Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കനക തീരത്തുനിന്ന് സാഭിമാനം, ഇന്ത്യ

ഓസ്ട്രേലിയയിലെ ഗോൾഡ്കോസ്റ്റിൽ നിന്ന് ഇന്ത്യ വാരിയെടുത്തതു കായികരംഗത്തെ സുവർണനേട്ടങ്ങൾ. 26 സ്വർണവുമായി കോമൺവെൽത്ത് ഗെയിംസിൽ മൂന്നാം സ്ഥാനം നേടിയാണ് ഇന്ത്യയുടെ മടക്കം. ഭാരോദ്വഹനത്തിൽ മീരാഭായ് ചാനുവാണ് ഇന്ത്യയുടെ ആദ്യസ്വർണം ഉയർത്തിയത്. വിഷുപ്പുലരിയിൽ നടന്ന ബാഡ്മിന്റൻ ആവേശപ്പോരാട്ടത്തിൽ പി.വി.സിന്ധുവിനെതിരെ ൈസന നെഹ്‌‍വാളിന്റെ റാക്കറ്റ് അവസാന സ്വർണം സമ്മാനിച്ചു.

ഒളിംപിക്സിലെ മെഡൽവേട്ട ഇന്ത്യൻ കായികരംഗത്തിനു നൽകുന്ന ഉണർവിന്റെ സാക്ഷ്യപത്രം കൂടിയാണ് ഈ നേട്ടങ്ങൾ. ഭാരോദ്വഹനത്തിൽ കർണം മല്ലേശ്വരി, ഷൂട്ടിങ്ങിൽ രാജ്യവർധൻ സിങ് റാത്തോഡ്, ഗുസ്തിയിൽ സുശീൽകുമാർ, ബോക്സിങ്ങിൽ വിജേന്ദർ സിങ്, ബാഡ്മിന്റനിൽ സൈന നെഹ്‌വാൾ എന്നിവർ നേടിയ ഒളിംപിക്സ് മെഡലുകളാണു പിന്നീട് ഈ കായികരംഗങ്ങളിൽ ഇന്ത്യ കൈവരിച്ച കുതിപ്പുകൾക്ക് അടിസ്ഥാനം. ഗോൾഡ്കോസ്റ്റിലും ഈ മേഖലകളിൽ ഇന്ത്യ മുന്നേറി. എന്നാൽ അത്‌ലറ്റിക്സ് പോലെയുള്ള ഇനങ്ങളിൽ ഏറെയൊന്നും തിളങ്ങാനായില്ലെന്ന യാഥാർഥ്യം കാണാതെ പോകരുത്.

2010 ഡൽഹി കോമൺവെൽത്ത് ഗെയിംസിനും 2002 മാഞ്ചസ്റ്റർ ഗെയിംസിനും പിന്നിൽ മൂന്നാം സ്ഥാനത്താണ് ഗോൾഡ്കോസ്റ്റ് മെഡൽവേട്ടയിൽ ഇന്ത്യ. 26 സ്വർണവും 20 വെള്ളിയും 20 വെങ്കലവുമായി 66 മെഡ‍ലുകൾ. ഈ മെ‍ഡൽനേട്ടങ്ങൾക്കപ്പുറം അഭിമാനക്കാഴ്ചകളുടെ വേറെയും നിമിഷങ്ങൾ ഒട്ടേറെയുണ്ടായിരുന്നു ഈ ഗെയിംസിൽ. മൂന്നു മക്കളുടെ അമ്മയായിട്ടും ഇടിക്കൂട്ടിൽ സ്വർണവിസ്മയമായി തുടരുന്ന മേരി കോം എത്രയോ പേർക്ക് ഊർജം പകർന്നിട്ടുണ്ടാവും! ജാവലിൻ ത്രോയിലെ അദ്ഭുത താരം നീരജ് ചോപ്ര, ഷൂട്ടിങ് സ്വർണം നേടിയ 16 വയസ്സുകാരി മനു ഭകാർ, 15 വയസ്സുകാരൻ അനീഷ് ബൻവാല തുടങ്ങിയവർ വരച്ചിടുന്നത് ഇന്ത്യയുടെ ശോഭനമായ കായികഭാവി കൂടിയാണ്.

ബാഡ്മിന്റനിൽ എച്ച്.എസ്.പ്രണോയ്, ഹോക്കിയിൽ പി.ആർ.ശ്രീജേഷ്, 400 മീറ്ററിൽ 0.2 സെക്കൻഡ് വ്യത്യാസത്തിൽ മെഡൽ നഷ്ടമായ വൈ.മുഹമ്മദ് അനസ്, 1500 മീറ്ററിൽ ദേശീയ റെക്കോർഡ് തിരുത്തിയ ജിൻസൺ ജോൺസൺ തുടങ്ങിയ മലയാളി താരങ്ങളുടെ പ്രകടനവും ശ്രദ്ധേയമായി. എങ്കിലും കായികരംഗത്തു കേരളത്തിന്റെ വളർച്ച മുരടിക്കുന്നതും വേദനയോടെ ഓർക്കണം. ഹരിയാനയിൽ നിന്നുള്ള താരങ്ങൾ ഒൻപതു സ്വർണമുൾപ്പടെ 22 മെഡലുകളാണ് ഇന്ത്യയ്ക്കു സമ്മാനിച്ചത്. സ്വർണത്തിന് 1.5 കോടി, വെള്ളിക്ക് 75 ലക്ഷം, വെങ്കലത്തിന് 50 ലക്ഷം എന്നിങ്ങനെ വൻസമ്മാനങ്ങളാണ് ഹരിയാന സർക്കാർ അവർക്കു നൽകുന്നത്.

രാജ്യത്തിന്റെ സുന്ദരനേട്ടങ്ങൾക്കിടയിൽ നാണക്കേടിന്റെ ചില മുഹൂർത്തങ്ങൾ കൂടി പിറന്നതു വേദനാജനകമാണെന്നു പറയാതെ വയ്യ. കിടപ്പുമുറിയിൽ സിറിഞ്ചും സൂചിയും കണ്ടെത്തിയ സംഭവത്തിൽ മലയാളി അത്‌ലീറ്റുകളായ കെ.ടി.ഇർഫാൻ, എ.വി.രാകേഷ് ബാബു എന്നിവർ ഗെയിംസിൽനിന്നു പുറത്താക്കപ്പെട്ടു. ഇതിന്റെ അപമാനഭാരം എളുപ്പം കഴുകിക്കളയാവുന്നതല്ല. ‘നോ നീഡിൽ പോളിസി’ ഗെംയിസിൽ കൃത്യമായി പാലിക്കപ്പെടുമെന്ന മുന്നറിയിപ്പു നൽകിയിട്ടു പോലും അതു ഗൗനിക്കാതിരുന്നതു നിർഭാഗ്യകരമായി.

കോമൺവെൽത്തിലെ മെഡൽത്തിളക്കം ഒരു ചവിട്ടുപടിയാണ്. 2022 ബർമിങാം കോമൺവെൽത്ത് ഗെയിംസ് മുന്നിൽക്കണ്ടുള്ള ഒരുക്കം ഇപ്പോഴേ തുടങ്ങണം. അതിനു മുൻപ്, ഈവർഷം ഓഗസ്റ്റിൽ ജക്കാർത്തയിൽ ഏഷ്യൻ ഗെയിംസ് നടക്കുന്നു. ചൈന, ദക്ഷിണ കൊറിയ, ജപ്പാൻ തുടങ്ങി ലോകകായിക രംഗത്തെ മുൻനിരക്കാരാണ് അവിടെ എതിരാളികൾ. കഴിഞ്ഞതവണ 11 സ്വർണവുമായി എട്ടാം സ്ഥാനത്തായിരുന്നു ഇന്ത്യ. 2020ൽ ടോക്കിയോയിൽ അടുത്ത ഒളിംപിക്സ് നടക്കും. ഗോൾഡ് കോസ്റ്റിലെ ആവേശത്തിൽനിന്ന് ഊർജമുൾക്കൊണ്ട് രാജ്യാന്തര കായികവേദികളിൽ അഭിമാന മെഡൽവേട്ടയ്ക്ക് നമുക്കു കഴിയട്ടെ.