കണ്ണൂർ കലോൽസവത്തിലെ വ്യാജ അപ്പീൽ: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കലോൽസവ വ്യാജഅപ്പീൽ കേസിലെ പ്രതികൾ

തൃശൂർ∙ സംസ്ഥാന സ്കൂൾ കലോൽസവത്തിൽ മൽസരാർഥികൾക്കു ബാലാവകാശ കമ്മിഷന്റെ പേരിൽ വ്യാജ അപ്പീൽ സംഘടിപ്പിച്ചു കൊടുത്ത കേസിൽ അറസ്റ്റിലായവരുടെ ജാമ്യഹർജി തള്ളി. ചേർത്തല വാരനാട് പുതുവൽനികത്ത് പി.എസ്.സജീവൻ എന്ന സജി വാരനാട്ട് (34), തിരുവനന്തപുരം ചിറയിൻകീഴ് പുതുകുറിശി കഠിനംകുളം വടക്കേവിള തെക്കേ ആലുവിളാകത്തു വീട്ടിൽ ഷിജു സുകുമാരൻ എന്ന കലാർപ്പണ വിഷ്ണു (34), കോഴിക്കോട് കൂരാചുണ്ട് പാറയിൽ വീട്ടിൽ അൻഷാദ് (29) എന്നിവരുടെ ജാമ്യാപേക്ഷയാണു കണ്ണൂർ ജില്ലാ കോടതി തള്ളിയത്.

ഒന്നാംപ്രതി തിരുവനന്തപുരം സ്വദേശി എസ്.സതികുമാർ ജാമ്യാപേക്ഷ നൽകിയില്ല. അതേസമയം, കേസിൽ ജാമ്യത്തിലിറങ്ങിയ ഒന്നാംപ്രതി എസ്.സതികുമാറിന്റെ ജാമ്യം കോടതി റദ്ദാക്കി. ആഴ്ചയിൽ രണ്ടുദിവസം തൃശൂർ ക്രൈംബ്രാഞ്ച് ഓഫിസിൽ അന്വേഷണ ഉദ്യോഗസ്ഥനുമുന്നിൽ ഹാജരാകണമെന്ന വ്യവസ്ഥ ലംഘിച്ചതിനാലാണു ക്രൈംബ്രാഞ്ചിന്റെ ഹർജിപ്രകാരം നടപടിയെടുത്തത്. മാർച്ച് 19നു ജാമ്യത്തിലിറങ്ങിയ സതികുമാർ അതിനുശേഷം ഒരിക്കൽ പോലും അന്വേഷണ ഉദ്യോഗസ്ഥനുമുന്നിൽ ഹാജരായിരുന്നില്ല.