റോമ∙ ചാംപ്യൻസ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിന്റെ രണ്ടാം പാദത്തില്‍ എതിരില്ലാത്ത മൂന്നുഗോളുകള്‍ക്കു ബാഴ്‌സിലോനയെ തകർത്ത് എ.എസ്.റോമ. ആദ്യ പാദത്തില്‍ 4-1ന് പരാജയപ്പെട്ട റോമ, ഈ കളിയോടെ 4-4 എന്ന മൊത്തം സ്‌കോറില്‍ എവേ ഗോള്‍ ആനുകൂല്യത്തിൽ സെമിയില്‍ കടന്നു.
കളിയിലുടനീളം ആധിപത്യം സ്ഥാപിച്ച റോമ, ബാഴ്സയെ ഞെരുക്കിക്കളഞ്ഞു. ആറാം മിനുറ്റില്‍ ജെക്കോ നേടിയ ഗോളിലൂടെ റോമ ലീഡ് നേടി. 58-ാം മിനുറ്റില്‍ പിക്വെയുടെ ബോക്‌സിനുള്ളിലെ ഫൗളിനു റഫറി ഫൗള്‍ വിളിച്ചപ്പോൾ മത്സരം വീണ്ടും റോമയ്ക്ക് അനുകൂലം. ഡി റോസിയുടെ ഷോട്ട് വലയിലേക്ക്. മത്സരം അവസാനിക്കാന്‍ എട്ടുമിനുട്ടുകള്‍ ശേഷിക്കെ മനോലസിന്റെ ഹെഡ്ഡറിലൂടെ ബാഴ്സ വധം പൂർത്തിയായി.
ആദ്യപാദത്തില്‍ മൂന്നു ഗോളിന്റെ ലീഡുണ്ടായിട്ടും രണ്ടാം പാദത്തില്‍ അതിന്റെ നേട്ടം കൈമോശമാക്കിയെന്ന ചരിത്രമാണു ഇതിലൂടെ ബാഴ്‌സ ‘സ്വന്തമാക്കിയത്’. ലീഗിലെ മറ്റൊരു മത്സരത്തിൽ അദ്ഭുതങ്ങളൊന്നും സംഭവിക്കാതെ, ലിവർപൂൾ സെമിഫൈനലിലേക്കു മുന്നേറി. മൂന്നു ഗോളിന്റെ മുന്‍തൂക്കവുമായി രണ്ടാം പാദത്തിനെത്തിയ ലിവര്‍പൂള്‍ മാഞ്ചസ്റ്റർ സിറ്റിയെ 2-1നാണു തോല്‍പ്പിച്ചത്.
ഇരുപാദങ്ങളിലുമായി 5-1ന്റെ വിജയവുമായാണ് ലിവർപൂളിന്റെ മുന്നേറ്റം. മൂന്നാം മിനിറ്റില്‍ ഗബ്രിയേല്‍ ജീസസ് ലിവര്‍പൂളിന്റെ വല ചലിപ്പിച്ച് ലീഡ് നേടിയെങ്കിലും മേധാവിത്വം തുടരാനായില്ല. രണ്ടാം പകുതിയില്‍ 56-ാം മിനിറ്റില്‍ മുഹമ്മദ് സലാഹ് ലിവര്‍പൂളിനായി ഗോൾ നേടി. 77-ാം മിനിറ്റില്‍ ഫെര്‍മീനോയിലൂടെ രണ്ടാംഗോൾ നേടി ലിവർപൂൾ വിജയമുറപ്പിച്ചു.