കുട്ടനാട്∙ ചമ്പക്കുളത്തെ പാടശേഖരത്തിൽനിന്നു പുക ഉയരുന്നതിനു പിന്നിൽ വൈദ്യുതി കമ്പിയാണെന്നു കണ്ടെത്തി. രാവിലെ പാടത്തുനിന്നു പുക ഉയരുന്നതു കണ്ടു ജനങ്ങൾ ഓടിക്കൂടിയിരുന്നു. ചമ്പക്കുളം നടഭാഗം ഗവ. എൽപി സ്കൂളിനു സമീപത്തുള്ള നെടുമുടി കൃഷിഭവൻ പരിധിയിലെ കല്ലമ്പള്ളി പാടശേഖരത്തിലാണു നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ഇന്നലെ രാവിലെ പാടശേഖരത്തിൽനിന്ന് ഉയർന്ന പുകയും വെള്ളം തിളച്ചു മറിഞ്ഞതുമാണു നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയത്.
വർഷങ്ങൾക്കു മുൻപു വൈദ്യുതി ബന്ധം വിച്ഛേദിച്ച ഇലക്ട്രിക് വയറിൽ നിന്നായിരുന്നു പുക ഉയർന്നതെന്നു പിന്നീടു നാട്ടുകാർ കണ്ടെത്തി. പുക ഉയർന്ന ചതുപ്പിലേക്ക് ആളുകൾ ഇറങ്ങാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. ഒൻപതു മണിയോടെ ഇലക്ട്രിസിറ്റി ഉദ്യോഗസ്ഥർ എത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചതോടെ അഭ്യൂഹങ്ങൾക്കു വിരാമമായി.
നെടുമുടി പഞ്ചായത്ത് തരിശുരഹിതമാക്കുന്നതിന്റെ ഭാഗമായി 14 വർഷമായി തരിശായി കിടന്ന പാടശേഖരത്തിലെ വെള്ളം വറ്റിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. ഇന്നലെ രാവിലെ ആറരയോടെ പ്രദേശത്തുകൂടി കടന്നുപോയ കൊരട്ടിയിൽ ബിജു ആന്റണിയാണു പോളയും പുല്ലും നിറഞ്ഞുകിടക്കുന്ന പാടശേഖരത്തിൽനിന്നു പുക ഉയരുന്നതു കണ്ടത്.
സംഭവം കേട്ടറിഞ്ഞു നൂറുകണക്കിനാളുകൾ പ്രദേശത്ത് ഒത്തുകൂടിയിരുന്നു. തുടർന്നു നാട്ടുകാർ ഓരോരോ കഥകൾ മെനഞ്ഞെടുക്കുവാനും തുടങ്ങി. ചിലർ ജിയോളജിസ്റ്റിനെ വിവരം അറിയിക്കുകയും ചെയ്തു. എട്ടുമണിയോടെ നാട്ടുകാരിൽ ചിലർ മുളകൊണ്ടു പുല്ലു നീക്കിയപ്പോൾ പഴയ ഇലക്ട്രിക് സർവീസ് വയർ ദൃശ്യമായി. വർഷങ്ങൾക്കു മുൻപു സ്കൂളിലേക്കു വൈദ്യുതി ലഭ്യമാക്കുവാൻ സ്ഥാപിച്ച വയറാണിതെന്നു നാട്ടുകാർ പറഞ്ഞു.
പാടശേഖരം കൃഷിയില്ലാതായതോടെ സർവീസ് വയർ ഘടിപ്പിച്ചിരുന്ന ഇലക്ട്രിക് പോസ്റ്റ് വെള്ളത്തിലായി. വർഷങ്ങൾക്കു മുൻപു സ്കൂളിലെ വൈദ്യുതി ബന്ധം നിലച്ചപ്പോൾ നിലവിലുള്ള സർവീസ് വയറിൽനിന്നുള്ള ബന്ധം വിച്ഛേദിച്ചു പുതിയ പോസ്റ്റിൽനിന്നു സർവീസ് വയർ സ്ഥാപിച്ചായിരുന്നു സ്കൂളിലേക്കുള്ള വൈദ്യുതി ലഭ്യമാക്കിയിരുന്നത്. വർഷങ്ങൾ പിന്നിട്ടതോടെ പാടശേഖരത്തിൽനിന്നിരുന്ന പോസ്റ്റിൽ മരങ്ങളും വള്ളികളും പടന്നുകയറി ആരാലും ശ്രദ്ധിക്കപ്പെടാത്ത അവസ്ഥയിലായി. പാടശേഖരത്തിൽ പുല്ലും നിറഞ്ഞതോടെ സർവീസ് വയർ ആരുടെയും ശ്രദ്ധയിൽ പെട്ടിരുന്നില്ല. ഇലക്ട്രിക് ലൈനുകളിലേക്കു പടർന്നു പന്തലിച്ച വള്ളികളിൽ കൂടിയായിരുന്നു സർവീസ് വയറിൽ വൈദ്യുതി പ്രവഹിച്ചത്.