ബൈജു, നിങ്ങളാകാൻ ഞങ്ങളെത്ര ദൂരം താണ്ടണം? കാട്ടിൽ നിന്നൊരു സ്നേഹഗാഥ

അതിരപ്പിള്ളി കാടിന്റെ തോഴൻ ബൈജു കെ.വാസുദേവൻ.

കോലാഹല പ്രിയൻ, കോമാളി.. ഇങ്ങനെയൊക്കെയാണ് പേരുകേൾപ്പിക്കുക. എന്നാൽ പങ്കാളിക്കു ‘ഡെലിവറി’ അടുത്താൽ കക്ഷിയുടെ മട്ടുമാറും. ആശാനുടൻ നിശബ്ദനാകും, പിന്നെ ഗംഭീരഗൗരവക്കാരൻ. വീട്ടിലേക്കുള്ള പോക്കുവരവിൽ പോലും സൂചിമുനയുടെ സൂഷ്മതയാണ് പിന്നീട് – തീവ്രസ്നേഹത്തിന്റെ ആ കാട്ടുപതിപ്പിന്റെ പേര് കോഴിവേഴാമ്പൽ, സഹ്യപർവതത്തിൽ മാത്രം കാണുന്ന കാട്ടുപക്ഷി (Malabar Grey Hornbill).

വേഴാമ്പൽ കുടുംബത്തിലെ ഒരുപാടു കക്ഷികളെ നേരിട്ടറിയാവുന്ന ആളാണ് അതിരപ്പിള്ളിക്കാടിന്റെ പ്രിയതോഴൻ ബൈജു കെ.വാസുദേവൻ. കഴിഞ്ഞദിവസം പ്രിയപ്പെട്ട ഒരു കോഴിവേഴാമ്പലിനെ കണ്ട് ബൈജുവിന്റെ ഹൃദയം പിടച്ചു. വനപാതയോരത്ത് ഏതോ വാഹനമിടിച്ചു ചത്തപക്ഷി. ശ്രദ്ധിച്ചില്ലെങ്കിൽ കുറെ കിളിയും ആനയുമൊക്കെ വണ്ടിയിടിച്ചു ചാവും എന്നു പറയുന്ന മനുഷ്യരുടെ നാട്ടിൽ വ്യത്യസ്തനാണ് ബൈജു. കാടില്ലെങ്കിൽ നാടില്ലെന്നറിയാവുന്ന പക്കാ പരിസ്ഥിതിസ്നേഹി. ആ വേഴാമ്പലിന്റെ ചുണ്ടിലേക്കു നോക്കിയ ബൈജുവിന്റെ മനസും പിടച്ചുപോയി, സങ്കടത്താൽ കണ്ണുകൾ പോലും നിറഞ്ഞു.

‘‘മനുഷ്യാ ഞാൻ മരണത്തിനു കീഴടങ്ങി. എന്നാൽ എന്റെ ചുണ്ടിൽ സൂക്ഷിച്ചു നോക്ക്. എന്റെ പ്രിയതമയ്ക്കും ഞാൻ ഇതുവരെ കണ്ടിട്ടുപോലുമില്ലാത്ത കുഞ്ഞിനും കരുതിയ ഭക്ഷണമാണിത്. ഞാൻ മടങ്ങാതായാൽ എന്റെ കുഞ്ഞും അതിന്റെ അമ്മയും മരപ്പൊത്തിൽ പട്ടിണിയിരുന്നു പിടഞ്ഞുമരിച്ച് എന്നോടൊപ്പം തന്നെവരും. അവർക്കു വേണ്ടിയാണു കടുത്ത വേദനയിലും വാ പോലും നേരെ തുറക്കാതെ, ഈ ഭക്ഷണം കളയാതെ ഞാൻ കരുതിയത്. – ചത്തുകിടന്ന വേഴാമ്പൽ ബൈജുവിന്റെ മനസിൽ തോന്നിച്ച വാക്കുകളാണിത്.

അതിരപ്പിള്ളിയിൽ വാഹനമിടിച്ചു ചത്ത ആൺ വേഴാമ്പൽ. വായിൽ പഴങ്ങളും കാണാം.

ഒറ്റ ഇണയെ സ്വീകരിച്ച്, ഒരേകൂട്ടിൽ വർഷങ്ങളോളം താമസിക്കുന്ന, പതിറ്റാണ്ടുകൾ ജീവിക്കുന്ന സ്നേഹപ്പക്ഷികളാണ് വേഴാമ്പലുകൾ. ‘ഈവഴി ഹേമന്തമെത്ര വന്നൂ, പുഷ്പപാത്രങ്ങളിൻ തേൻ പകർന്നൂ’ എന്നു പ്രിയതമയോടു പറയുന്ന കണ്ണുകൾ. ‘മായുന്നുവോ, ഓർമകൾ കേഴുന്നുവോ’ എന്നു കരഞ്ഞുപാടുന്ന മുഖഭാവമായിരുന്നു ആ വേഴാമ്പലിന്. ജീവൻപോയ പക്ഷിയെ ബൈജു കാണുമ്പോൾ അതിനു രണ്ടു ദിവസത്തെ പഴക്കമുണ്ടായിരുന്നു. പിന്നെയൊരു ഓട്ടമായിരുന്നു, കാട്ടിലേക്ക്. പ്രാണൻ വിട്ടകന്ന കിളിയുടെ കൂടും പ്രിയരെയും തേടി കാടുകയറിയ ഒരു മനുഷ്യന്റെ അത്യപൂർവമായ സ്നേഹകഥ ഇനി കേൾക്കാം. 

‘കാടുണർത്തുന്ന’ പക്ഷികൾ

കാടിന്റെ സംഗീതമാണു വേഴാമ്പലുകൾ. കേരളത്തിലെ കാടുകളിലെ ‘ശബ്ദം’ കോഴിവേഴാമ്പലിന്റേതാണെന്നു പറയാം. മലമുഴക്കികളെപ്പോലെ പാണ്ടന്‍ വേഴാമ്പലുകളുടേയും കോഴി വേഴാമ്പലുകളുടേയും താവളമാണു വാഴച്ചാല്‍ മേഖല. കൗതുകകരമാണു വേഴാമ്പലിന്റെ ജീവിതം, പ്രജനനവും അതുപോലെ. ഉയരം കൂടിയ മരങ്ങളിലെ പൊത്തുകളിലാണ് ഇവ കൂടൊരുക്കുക. മുട്ടയിടാൻ കൂട്ടിൽ കയറുന്ന പെൺപക്ഷി മരത്തൊലിയും ചെളിയും കാഷ്ഠവും കൊണ്ടു ആ കൂടടയ്ക്കും. കൊക്കുകൾ മാത്രം പുറത്തേക്കിടാൻ ആ ചെളികൊത്തി ചെറിയൊരു ദ്വാരമുണ്ടാകും.

കലപില ശബ്ദമുണ്ടാക്കി പറന്നുനടക്കുന്നതാണു ശീലമെങ്കിലും പ്രജനനകാലത്തു നിശബ്ദനും ഗൗരവക്കാരനുമാണു കോഴിവേഴാമ്പൽ. പൊട്ടൻ വേഴാമ്പൽ, മഴയമ്പുള്ള്‌, ചരടൻ കോഴി എന്നിങ്ങനെ പലപേരുകളുണ്ട് ഈ പക്ഷിക്ക്. ജനുവരിയിലാണു കൂടൊരുക്കൽ. പക്ഷിയുടെ പുറം ഭാഗത്തിനു തവിട്ടു കലർന്ന ചാരനിറമാണ്. ചിറകുകളുടെ കീഴ്‌പകുതിയും വാലും കറുപ്പ്. പെൺപക്ഷിയുടെ കൊക്കിനു മഞ്ഞനിറം. ആൺപക്ഷിയുടേത് ഓറഞ്ചുകലർന്ന ചുവപ്പ്. ഈ ലക്ഷണങ്ങളും വായിൽ നിറയെ പഴങ്ങളും കണ്ടപ്പോഴാണു നമ്മുടെ കഥാനായകൻ ബൈജുവിന്റെ ഉള്ളിൽ മിന്നലുണ്ടായത്.

20-22 ആഴ്ചവരെ നീളുന്ന പ്രജനനകാലത്തു തള്ളയെയും കുഞ്ഞിനെയും തീറ്റേണ്ട ചുമതല ആൺപക്ഷിക്കാണ്. കൂടിനു കാവലിരുന്നു പ്രിയപ്പെട്ടവരെ സംരക്ഷിക്കേണ്ട കടമയുമുണ്ട്. ആൽ, കാരകം, വാഴപുന്ന, ഞാവൽ തുടങ്ങിയ പഴങ്ങളാണു തീറ്റ. മുട്ട വിരിഞ്ഞാൽ തൂവലുകൾ കൊഴിച്ചു പെൺപക്ഷി കുഞ്ഞിനു മെത്തയൊരുക്കും. കുഞ്ഞുണ്ടായി രണ്ടാഴ്ചയൊക്കെ കഴിയുമ്പോഴേ കൂടു പൊളിച്ച് പെൺപക്ഷി പുറത്തുവരൂ. പിന്നെയും ദിവസങ്ങളെടുത്താണു കുഞ്ഞ് വരിക. പൊതുവെ ജൂണോടെ വേഴാമ്പൽ കുഞ്ഞുങ്ങൾ കൂടുവിട്ടു പുറത്തിറങ്ങും. 

‘കൂടു’മരം കണ്ടെത്തിയ മനുഷ്യത്വം

നെഞ്ചിലെ നെരിപ്പോടിൽ ദുഃഖം താങ്ങാതായപ്പോൾ ബൈജു ചത്ത വേഴാമ്പലിന്റെ ചിത്രം ഫെയ്സ്ബുക്കിലിട്ടു, രണ്ടുവരി കുറിപ്പും. കാട്ടുപാതകളിൽ ഗ്ലാസ് കയറ്റി, എസിയിട്ട്, ശരവേഗത്തിൽ വാഹനത്തിൽ പായുന്നവർ കാണണമെന്ന ഉദ്ദേശ്യത്തോടെ. തീറ്റതേടിപ്പോയ ആണിനു ആപത്തുണ്ടായാൽ കൂട്ടിലെ ഇണയും കുഞ്ഞും ഭക്ഷണം കിട്ടാതെ ചാവും. താഴ്ന്നു പറന്നപ്പോഴായിരിക്കാം അവനെ വാഹനം ഇടിച്ചത്. നമ്മളെല്ലാം മരണത്തോടു മല്ലിടുമ്പോൾ ഒരിറ്റു ശ്വാസത്തിനായി ശ്രമിക്കും. പക്ഷേ ഇവൻ ആ പിടച്ചിലിലും ഇണയ്ക്കും കുഞ്ഞിനുമുള്ള തീറ്റ കൊക്കിൽ കരുതി. അതാണെന്നെ വേദനിപ്പിച്ചത്, നെഞ്ചിലൊരു പിടപ്പുണ്ടാക്കിയത്. – ബൈജു പറഞ്ഞു.

വേഴാമ്പലിന്റെ കൂട്ടിലേക്കു കയറാനുള്ള മുള വെട്ടിക്കൊണ്ടുവരുന്നു.

താഴ്ന്നു പറന്നതിനാൽ കിളിയുടെ കൂട് അടുത്തെവിടെയെങ്കിലും ആയിരിക്കുമെന്നു തോന്നി. കാടിനെയും കിളികളെയും കാലങ്ങളായി നിരീക്ഷിക്കാറുണ്ട് ബൈജു. ഏകദേശ ഊഹങ്ങൾ വച്ചു തിരച്ചിൽ തുടങ്ങി. സുഹൃത്തും പക്ഷിനിരീക്ഷകനുമായ സുധീഷ്‌ തട്ടേക്കാടും ഒപ്പം കൂടി. വനംവകുപ്പിലെ ഉദ്യോഗസ്ഥർ പ്രോത്സാഹിപ്പിച്ചു. ജയൻ ചേട്ടൻ, വാച്ചർമാരായ ഔസേപ്പ് ചേട്ടൻ, അജീഷ് ഗോപി, റേഞ്ച് ഓഫിസർ അഖിൽ സാർ, ഫോറസ്റ്റർ ഹരിദാസ് സാർ.. അങ്ങനെ മനസ്സിൽ സ്നേഹം കൂടുകൂട്ടിയ ഒരുപാടുപേർ സഹായത്തിനെത്തി.

നിരന്തര തിരച്ചിലിനൊടുവിൽ തൊട്ടടുത്ത ദിവസം കൂടു കണ്ടെത്തി. അതും 25–30 അടി ഉയരത്തിലുള്ള മരത്തിൽ! ചെവി കൂർപ്പിച്ചാൽ താഴേയ്ക്കു നേർത്ത കരച്ചിൽ കേൾക്കാം. പ്രിയതമനെ തേടുന്ന, അച്ഛനെ തേടുന്ന രണ്ടു കിളികളുടെ കരച്ചിൽ. വിശപ്പിന്റെ ക്ഷീണമുണ്ടായിരുന്നു ആ കരച്ചിലിന്. അസാധാരണമായ ആ കരച്ചിൽ കേട്ടു മറ്റു വേഴാമ്പലുകളും മരത്തിനെ വട്ടമിട്ടു പറന്നു. അവർ തീറ്റ നൽകിയേക്കുമെന്ന പ്രതീക്ഷയിൽ കുറെനേരെ നിന്നു. പക്ഷേ, പൊടിക്കുഞ്ഞുങ്ങളുമായി അവിടെ കൂടുകൂട്ടിയിരുന്ന മൈനകൾ, ശത്രുക്കളെന്നു കരുതി വേഴാമ്പലുകളെ ആക്രമിച്ചു തുരത്തി. ഇനിയെന്തു ചെയ്യും?

കുറച്ചധികം ആഞ്ഞിലിപ്പഴങ്ങളും അത്തിപ്പഴങ്ങളും ശേഖരിച്ചു. വലിയൊരു മുളയേണി സംഘടിപ്പിച്ചു. അതു മരത്തിൽ ചാരി. മുളയേണിയിലൂടെ മുകളിലേക്ക്. ബൈജുവിനു നേർക്കു വിശപ്പിന്റെ ആഴങ്ങളുള്ള നാലു കണ്ണുകൾ തുറിച്ചുനോക്കി. കയ്യിലെ പഴങ്ങൾ കൂട്ടിലേക്ക് ഇട്ടുകൊടുത്തു. സങ്കടപ്പെയ്ത്തിന്റെ കരച്ചിൽ അവസാനിപ്പിച്ച് കിളികൾ അവ കൊത്തിത്തിന്നു, ദിവസങ്ങളുടെ വിശപ്പാറ്റി.

ആദിവാസികളായ രാഹുൽ, കാർത്തിക് എന്നീ ചെറുപ്പക്കാർക്കും തീറ്റ കൊടുക്കാൻ ആഗ്രഹം. അമ്മ–കുഞ്ഞു വേഴാമ്പലുകളെ തീറ്റിക്കൽ അവരേറ്റെടുത്തു. കിളികൾക്കു ശല്യമാകാത്ത രീതിയിലാണു തീറ്റ കൊടുക്കൽ. കുഞ്ഞിക്കിളി പറക്കുന്നതു വരെ തീറ്റ കൊടുക്കേണ്ടി വരും. അതിനൊരു പ്രയാസവുമില്ല. ഒരുപാട് ജീവികളെ രക്ഷിച്ചിട്ടുണ്ടെങ്കിലും ഇതുപോലൊരു അനുഭവം ആദ്യം. ഇത്രയും സങ്കടവും സന്തോഷവുമുണ്ടായതും വേറൊന്നില്ല. മരിച്ചുപോയ കിളിയുടെ ആത്മാവ് മേഘങ്ങൾക്കിടയിൽ, മരത്തലപ്പുകൾക്കിടയിൽ ചിറകൊതുക്കി ആഹ്ലാദിക്കുന്നുണ്ടാവും. അവൻ ഈ കാട്ടിൽ എന്നെ വഴിനടത്തും. – ബൈജു പറഞ്ഞുനിർത്തി.

കാടു കാണാനെത്തിയ കുട്ടികളോടൊപ്പം ബൈജു വാസുദേവൻ.

നിനക്കറിയാമോ മരണത്തിന്റെ മണം

പണ്ട്‌ എന്റെ കിടപ്പു മുറിയിൽ‍, തണുപ്പു കാലത്ത്‌ ഒരു പക്ഷി വന്നുപെട്ടു. മഞ്ഞകലര്‍ന്ന തവിട്ടു നിറം. അത്‌ ജനവാതിലിന്റെ ചില്ലിന്മേല്‍ കൊക്കുകൊണ്ട്‌ തട്ടിനോക്കി. ചില്ല്‌ പൊട്ടിക്കുവാന്‍ ചിറകുകള്‍ കൊണ്ടും തട്ടി. അത്‌ എത്ര ക്ലേശിച്ചു! എന്നിട്ട്‌ എന്തുണ്ടായി? അത്‌ ക്ഷീണിച്ചു നിലത്തുവീണു. ഞാനതിനെ എന്റെ ഷൂസിട്ട കാലുകൊണ്ട്‌ ചവിട്ടിയരച്ചു കളഞ്ഞു. പിന്നീടു കുറേ നിമിഷങ്ങള്‍ നീണ്ടുനിന്ന മൗനത്തിനുശേഷം അയാള്‍ ചോദിച്ചു: `നിനക്കറിയാമോ മരണത്തിന്റെ മണം എന്താണെന്ന്‌?'

അവള്‍ കണ്ണുകള്‍ ഉയര്‍ത്തി അയാളെ നോക്കി. പക്ഷെ, ഒന്നും പറയുവാന്‍ നാവുയര്‍ന്നില്ല. പറയുവാന്‍ മറുപടി ഇല്ലാഞ്ഞിട്ടല്ല. മരണത്തിന്റെ മണം, അല്ല, മരണത്തിന്റെ വിവിധ മണങ്ങള്‍ തന്നെപ്പോലെ ആര്‍ക്കാണ്‌ അറിയുക? പഴുത്ത വ്രണങ്ങളുടെ മണം, പഴത്തോട്ടങ്ങളുടെ മധുരമായ മണം, ചന്ദനത്തിരികളുടെ മണം... പക്ഷേ, നാവിന്റെ ശക്തി ക്ഷയിച്ചുകഴിഞ്ഞിരുന്നു. മുറിയുടെ നടുവില്‍ ഇരിക്കുന്ന ചെറുപ്പക്കാരന്‍ അപ്പോഴും ഓരോന്നു പറഞ്ഞുകൊണ്ടിരുന്നു:

`നിനക്ക്‌ അറിയില്ല, ഉവ്വോ? എന്നാല്‍ പറഞ്ഞു തരാം. പക്ഷിത്തൂവലുകളുടെ മണമാണ്‌ മരണത്തിന്‌..!

(പക്ഷിയുടെ മണം– മാധവിക്കുട്ടി)