Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒന്നര ഡിഗ്രി ചൂടേറിയാല്‍ ലോകാന്ത്യം; നേരിടാൻ ഒരുങ്ങാം മഹാദുരന്തങ്ങളെ

വർഗീസ് സി.തോമസ്
Climate change പ്രതീകാത്മക ചിത്രം

നേതാക്കൾക്ക് ദർശനം നഷ്ടപ്പെടുമ്പോൾ പൂട്ടുവീഴുന്നതു ജീവന്റെ ഏക തുരുത്തായ ഭൂമിയെ രക്ഷിക്കാനുള്ള ശാസ്ത്രത്തിന്റെ അവസാന ശ്രമങ്ങൾക്ക്. ആഗോള താപനത്തിന്റെ താക്കോൽ ഉപയോഗിച്ചു തന്നെ ഇനി ലോകാവസാനത്തിന്റെയും വാതിൽ തുറക്കാം. ഡിസംബർ ഒന്നിന് ആരംഭിച്ച് 15 ശനിയാഴ്ച രാത്രി പോളണ്ടിലെ കാറ്റോവീറ്റ്സയിൽ സമാപിച്ച ലോക കാലാവസ്ഥാ ഉച്ചകോടിക്കു ലക്ഷ്യം കാണാതെ തിരശീല വീഴുകയാണ്. ഭൂമിയെ കൂടുതൽ താപ(പാപ)പങ്കിലമാക്കുന്ന പ്രവർത്തികളിൽ നിന്നു പിന്മാറാൻ കൂട്ടാക്കാതെ യുഎസും ചൈനയും യൂറോപ്പും മുന്നേറുമ്പോൾ ലോകത്തെ പാവപ്പെട്ട മനുഷ്യരെ കാത്തിരിക്കുന്നത് കൂടുതൽ രൂക്ഷമായ കാലാവസ്ഥാ ദുരന്തങ്ങൾ.

ആഗോള താപനം തടയുന്നതിനായുള്ള പാരിസ് കരാറിലെ വ്യവസ്ഥകളിൽ വെള്ളം ചേർത്തു ദുർബലമാക്കിയ കാറ്റോവീറ്റ്സ് ഉച്ചകോടി അങ്ങനെ ചരിത്രത്തിൽ കുതിർന്നമരുന്നു. കാലാവസ്ഥാ ദുരന്തത്തിൽ നിന്നു ലോകത്തെ രക്ഷിക്കുന്നതിനുള്ള അവസാന ശ്രമമായിരുന്നു ഇത്. പക്ഷെ ലോകരാജ്യങ്ങളുടെ ഭാഗത്തു നിന്നു കൂട്ടായ സഹകരണത്തിനു കളമൊരുങ്ങാതെയാണ് 24–ാമതു കാലാവസ്ഥാ ഉച്ചകോടിക്ക് പരിസമാപ്തിയാകുന്നത്. ആഗോള താപനിലയിലെ ശരാശരി വർധന ഒന്നര ഡിഗ്രിയിൽ കൂടാതെ പിടിച്ചുനിർത്തുക. ഇതിനാവശ്യമായ കർമപദ്ധതികളും അതിനാവശ്യമായ രാഷ്ട്രീയ അവബോധവും സൃഷ്ടിക്കായിരുന്നു ഉച്ചകോടിയുടെ ലക്ഷ്യം. എന്നാൽ തികച്ചും ദുർബലമായ വ്യവസ്ഥകളോടു കൂടിയ കരാറിലാണ് ഇരുനൂറോളം രാജ്യങ്ങളുടെ കൂട്ടായ്മ എത്തിച്ചേർന്നിരിക്കുന്നത്.

വികസ്വര രാജ്യങ്ങൾക്കു ലഭിക്കേണ്ട സാമ്പത്തിക സാങ്കേതിക സഹായങ്ങളോ പിന്തുണയോ വികസിത രാജ്യങ്ങളിൽ നിന്ന് ഉറപ്പാക്കുന്നതിൽ കോൺഫറൻസ് ഓഫ് പാർ‍ട്ടീസ് (സിഒപി) 24 എന്ന ഉച്ചകോടി പരാജയപ്പെട്ടു. ചൂടേറ്റതിന്റെ ഫലമായി കടൽ നിരപ്പ് ഉയർന്നും മഹാപ്രളയങ്ങളിൽ പെട്ടും കഷ്ടപ്പെടുന്ന മൂന്നാം ലോക രാജ്യങ്ങളെ രക്ഷിക്കാനും സഹായിക്കാനുമുള്ള ചരിത്രപരമായ ബാധ്യതയിൽ നിന്നാണ് സമ്പന്ന രാജ്യങ്ങൾ യാതൊരു ഉളുപ്പുമില്ലാതെ പിൻവലിഞ്ഞിരിക്കുന്നത്. സ്വന്തം നിലയിൽ പണം കണ്ടെത്തി രക്ഷാനടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഇന്ത്യയും മാലദ്വീപും ശ്രീലങ്കയും ബംഗ്ലദേശുമുൾപ്പെടെയുള്ള രാജ്യങ്ങളെ കാത്തിരിക്കുന്നത് കടലേറ്റം ഉൾപ്പെടെയുള്ള പ്രതിസന്ധികൾ.

അവസാനിക്കയാണോ എല്ലാ നന്മകളും

ലോകത്തെ ശരാശരി താപനില ഒന്നര ഡിഗ്രിയിൽ കൂടാതെ പിടിച്ചുനിർത്തിയില്ലെങ്കിൽ ലോകം അതിന്റെ അന്ത്യത്തിലേക്ക്. ഇന്റർ ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് (ഐപിസിസി) ഈ അവസാന മുന്നറിയിപ്പു നൽകിയിട്ട് ഒരു മാസം ആകുന്നു. എന്നിട്ടും 24–ാം ഉച്ചകോടിയിൽ വേർതിരിവുകൾ മറന്ന് ലോകരാജ്യങ്ങളുടെ ഒത്തൊരുമ ഉണ്ടാകാതെ പോയി. ഭൂമിയെയും പ്രകൃതിയെയും സ്നേഹിക്കയും വരുംതലമുറകളെപ്പറ്റി വിചാരപ്പെടുകയും ചെയ്യുന്ന ഓരോ മനുഷ്യസ്നേഹിയെയും വേദനിപ്പിക്കുന്ന അനുഭവമായി ഇത്.

DOUNIAMAG-POLAND-CLIMATE-ENERGY-COP24-ENVIRONMENT കാറ്റോവീറ്റ്സിൽ നടന്ന 24–ാമതു കാലാവസ്ഥാ ഉച്ചകോടിയിൽ നിന്ന്.

കാർബൺ വലിച്ചെടുക്കൽ എന്ന വിപണി (വനം) സാധ്യത

അനുദിനം വർധിച്ചു വരുന്ന പെട്രോളിയം ജ്വലനം മൂലം കാർബൺ പുറത്തേക്കു വരുന്നതാണ് ആഗോള താപനത്തിന്റെ അടിസ്ഥാന കാരണം. ഇങ്ങനെ അന്തരീക്ഷത്തെ ശ്വാസംമുട്ടിച്ച് ഭൂമിയിൽ അതിജീവനം അസാധ്യമാക്കാൻ പോകുന്ന കാർബൺ വാതകത്തെ വലിച്ചെടുത്ത് പകരം ജീവവായുവായ ഓക്സിജനെ പുറത്തേക്കു വിടുന്നതിന് വനങ്ങളും സസ്യാവരണവും കൂടുതലായി നട്ടുവളർത്തുക എന്ന പ്രാഥമിക ലക്ഷ്യമാണ് ലോകത്തിനു മുന്നിലുള്ളത്.

ഇങ്ങനെ ധാരാളം സസ്യാവരണങ്ങൾ ഉള്ള രാജ്യങ്ങളെ കാർബൺ മാർക്കറ്റ് എന്നാണ് വിളിക്കുക. ഇക്കാര്യത്തിൽ കൂടുതൽ സ്ഥലങ്ങളിലേക്കു വനവിസ്തൃതി കൂട്ടി കാർബൺ ചാലുകൾ (സിങ്ക്) വർധിപ്പിക്കാൻ ആവശ്യമായ നടപടി എടുക്കാമെന്ന കാര്യത്തിൽ മിക്ക രാജ്യങ്ങളും ധാരണയിൽ എത്തിയെങ്കിലും ഉദ്ദേശിച്ച ലക്ഷ്യത്തിലേക്ക് രാജ്യങ്ങളെ ഉയർത്താനായില്ല.

ആഗോള താപനത്തിനു മരമാണ് മറുപടി എന്ന കേരള വനവകുപ്പിന്റെയും മറ്റും പ്രചാരണ വാക്യങ്ങൾ ഈ ലക്ഷ്യം വച്ചുള്ളതാണ്. 2019 മുതൽ കാർബൺ വ്യാപാരം കൂടുതൽ ശക്തമാകുമെന്നാണ് വിലയിരുത്തൽ. ഇതു വിവിധ രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങളെ ശക്തമാക്കും. ഇന്ത്യയിലെ വനങ്ങൾ സംരക്ഷിക്കാനുള്ള പദ്ധതിക്ക് ചിലപ്പോൾ വിദേശ രാജ്യങ്ങൾ വൻ സഹായം വാഗ്ദാനം ചെയ്തേക്കും. ഇത് വലിയൊരു സാധ്യതയാണു തുറക്കുന്നത്.

പ്രവർത്തിയില്ല; ചർച്ചയും പഠനവും മാത്രം

ഐക്യരാഷ്ട്ര സംഘടനയുടെ കാലാവസ്ഥാ മാറ്റ ചട്ടരൂപീകരണ സമ്മേളനം (യുഎൻ എഫ് സിസി) കേവലം പഠന ഫലം കൈമാറാനും ചർച്ച ചെയ്യാനും മാത്രമുള്ള വേദിയായി മാറിയിരിക്കയാണെന്ന് കാറ്റോവീറ്റ്സ സമ്മേളനത്തിലെ ചർച്ചകളിൽ പങ്കെടുത്ത ന്യൂഡൽഹി സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റ് ഡപ്യൂട്ടി ഡയറക്ടർ ചന്ദ്രഭൂഷൺ പറഞ്ഞു. 3 വർഷം മുമ്പ് പാരീസിൽ നടന്ന 23–ാമത് ഉച്ചകോടിയിൽ കാലാവസ്ഥാ മാറ്റത്തെ ചെറുക്കാൻ ലോകരാജ്യങ്ങൾ സ്വീകരിക്കേണ്ട കടുത്ത നടപടികളെപ്പറ്റി വ്യവസ്ഥ തയാറാക്കിയിരുന്നു.

Global Warming

ഈ കരാർ വ്യവസ്ഥകൾ അടങ്ങുന്ന ചട്ടപ്പുസ്തകത്തിന് (റൂൾ ബുക്ക്) അന്തിമ രൂപം നൽകി 200 അംഗ രാജ്യങ്ങളും ഇത് അംഗീകരിച്ച് ഒപ്പിട്ടാലേ കാലാവസ്ഥാ മാറ്റത്തെ പ്രതിരോധിക്കാനുള്ള കർമ പദ്ധതിക്ക് തുടക്കമാവുകയുള്ളൂ. എന്നാൽ രണ്ടര വർഷത്തോളം ചർച്ച ചെയ്തിട്ടും പല രാജ്യങ്ങളും ആദ്യം അംഗീകരിച്ച വ്യവസ്ഥകളിൽ നിന്നു പിന്നാക്കം പോയി.

ദുർബലമായ ചട്ടങ്ങളെന്ന് സിഎസ്ഇ

കാറ്റോവീറ്റ്സയിലെ പുതുക്കിയ ചട്ടപ്പുസ്തകത്തിലെ വ്യവസ്ഥകൾ ആഗോള താപനം ഉയർത്തുന്ന ഭീഷണികളെ നേരിടാ‍ൻ അപര്യാപ്തമാണെന്ന പക്ഷമാണ് സിഎസ്ഇ പോലെയുള്ള പരിസ്ഥിതി സംഘടനകളുടെ വിലയിരുത്തൽ. ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ കുറച്ച് ലോകത്തെ പരിസ്ഥിതി സൗഹൃദമാക്കാനുള്ള കർശന വ്യവസ്ഥകൾ ഒന്നുമില്ലാത്ത ദുർബലമായ കരാറിനാണ് ഇന്നലെ സമാപിച്ച ഉച്ചകോടി അംഗീകാരം നൽകിയിരിക്കുന്നതെന്ന് ചന്ദ്രഭൂഷണെപ്പോലെയുള്ള നിരീക്ഷകർ വ്യക്തമാക്കുന്നു. ചൂടേറ്റം ഒന്നര ഡിഗ്രിയിൽ താഴെ നിർത്താനായി ഐപിസിസി നിർേദശിച്ച വ്യവസ്ഥകൾ മുഴുവനായും അംഗീകരിക്കപ്പെട്ടിട്ടില്ല.

ഇതിനർഥം ലോകത്തെ ഇന്ധന ഉപയോഗം കാര്യമായി കുറയില്ല. വരാൻപോകുന്നത് പേമാരിയും വെള്ളപ്പൊക്കവും വരൾച്ചയും കാട്ടുതീയും ഭക്ഷ്യക്ഷാമവും രോഗവും നിറഞ്ഞ ചൂടേറ്റത്തിന്റെ നാളുകളെന്നു ചുരുക്കം. ലോക രാജ്യങ്ങളെ ഹരിതപാതയിലേക്കു നയിക്കാൻ യുഎൻ എഫ്സിസിക്കു കഴിയുന്നില്ല എന്നത് ഉച്ചകോടിയുടെ തുടർച്ചയായ പരാജയമാണെന്നാണ് വിലയിരുത്തൽ. ശാസ്ത്രീയമായ മുന്നറിയിപ്പുകൾക്ക് യാതൊരു വിലയും കൽപ്പിക്കാതെ അതുവഴി ഭൂമിയെ ചൂടേറ്റത്തിനു വിട്ടുകൊടുത്ത ശേഷം കൈയ്യും കെട്ടി നോക്കിനിൽക്കുന്ന നിഷ്ക്രിയ രാഷ്ട്രീയ താൽപ്പര്യങ്ങൾ മാത്രം പരിഗണിക്കപ്പെട്ട സമ്മേളനമായിരുന്നു കാറ്റോവീറ്റ്സയിലേത്. ആഗോളതാപനമെന്ന പൊതു ശത്രുവിനെ പിടിച്ചുകെട്ടുന്നതിൽ ലോകം ഒരിക്കൽ കൂടി പരാജയപ്പെടുന്ന സ്ഥിതി.

Donald-Trump ഡോണൾഡ് ട്രംപ്

യുഎസിന്റെ പിന്മാറ്റം

ട്രംപ് അധികാരത്തിൽ വന്നതോടെ കാലാവസ്ഥാ മാറ്റം ഒന്നും സത്യമല്ലെന്നും ഇത് ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയെ തകർക്കാനുള്ള ആഗോള (ചൈനയുടെ) ഗൂഢാലോചനയാണെന്നും പറഞ്ഞ് കരാറുകളിൽ നിന്നു യുഎസ് പിൻവാങ്ങിയിരുന്നു. കാറ്റോവീറ്റ്സ ഉച്ചകോടിയിൽ പങ്കെടുത്ത പല വികസിത രാജ്യങ്ങളും ഈ പിന്മാറ്റത്തിന്റെ മറവിൽ യുഎസിനെപ്പോലെ ഒളിച്ചുകളി തുടരുകയാണ്.

നിയന്ത്രണമില്ലാത്ത വിഭവ ഉപയോഗത്തിലൂടെ ലോകത്തെ ഏറ്റവും കാർബൺ പങ്കിലമാക്കിയ രാജ്യമാണ് യുഎസ്. എന്നാൽ ഇന്ത്യ പോലെയുള്ള പാവപ്പെട്ട രാജ്യങ്ങൾ അടുത്ത കാലത്താണ് കാർ ഉപയോഗത്തിലൂടെയും കൽക്കരി–ഡീസൽ (താപവൈദ്യുത നിലയങ്ങൾ) കത്തിച്ചും അൽപമെങ്കിലും കാർബൺ കൂടുതലായി പുറന്തള്ളാൻ തുടങ്ങിയത്. എന്നാൽ യുഎസിന്റെയും ചൈനയുടെയും അയലത്തുപോലും എത്തില്ല ഇന്ത്യയുടെ കാർബൺ പാപം അഥവാ പുക പുറന്തള്ളൽ.

ദുർബലപ്പെടുത്തി; പാവങ്ങളെ കരുതണമെന്ന വ്യവസ്ഥ

Global Warming

പാരീസ് കരാറിൽ പാവപ്പെട്ട രാജ്യങ്ങളെ സഹായിക്കണമെന്ന വ്യവസ്ഥയുണ്ട്. 2020 മുതൽ പ്രതിവർഷം 100 ബില്യൺ യുഎസ് ഡോളറിന്റെ സഹായമാണ് സമ്പന്ന രാജ്യങ്ങൾ നൽകേണ്ടത്. ഇത് വലിയ പ്രതീക്ഷയായിരുന്നു. ധനസഹായം എന്ത്, എങ്ങനെ, ആരൊക്കെ നൽകും, ആർക്കൊക്കെ കിട്ടും എന്നതു സംബന്ധിച്ച നിർവചനം നൽകാൻ കഴിഞ്ഞില്ല. വികസിത രാജ്യങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ വായ്പയായോ ധനസഹായമായോ ഇഷ്ടമുള്ള രാജ്യങ്ങൾക്ക് കൊടുക്കാമെന്ന ധാരണയിലാണ് എത്തിയിരിക്കുന്നത്. പാവപ്പെട്ട രാജ്യങ്ങളുടെമേൽ കുതിര കയറാനുള്ള അവസരമായി ഇതിനെ സമ്പന്നരാജ്യങ്ങൾ മാറ്റിയെടുത്തേക്കാം.

പ്രളയമോ വരൾച്ചയോ വന്ന് ദുരിതത്തിലാകുന്ന പാവപ്പെട്ട രാജ്യങ്ങൾക്ക് സമ്പന്ന രാജ്യങ്ങൾ സഹായം നൽകാൻ ബാധ്യസ്ഥരാണ് എന്നതായിരുന്നു കാലാവസ്ഥാ മാറ്റ കരാറിലെ സുപ്രധാന വ്യവസ്ഥ. ഇത് ദുർബലപ്പെടുത്താനുള്ള നീക്കമാണ് കാറ്റോവീറ്റ്സിൽ നടന്നത്. നഷ്ടവും നാശവും അനുസരിച്ച് ലോക സമൂഹത്തിൽ നിന്നു നഷ്ടപരിഹാരം കിട്ടാനുള്ള വികസ്വര രാജ്യങ്ങളുടെ ധാർമിക അവകാശമാണ് ഇതോടെ ഇല്ലാതാകുന്നതെന്ന് സിഎസ്ഇയിലെ കാലാവസ്ഥാ മാറ്റ വിഭാഗം പ്രോഗ്രാം മാനേജർ വിജേതാ റത്താനി പറഞ്ഞു.

carbon emission

ഭൂമിയിലെ താപനം കൂട്ടുന്നത് സമ്പന്നരുടെ ആർഭാട ജീവിതം

ലോകത്തെ കാലാവസ്ഥാ മാറ്റത്തിനു കാരണം സമ്പന്ന രാജ്യങ്ങൾ കഴിഞ്ഞ 200 വർഷമായി തുടരുന്ന ആർഭാടതുല്യമായ ജീവിതരീതികളാണ്. യുഎസിൽ ഒരുവീട്ടിൽ നാലു കാറുള്ളപ്പോൾ ഇന്ത്യയിലെ കർഷകന്റെ ഏറ്റവും വലിയ ആർഭാടം ഒരു സൈക്കിളോ ഉന്തുവണ്ടിയോ ആകാം. അതാകട്ടെ മലിനീകരണം ഒട്ടുമില്ലാത്ത പ്രകൃതി സൗഹൃദ വാഹനങ്ങളും. ഉപഭോഗ–വലിച്ചെറിയൽ സംസ്കാരത്തിൽ വിശ്വസിക്കുന്ന പാശ്ചാത്യരാജ്യങ്ങൾ വ്യവസായ വിപ്ലവത്തിനു ശേഷം ഫോസിൽ ഇന്ധനം ധാരാളമായി കത്തിച്ചും പ്രകൃതി വിഭവങ്ങളെ അമിതമായിചൂഷണം ചെയ്തുമാണ് ‘വികസി’ച്ചത്. ഇന്ന് ഭൂമിക്ക് വിനയായതും സുസ്ഥിരമല്ലാത്ത ഈ വികസനപ്പാച്ചിലാണെന്നു ശാസ്ത്രം തിരിച്ചറിഞ്ഞു കഴിഞ്ഞു.

അപ്പോഴും ഇന്ത്യ പോലെയുള്ള രാജ്യങ്ങളുടെ കാർബൺ പുറന്തള്ളൽ കുറവാണ്. എന്നാലും ആഗോള താപനഫലമായ പ്രളയവും വരൾച്ചയുമെല്ലാം ഏറ്റവും കൂടുത‍ൽ ബാധിക്കുന്നത് ഭൂമധ്യരേഖയോടു ചേർന്നു കിടക്കുന്ന ഏഷ്യൻ രാജ്യങ്ങളെയാണ്. ഭൂമിയിലെ ശുദ്ധവായു മുഴുവൻ മലിനമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച് ഭൂമിയെ ചൂടുപിടിപ്പിച്ച സമ്പന്ന രാജ്യങ്ങൾ ഇതൊന്നും ചെയ്യാത്ത നിരപരാധികളായ പാവപ്പെട്ട രാജ്യങ്ങളെ സഹായിക്കണമെന്ന ആഗോള താപനത്തിനു പിന്നിലെ ഭൗമ–രാഷ്ട്രീയത്തിന്റെ പശ്ചാത്തലമിതാണ്.

ശാസ്ത്രം തോറ്റു; രാഷ്ട്രീയം ജയിച്ചു

കേരളം മുതൽ ജപ്പാൻ വരെ അസാമാന്യ പ്രളയത്തിനും യുഎസിൽ വൻ കാട്ടുതീയ്ക്കുമൊക്കെ സാക്ഷ്യം വഹിച്ച പ്രകൃതി ദുരന്തങ്ങളുടെ വർഷമായിരുന്നു 2018. താപനില അളക്കാ‍ൻ തുടങ്ങിയതിൽ പിന്നെ ലോക ചരിത്രത്തില ഏറ്റവും ചൂടേറിയ വർഷം വിടപറയാൻ ഇനി കഷ്ടിച്ച് രണ്ടാഴ്ച മാത്രം. 2019 നമുക്ക് കാത്തുവച്ചിരിക്കുന്നത് എന്താവാം? പ്രളയത്തിനു പകരം വരൾച്ചയാണോ ജലക്ഷാമമാണോ ? പ്രവചനങ്ങളെപ്പോലും ദുർബലമാക്കി മുന്നേറുകയാണ് കാലാവസ്ഥാ മാറ്റം.

കടലിലെയും കരയിലെയും ശുദ്ധജലത്തിലെയും മാറ്റങ്ങൾ മുതൽ ജൈവവൈവിധ്യ ശോഷണം വരെ ഒട്ടേറെ പ്രശ്നങ്ങൾ. ഇതിൽ നിന്നെല്ലാം രക്ഷപെടാൻ ഒരു മാർഗം മാത്രം: ജീവിതം കുടുതൽ ലളിതാക്കുക. പ്രകൃതിയോടു ചേർന്നു ജീവിക്കുക. അടുത്ത തലമുറയെ അതിനായി പരിശീലിപ്പിക്കുക. ഏറെക്കാലത്തിനു ശേഷം സംഭവിക്കാൻ പോകുന്ന ഒരു പ്രതിഭാസമല്ല, കാലാവസ്ഥാമാറ്റം. അത് പല രൂപത്തിൽ കാണാക്കണക്കുകളായി നമ്മുടെ നടുവിൽ തന്നെയുണ്ട്. കൂടുതൽ ഗവേഷണവും പഠനവും പരിശീലനവും ഒക്കെയായി അതിനെ നേരിടാം. നമുക്ക് കൂടുതൽ വിനയാന്വിതരാകാം.