിടക്കുന്ന ഭാഗത്തിന്റെ ഭൂപടം തയാറാക്കി. മുകളിലുള്ള രക്ഷാപ്രവർത്തനങ്ങളുമായി ആശയവിനിമയം ഏകോപിപ്പിച്ചു. ലൂയി ഉർസുവയാണ് ഏറ്റവും അവസാനം ഭൂമിക്കു മുകളിലെത്തിയത്.

chile mine rescue ചിലെയിലെ ഖനിയിൽനിന്നു പുറത്തെത്തിയവരുടെ ആഹ്ലാദം (ഫയൽചിത്രം)

സംഘത്തിലെ മറ്റെല്ലാവരും പുറത്തെത്തിയ ശേഷം അവസാനം മാത്രമേ താൻ മുകളിലേക്കുള്ളൂ എന്നു വ്യക്‌തമാക്കിയ ഉർസുവ, നായകന്റെ യഥാർഥഗുണം ലോകത്തെ ബോധ്യപ്പെടുത്തി. ബാരിയോസ് (27) ആയിരുന്നു സംഘത്തിലെ ‘ഡോക്‌ടർ’. എല്ലാവരുടെയും ആരോഗ്യം നോക്കുകയും പ്രഥമശുശ്രൂഷ നൽകുകയും കുത്തിവയ്‌പ് നടത്തുകയുമൊക്കെയായിരുന്നു ബാരിയോസിന്റെ ചുമതല. മരിയോ ഗോമസ് (63) ഇവരുടെ ആത്മീയ നേതൃസ്‌ഥാനമേറ്റെടുത്തു. മരിയോ സെപുൾവേഡ (40) സംഘത്തിലെ എന്റർടൈനറും.

chile mine rescue ചിലെയിലെ ഖനിയിൽനിന്നു പുറത്തെത്തിയവർ. (ഫയൽചിത്രം)