ലക്നൗ∙ റാം എന്ന വാക്ക് ബി.ആർ.അംബേദ്കറിന്റെ പേരിന്റെ ഭാഗമാണെന്നും അതുകൊണ്ടാണ് കൂടെ ചേർത്തുള്ള പരിഷ്കാരം നിർദേശിച്ചതെന്നും ഉത്തർപ്രദേശ് ഗവർണര്‍ റാം നായിക്. രാഷ്ട്രീയത്തിൽ വിവാദമുണ്ടാക്കുന്നതാണു ചിലരുടെയെല്ലാം രീതിയെന്നു സുഖ്പുരയില്‍ പരിപാടിയിൽ പങ്കെടുക്കവെ അദ്ദേഹം പറഞ്ഞു.
ഗവർണറുടെ നിർദേശപ്രകാരം യുപി സർക്കാർ ഭീംറാവു അംബേദ്കർ എന്ന പേരിനെ ഭീം റാവു റാംജി അംബേദ്കർ എന്നു മാറ്റിയിരുന്നു. സംസ്ഥാന നിയമസഭയിൽ പാസാക്കിയ പ്രമേയത്തിലൂടെയായിരുന്നു പേരുമാറ്റം. എന്നാൽ ഇതിനെ എതിര്‍ത്ത് അംബേദ്കറുടെ ചെറുമക്കളും വിവിധ രാഷ്ട്രീയ കക്ഷികളും രംഗത്തെത്തിയിരുന്നു.
‘യുപിയിൽ അംബേദ്കറിന്റെ പേരു ശരിയായ രീതിയിലല്ല ഉപയോഗിക്കുന്നത്. അതുകൊണ്ടാണു പേരു മാറ്റത്തിനുള്ള നിർദേശം നൽകിയത്. അദ്ദേഹത്തിന്റെ ജന്മശതാബ്ദി ആഘോഷങ്ങളിൽ പുറത്തിറക്കിയ പോസ്റ്റല്‍ സ്റ്റാംപിൽ ഡോ. ഭീം റാവു റാംജി അംബേദ്കര്‍ എന്നാണുള്ളത്. കോൺസ്റ്റിറ്റുവന്റ് അസംബ്ലിയിലുള്ള അദ്ദേഹത്തിന്റെ ഒപ്പുകളിലും പൂർണമായ പേരാണുള്ളത്’– റാം നായിക് പറഞ്ഞു.
മൂന്നു വർഷമായി താൻ രാജ്ഭവനിലുണ്ടെന്നും രാഷ്ട്രീയ ഉദേശ്യങ്ങളോടെ പ്രസ്താവനകളൊന്നും നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമാജ്‍വാദി പാർട്ടി ഭരിക്കുമ്പോള്‍ ഏറെ വിമർശനങ്ങൾ നടത്തിയിരുന്ന ഗവർണർ, യോഗി ആദിത്യനാഥ് സർക്കാരിനെതിരെ മൗനം പാലിക്കുകയാണെന്ന് അഖിലേഷ് യാദവ് വിമർശിച്ചിരുന്നു. എന്നാൽ ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങളുള്ള താൻ രാഷ്ട്രീയ വിവാദങ്ങളിൽ ഇടപെടേണ്ടതില്ലെന്നു ഗവർണർ വ്യക്തമാക്കി.