Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാതിലടച്ചു വീട്ടിലിരിക്കുക, സുഗന്ധദ്രവ്യം കത്തിക്കരുത്; ‘അതീവ വിഷമയം’ ഡൽഹി

INDIA-ENVIRONMENT-POLLUTION Representative Image

ന്യൂഡൽഹി ∙ തുടര്‍ച്ചയായ മൂന്നാം ദിവസവും ഡൽഹിയില്‍ വായുമലിനീകരണത്തിന്റെ തോത് അതീവ ഗുരുതരമായി തുടരുന്നു. ദീപാവലിക്കു ശേഷം ഉണ്ടായ ഏറ്റവും മോശം അവസ്ഥയിലാണു ഡൽഹിയുടെ അന്തരീക്ഷം ഇപ്പോൾ. വായുമലിനീകരണം ഏറ്റവും ശക്തമായ ഡിസംബർ കൂടിയാണ് കടന്നു പോകുന്നത്.

മലിനീകരണമുണ്ടാക്കുന്ന വസ്തുക്കൾ പരക്കാൻ സഹായകമായ വിധത്തിലാണു ഡൽഹിയിലെ കാലാവസ്ഥ. ഈ സാഹചര്യം തുടരുകയാണെങ്കിൽ സ്വകാര്യ വാഹനങ്ങളുടെ നിയന്ത്രണം ഉൾപ്പെടെ നടപ്പാക്കുമെന്നു മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു. ‘വായുവിന് അതിരുകൾ’ ഇല്ലാത്ത സാഹചര്യത്തിൽ സമീപ സംസ്ഥാനങ്ങളെയും ഉൾപ്പെടുത്തി കേന്ദ്ര സർക്കാർ അടിയന്തര യോഗം വിളിക്കണമെന്നു കേജ്‌രിവാൾ ആവശ്യപ്പെട്ടു. ആശുപത്രികളിലേക്കു ശ്വാസകോശ സംബന്ധിയായ അസുഖങ്ങളുമായി എത്തുന്ന രോഗികളുടെ എണ്ണം വർധിക്കുകയാണ്.

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കു പ്രകാരം ഡൽഹിയിലെ വായു നിലവാര സൂചിക (എയർ ക്വാളിറ്റി ഇൻഡക്സ്–എക്യുഐ) നിലവിൽ 416 എത്തിയിരിക്കുകയാണ്. ‘ഗുരുതര’ അവസ്ഥയാണിത്. സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ആൻഡ് വെതർ ഫോർകാസ്റ്റിങ് റിപ്പോർട്ട് പ്രകാരം എക്യുഐ 423 ആണ്.

INDIA-ENVIRONMENT-POLLUTION Representative Image

ഡൽഹിയിലെ 25 ഇടങ്ങളിൽ അതിതീവ്രമായ അളവിൽ വായുമലിനീകരണമുണ്ടാക്കുന്ന വസ്തുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒൻപതിനടത്തു വായുവിന്റെ നിലവാരം അതിദയനീയമാണ്. എൻസിആർ, ഫരീദാബാദ്, ഗാസിയാബാദ്, നോയിഡ എന്നിവിടങ്ങളില്‍ അതിശക്തമായ വായുമലിനീകരണം രേഖപ്പെടുത്തിയപ്പോൾ ഗുരുഗ്രാമിൽ ശ്വസിക്കാൻപോലും ഉപയോഗിക്കരുതാത്ത വിധം വായുനിലവാരം കുറവാണ്.

പിഎം2.5 പരിധി നിലവിൽ 271ൽ എത്തി നിൽക്കുകയാണ് (2.5 മൈക്രോമീറ്ററിൽ താഴെ വ്യാസമുള്ള പ്രദേശത്തെ അതിസൂക്ഷ്മ കണങ്ങളുടെ–പർട്ടിക്കുലേറ്റ് മാറ്റർ–അളവാണ് പിഎം2.5) പിഎം10 പരിധി നിലവിൽ 422ലാണ്. ഞായറാഴ്ചയാണു ഡൽഹിയിലെ വായുമലിനീകരണത്തിന്റെ തോത് ഏറ്റവും ഗുരുതരമായത്. അന്ന് എക്യുഐ 450 ആയിരുന്നു. ചൊവ്വാഴ്ച കൂടി വായുമലിനീകരണത്തിന്റെ തോത് അതീവ ഗുരുതരമായി തുടരുമെന്നാണ് അറിയുന്നത്.

കാറ്റിന്റെ വേഗം കുറഞ്ഞതാണു നിലവിലെ പ്രശ്നത്തിന്റെ പ്രധാന കാരണം. ഇതോടെ പുകമഞ്ഞ് അപ്രത്യക്ഷമാകാനുള്ള സാധ്യത ഇല്ലാതായി. അന്തരീക്ഷത്തിൽ അതിസൂക്ഷ്മ കണങ്ങൾ വർധിക്കുന്നതിലേക്കും ഈ ഘടകങ്ങൾ നയിച്ചു. ആവശ്യത്തിനു സൂര്യപ്രകാശം കിട്ടുന്നതോടെ ചൊവ്വാഴ്ച വൈകിട്ടോടെ പുകമഞ്ഞും ഇല്ലാതാകുമെന്നാണു പ്രതീക്ഷ. അങ്ങനെ സംഭവിച്ചാലും വായുമലിനീകരണത്തിന്റെ തോത് ‘ഗുരുതര’ത്തിൽ നിന്ന് അൽപം താഴേക്കു കുറയുക മാത്രമേയുള്ളൂവെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഡൽഹിയിൽ വെന്റിലേഷൻ ഇൻഡക്സും കുറവാണ്. മലിനീകരണമുണ്ടാക്കുന്ന വസ്തുക്കളെ ചിതറിച്ചു കളയുന്നതിനുള്ള കാറ്റിന്റെ വേഗതയുടെ തോതാണിത്. സെക്കൻഡിൽ 6000 ചതുരശ്ര മീറ്ററിനു താഴെയാണു വെന്റിലേഷൻ ഇൻഡക്സെങ്കിൽ അതു മലിനീകരണത്തെ തടയില്ല. ഒപ്പം മണിക്കൂറിൽ 10 കിലോമീറ്ററിനു താഴെയാണു കാറ്റിന്റെ വേഗമെങ്കിലും പ്രശ്നമാണ്. നിലവിൽ ഡൽഹിയിലെ വെന്റിലേഷൻ ഇൻഡക്സ് സെക്കൻഡിൽ 5000 ചതുരശ്ര മീറ്ററാണ്.

വാസിപുർ, നരേല, ബാവന, സഹിബാബാദ്, ഫരീദാബാദ് തുടങ്ങിയ ഇടങ്ങളിലെ വ്യവസായ ശാലകൾ അടച്ചിട്ടിരിക്കുകയാണിപ്പോൾ. ഡൽഹി–എൻസിആർ മേഖലയിലെ എല്ലാം നിർമാണ പ്രവൃത്തികളും ബുധനാഴ്ച വരെ നിർത്തിവച്ചു. വീടുകളുടെ ജനാലകൾ ഉൾപ്പെടെ അടച്ചിടണമെന്നും നിർദേശമുണ്ട്. സുഗന്ധദ്രവ്യങ്ങൾ പോലും കത്തിക്കാതെ ശ്രദ്ധിക്കണം. മാലിന്യം കത്തിരിക്കരുതെന്നും മലിനീകരണ നിയന്ത്രണ ബോർഡ് പറയുന്നു. പുറത്തിറങ്ങി നടക്കേണ്ടി വന്നാൽത്തന്നെ സാധാരണ ‘ഡസ്റ്റ് മാസ്കുകൾ’ ഉപയോഗിക്കരുത്. എൻ–95, പി–100 പോലുള്ള മാസ്കുകൾ ധരിച്ചു മാത്രം പുറത്തിറങ്ങണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു.

മലിനീകരണം തുടരുകയാണെങ്കിൽ സർക്കാർ ‘ഒറ്റ–ഇരട്ട’ പദ്ധതി ഉൾപ്പെടെ നടപ്പാക്കുമെന്നു കേജ്‌രിവാൾ പറഞ്ഞു. ഒറ്റ–ഇരട്ട നമ്പറുകളുള്ള വാഹനങ്ങൾക്കു പ്രത്യേക ദിവസങ്ങൾ അനുവദിക്കുന്നതാണ് ഈ രീതി. പൊതുഗതാഗത സംവിധാനങ്ങളും സർക്കാർ ശക്തിപ്പെടുത്തും. വൈകാതെ തന്നെ 3000 ബസുകൾ എത്തിക്കും. മെട്രോ റെയിലും വിപുലീകരിക്കുമെന്നും കേജ്‌രിവാൾ പറഞ്ഞു.

ശ്വാസകോശ രോഗങ്ങളുമായി ആശുപത്രികളിലെത്തുന്നവരുടെ എണ്ണവും വർധിക്കുകയാണെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എഐഐഎംഎസ്) വ്യക്തമാക്കി. മലിനീകരണ തോത് കൂടിയ സമയങ്ങളിൽ ഹൃദയാഘാതവുമായി എത്തുന്നവരുടെ എണ്ണവും വർധിച്ചിരുന്നു. മലിനീകരണവും ജനങ്ങളുടെ ആരോഗ്യവും തമ്മിലുള്ള ബന്ധം വിശകലനം ചെയ്തുള്ള പഠനവും എഐഐഎംഎസ് ആരംഭിച്ചു കഴിഞ്ഞു.