Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതാണ് അമ്മമാർ, സ്പെഷൽ അമ്മമാർ; ഇവരെയാണ് സഹായിക്കേണ്ടത്

റൂബിൻ ജോസഫ്
Follow Twitter
Follow Facebook
chandravati-endosulfan ഫെബ്രുവരി എട്ടിന് കാസർകോട് കലക്ടറേറ്റിൽ നടന്ന എൻഡോസൾഫാൻ സെൽ യോഗത്തിനു ശേഷം മന്ത്രി ഇ. ചന്ദ്രശേഖരനുമുന്നിൽ പരാതി പറയുന്ന, ദുരിധബാധിതയായ നന്ദനയുടെ അമ്മ ചന്ദ്രാവതി.

എൻഡോസൾഫാൻ ദുരിതഗ്രാമങ്ങളിലെ അമ്മമാർക്കു വേണ്ടി എന്തെല്ലാം ചെയ്യാനാവും? ഈ രംഗത്തെ വിദഗ്ധർ നൽകിയ നിർദേശങ്ങൾ ഇതാ സർക്കാരിനും പൊതുസമൂഹത്തിനും മുന്നിൽവയ്ക്കുന്നു.

ദുരിതബാധിത പട്ടികയിലെ പേരുകാരൻ കുഞ്ഞുണ്ണിയെ അഭിമാനത്തോടെ വാരിയെടുത്ത് ഉമ്മ വയ്ക്കുന്ന ചിത്രത്തിന് അടിക്കുറിപ്പായി അരുണി എന്ന അമ്മ എഴുതി. - ‘എന്നെ ക്ഷമ പഠിപ്പിച്ചത് നീയാണ്. അമ്മസ്നേഹം എന്താണെന്ന് അറിയിച്ചതു നീയാണ്. ജീവിതം തന്നെ നീയാണ്. നല്ല മകളല്ലാത്ത എന്നെ നല്ല അമ്മയാക്കിയത് നീയാണ്’’

ഇതുപോലെ എത്രയെത്ര അമ്മമാർ. സങ്കടങ്ങളുടെ കുന്നുകയറുമ്പോഴും സ്വന്തം ജീവിതം കൊണ്ടു ചുറ്റിലും പ്രകാശം പരത്തുന്നവർ. ‌പക്ഷേ, ഇവരുടെ പുഞ്ചിരികൾക്കു പിന്നിൽ പൊള്ളുന്ന നോവുണ്ട്. ദുരിതബാധിത പട്ടികയിലുള്ള കുഞ്ഞുങ്ങൾക്കൊപ്പം ഈ അമ്മമാർക്കും വേണം സമാശ്വാസത്തിന്റെയും സാന്ത്വനത്തിന്റെയും സഹായസ്പർശങ്ങൾ.

700 രൂപ മതിയാവുമോ?

എൻഡോസൾഫാൻ ദുരിതബാധിതർക്കു നൽകുന്ന പെൻഷനു പുറമേ, അവരെ പരിചരിക്കുന്നവർക്ക്, അതായത് അമ്മാർക്ക്, ആശ്വാസകിരണം പദ്ധതി വഴി 700 രൂപ വീതം പ്രതിമാസം നൽകുന്നുണ്ട്. അവരുടെ ത്യാഗങ്ങൾക്ക് ഇതിലുമധികം അർഹിക്കുന്നുെവന്നതാണു യാഥാർഥ്യം. കാസർകോട്ടെ എൻഡോസൾഫാൻ ദുരിതബാധിതരുടെ ഭാവി കൂടി കണക്കിലെടുത്ത് സർക്കാർ പദ്ധതിയിട്ട പുനരധിവാസഗ്രാമം പദ്ധതി ഇനിയും എങ്ങുമെത്തിയില്ലെന്നതാണ് ഏറെ സങ്കടകരം. വിവാദങ്ങൾക്കും തടസ്സവാദങ്ങൾക്കും അപ്പുറം ഭാവനാസമ്പന്നമായ പദ്ധതിയെ യാഥാർഥ്യത്തിലേക്കു കൊണ്ടു വന്നു ദുരിതബാധിതരുടെ ജീവിതത്തിനു തണലേകാനാണ് അധികൃതർ ശ്രമിക്കേണ്ടത്.

വേണം, സാന്ത്വന ചികിൽസ

കണക്കുകളിൽ കടിച്ചു തൂങ്ങുന്ന വാദപ്രതിവാദങ്ങളെക്കാൾ പരിഹാരമാണ് ഇവർക്കു വേണ്ടത്. സമരമുദ്രാവാക്യങ്ങളിലടക്കം പൈസക്കണക്കുകൾ നിറയുമ്പോൾ മറന്നുപോകുന്ന ചില അടിസ്ഥാന ആവശ്യങ്ങളുണ്ട്. മനുഷ്യാവകാശ കമ്മിഷൻ 2010ൽ പുറപ്പെടുവിച്ച ഉത്തരവു തന്നെ ഉദാഹരണം. ഇടക്കാല ആശ്വാസത്തിനൊപ്പം ഇവിടത്തെ അമ്മമാർക്കും കുഞ്ഞുങ്ങൾക്കുമായി സാന്ത്വന ചികിൽസാ കേന്ദ്രം വേണമെന്ന ആവശ്യം എല്ലാവരും മറന്നു. ദുസ്സഹമായ ജീവിതസാഹചര്യങ്ങളിൽനിന്ന് ആശ്വാസം കിട്ടാൻ പണം അനിവാര്യമായ ഘടകം തന്നെയാണ്. എന്നാൽ അതിനൊപ്പമോ അതിനെക്കാൾ പ്രധാനമോ ആണ് ജീവിതം മുഴുവൻ നരകിക്കേണ്ടി വരുന്ന ഈ അമ്മമാരുടെ സുരക്ഷിതത്വം. സമാശ്വാസത്തിന്റെയും മാനസിക പരിചരണത്തിന്റെയും ഒരിടം ഇവർക്ക് അനിവാര്യമായിരിക്കുന്നു.

Endosulfan victim അരുണിയും മകൻ കുഞ്ഞുണ്ണിയും.

ഒരു കൈ സഹായം കൂടി..

പാലിയേറ്റീവ് സംഘങ്ങളുടെ സാമീപ്യം കാൻസർ ബാധിതരുടെ വിളിപ്പുറത്തുണ്ട്. എന്നാൽ, പലവിധ ദുരിതരോഗങ്ങളുമായി കഴിയുന്ന എൻഡോസൾഫാൻ ദുരിതബാധിതരുടെ കാര്യമോ? നേരത്തെ ഉണ്ടായിരുന്ന, എന്നാൽ ഇടക്കാലത്തു നിർജീവമായിപ്പോയ പാലിയേറ്റീവ് സംഘങ്ങളെ ശക്തമാക്കണം. കുടുംബശ്രീ മിഷൻ പോലുള്ള ഏജൻസികൾ മുൻകയ്യെടുത്താൽ തന്നെ വലിയ മുന്നേറ്റമാവും. ഈ സംഘത്തിന്റെ തന്നെ ഭാഗമായി വരുന്ന ഹോം നഴ്സുമാരുടെ സേവനം ഇടവിട്ടുള്ള ദിവസങ്ങളിലെങ്കിലും ദുരിതബാധിത വീടുകളിലെത്തണം. ഈ അമ്മമാർക്ക് അതു വലിയ ആശ്വാസമാവും. നേരത്തെ ലഭ്യമായിരുന്ന കൗൺസലിങ് പോലുള്ള സൗകര്യങ്ങളും ഇവർക്കിപ്പോൾ അന്യമാണ്. പ്രദേശത്തുള്ള വിദ്യാസമ്പന്നരായ യുവതീയുവാക്കൾക്കു തന്നെ പരിശീലനം നൽകി ഇതിന് ഉപയോഗപ്പെടുത്തിയിരുന്നെങ്കിൽ...

സ്പെഷലാണ് ഈ അമ്മമാർ

മക്കളെ നെഞ്ചോടു ചേർത്തുവച്ചു കാക്കുന്ന അമ്മമാരുടെ ജീവിതത്തിലേക്കു ചെറിയ പ്രകാശമെത്തിക്കാൻ സ്പെഷൽ കുടുംബശ്രീ കൂട്ടായ്മകൾക്കാവും. ബഡ്സ് സ്കൂളുകൾ കേന്ദ്രീകരിച്ച് ഇത്തരം വേദികളുണ്ടെങ്കിലും പ്രവർത്തനം എത്രകണ്ടു ഫലപ്രദമാണെന്നു പരിശോധിക്കപ്പെടണം. മാസത്തിലൊരിക്കൽ അമ്മമാർക്ക് ഒത്തുകൂടാൻ വേദിയൊരുക്കണം. ഈ കൂട്ടായ്മകളെ പ്രത്യേക തൊഴിൽ സംരംഭക സംഘങ്ങളാക്കി വളർത്തിയെടുത്തെങ്കിൽ എത്ര മികച്ചതായേനെ... മറ്റു ജോലികൾക്കൊന്നും പോകാൻ കഴിയാത്തവരാണ് മിക്ക ദുരിതബാധിതരുടെയും അമ്മമാർ. അതുകൂടി പരിഗണിച്ചു വേണം ഇവർക്കുവേണ്ടിയുള്ള സ്വപ്നങ്ങൾ നെയ്തെടുക്കാൻ. ജില്ലാ കുടുംബശ്രീമിഷനും മലയാള മനോരമയും കൈകോർത്ത് എൻമകജെയിലും നീലേശ്വരത്തും അമ്മമാർക്കായി നൽകിയ തൊഴിൽ സംരംഭങ്ങൾക്കും തുടർച്ച വേണം.

എത്രനാളായിക്കാണും ഈ അമ്മമാർ ഒന്നു പുറത്തേക്കിറങ്ങിയിട്ട്... തൊട്ടടുത്ത് ഒരു ഗാനമേളയോ നാടകമോ വന്നാൽ പോലും ഇവർക്കു പോകാനാകില്ല. പരമ്പരയുടെ ആദ്യഭാഗത്ത് പരിചയപ്പെട്ട സുമിത്രയെ പോലുള്ള അമ്മമാർക്കു മാനസികമായ ഒരു മാറ്റം നൽകുന്നതിന് പ്രാദേശികമായെങ്കിലും എന്തുകൊണ്ടാണ് ഒരു സംഗീത പരിപാടിയോ മറ്റോ സംഘടിപ്പിച്ചുകൂടാത്തത്. അതാവില്ലേ ഈ അമ്മമാർക്ക് നൽകാവുന്ന ഏറ്റവും വലിയ ആദരം.

Endosulfan victim ശീലാബതിയുടെ അമ്മ ദേവകി.

വനിതാകമ്മിഷനെ പോലുള്ള വേദികളുടെ ഇടപെടൽ വേണ്ടത് ശരിക്കും ഇവരുടെ കാര്യത്തിലല്ലേ? കാസർകോട്ടെ എൻഡോസൾഫാൻ ദുരിതബാധിത വീടുകളിലെ അകത്തളങ്ങളിൽ ഒതുങ്ങിപ്പോയ അമ്മമാരെ പുതിയ പ്രകാശത്തിലേക്കു നയിക്കാനാവണം ശ്രമമുണ്ടാവേണ്ടത്.

സമർപ്പണം ഈ അമ്മമനസ്സിന്

എന്റെ മരണശേഷം മകളെ ആരും നോക്കുമെന്നായിരുന്നു പെർളടുക്കത്തെ ദേവകിയുടെ എപ്പോഴത്തെയും വിലാപം. വിഷമഴയേറ്റ് ആറാംവയസ്സിൽ വീണുപോയ ശീലാബതിയെക്കുറിച്ചു മാത്രം നൊമ്പരപ്പെട്ടു ജീവിച്ച അമ്മ. ആയുസ്സിന്റെ പകുതിയും സ്വന്തം മകളുടെ കട്ടിലിനരികിൽ സമർപ്പിച്ച് ഒടുവിൽ മകൾ മുമ്പേ പോയപ്പോൾ ദേവകി തനിച്ചായി. എൻഡോസൾഫാൻ ദുരന്തത്തിന്റെ വേദന മുഴുവൻ കണ്ടുമരവിച്ച ആ അമ്മമനസ്സിനാണ് ഈ പരമ്പര സമർപ്പിക്കുന്നത്. ദേവകിയെപോലെ ദുരിതക്കടൽ കടന്ന്, ജീവിത സായാഹ്നത്തിൽ ഒറ്റപ്പെടലിന്റെ തുരുത്തിൽപ്പെട്ടുപോയവരെ പുനരധിവസിപ്പിക്കാൻ ഈ പരമ്പരയിലൂടെ നാമറിഞ്ഞ അമ്മമാരുടെ ജീവിതം പ്രേരണയാവട്ടെ.

(അവസാനിച്ചു)

related stories