Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോക നെറുകയിൽ കിഡംബി ശ്രീകാന്ത്; ബാഡ്മിന്റൻ റാങ്കിങ്ങിൽ ഒന്നാമൻ

Kidambi Srikanth കിഡംബി ശ്രീകാന്ത്

ന്യൂഡൽഹി∙ ഇന്ത്യയുടെ സൂപ്പർ താരം കിഡംബി ശ്രീകാന്ത് ഇനി ബാഡ്മിന്റനിലെ ലോക ഒന്നാം നമ്പർ. ലോക ബാഡ്മിന്റൻ ഫെഡറേഷൻ (ബിഡബ്ല്യുഎഫ്) വ്യാഴാഴ്ച പ്രഖ്യാപിച്ച പുതിയ റാങ്കിങ് പട്ടികയിൽ ഒന്നാം സ്ഥാനം ഹൈദരാബാദുകാരനായ കെ.ശ്രീകാന്തിനാണ്. കംപ്യൂട്ടറൈസ്ഡ് റാങ്കിങ് സിസ്റ്റം നിലവിലില്ലാതിരുന്ന കാലത്ത് ഒന്നാം സ്ഥാനം നേടിയിട്ടുള്ള പ്രകാശ് പദുക്കോണിനു ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ പുരുഷതാരമാണ് ഇരുപത്തിയഞ്ചുകാരനായ ശ്രീകാന്ത്. നേരത്തേ, വനിതാ സിംഗിൾസിൽ സൈന നെഹ്‌വാൾ ഒന്നാം റാങ്കിലെത്തിയിട്ടുണ്ട്.  

ഗോൾഡ് കോസ്റ്റ് കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ ബാഡ്മിന്റൻ ടീം കൈവരിച്ച ചരിത്രവിജയത്തോടെയാണ് ശ്രീകാന്ത് ഈ നേട്ടത്തിലേക്ക് എത്തുന്നത്. മിക്സഡ് ടീം വിഭാഗത്തിൽ മൂന്നുവട്ടം ചാംപ്യൻമാരായ മലേഷ്യയെ 3–1നു കീഴടക്കി സ്വർണം ചൂടിയ ഇന്ത്യയുടെ നേട്ടത്തിനു പിന്നിൽ നിർണായക പ്രകടനം നടത്തിയ ശ്രീകാന്തിന് 76,895 പോയിന്റുകളായി. ഇതോടെ, ഡെന്മാർക്കിന്റെ വിക്ടർ അക്സെൽസെനെ പിന്നിലാക്കി ശ്രീകാന്ത് ഒന്നാം സ്ഥാനത്തെത്തി. 77,130 പോയിന്റുള്ള അക്സെൽസനു പരുക്കുമൂലം മൽസരങ്ങൾ നഷ്ടമായതോടെ 1660 പോയിന്റുകളാണു കുറഞ്ഞത്. 

രാജ്യം പത്മശ്രീ, അർജുന പുരസ്കാരങ്ങൾ സമ്മാനിച്ച വ്യക്തിയാണ് ശ്രീകാന്ത്. ഇന്തൊനേഷ്യ, ഓസ്ട്രേലിയ, ഡെൻമാർക്ക്, ഫ്രാൻസ് സൂപ്പർ സീരീസ് കിരീടങ്ങൾ കഴിഞ്ഞ വർഷം നേടിയിരുന്നു. ലോകത്തിൽ നാലു താരങ്ങൾ മാത്രമാണു ഈ നേട്ടം ഇതുവരെ സ്വന്തമാക്കിയിട്ടുള്ളത്.