ഗോൾഡ്കോസ്റ്റ് (ഓസ്ട്രേലിയ)∙ ബാഗിൽ സിറിഞ്ച് കണ്ടെത്തിയതിനെത്തുടർന്നു കോമണ്‍വെല്‍ത്ത് ഗെയിംസിൽനിന്നു മലയാളി താരങ്ങളായ കെ.ടി.ഇര്‍ഫാനെയും രാകേഷ് ബാബുവിനെയും പുറത്താക്കി. ഗെയിംസ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്നു കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ബാഗില്‍നിന്നു സിറിഞ്ച് കണ്ടെടുത്തതിനു പുറമേ ഇവരുടെ മുറിക്കു പുറത്തുനിന്നു സൂചിയും കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്.
ഇർഫാൻ നടത്തത്തിലും രാകേഷ് ട്രിപ്പിൾ ജംപിലുമാണ് ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നത്. ഇവരുടെ മുറിക്കുപുറത്തുനിന്നു സൂചി കണ്ടെത്തിയതു ചട്ടങ്ങൾക്കു വിരുദ്ധമാണ്. രക്തസാംപിൾ പരിശോധിച്ചെങ്കിലും ഉത്തേജകത്തിന്റെ അംശം കണ്ടെത്താനായില്ല. നാളെ നടക്കാനിരുന്ന ട്രിപ്പിൾ ജംപ് ഫൈനൽ മൽസരത്തിനു രാകേഷ് യോഗ്യത നേടിയിരുന്നു. ഇർഫാന്റെ മൽസരങ്ങൾ പൂർത്തിയായി.
അതേസമയം, വിറ്റമിൻ കുത്തിവയ്പ്പാണ് എടുത്തതെന്നാണ് ഇരുവരുടെയും വാദം. എന്നാലിത് ആന്റി ഡോപിങ് അതോറിറ്റി തള്ളിക്കളഞ്ഞു. ഇരുവർക്കുമെതിരെ അച്ചടക്കനടപടി എടുക്കുമെന്ന് ഇന്ത്യൻ അത്‌ലറ്റിക്സ് ഫെഡറേഷനും അറിയിച്ചു.