Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതര സംസ്ഥാന തൊഴിലാളിയുടെ മുങ്ങിമരണം കൊലപാതകം; ബന്ധു പിടിയില്‍

Upendra-Singh കൊലപാതക കേസിൽ അറസ്റ്റിലായ ഉപേന്ദ്രസിങ്.

തൊടുപുഴ ∙ തൊടുപുഴയാറ്റില്‍ ഇതര സംസ്ഥാന തൊഴിലാളിയുടെ മുങ്ങിമരണം ബന്ധു നടത്തിയ കൊലപാതകമെന്നു തെളിഞ്ഞു. മധ്യപ്രദേശ് ഗ്വാളിയര്‍ സ്വദേശി രാമചന്ദ്ര സിങ്ങിന്റെ (30) മരണമാണു കൊലപാതകമെന്നു തൊടുപുഴ പൊലീസ് കണ്ടെത്തിയത്. സംഭവത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശിയും രാമചന്ദ്ര സിങ്ങിന്റെ ഭാര്യയുടെ അര്‍ധസഹോദരനുമായ ഉപേന്ദ്രസിങ്ങിനെ (22) പൊലീസ് അറസ്റ്റു ചെയ്തു.

കഴിഞ്ഞ 14നു രാവിലെ തൊടുപുഴ മുസ്‌ലിം പള്ളിക്കു സമീപത്തെ കുളിക്കടവില്‍ കുളിക്കുന്നതിനിടെയുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ രാമചന്ദ്ര സിങ്ങിനെ പ്രതി പുഴയിലേക്കു തള്ളിയിടുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. കുളിക്കുന്നതിനിടെ രാമചന്ദ്രസിങ്ങിന്റെ ദേഹത്ത് ഉപേന്ദ്രസിങ് കയറിനിന്നതാണു തര്‍ക്കത്തിനിടയാക്കിയത്. അസഭ്യം പറഞ്ഞപ്പോള്‍ പ്രകോപിതനായ പ്രതി രാമചന്ദ്രയെ പുഴയിലേക്കു തള്ളിയിട്ടു. രാമചന്ദ്രയ്ക്കു നീന്തല്‍ വശമില്ലാതിരുന്നതിനാല്‍ പുഴയില്‍ വീണയുടനെ താഴേക്ക് ഒഴുകിപ്പോയി. നീന്തല്‍ അറിയാമായിരുന്ന ഉപേന്ദ്ര രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പിന്നീട് അടുത്ത കടവിലേക്കു നീന്തിക്കയറി.

തൊടുപുഴ ഫയർഫോഴ്‌സിന്റെയും പൊലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ നടത്തിയ തിരച്ചിലിനൊടുവിൽ ഏകദേശം 200 മീറ്റർ അകലെ പുഴയോരത്തുള്ള മുൾപടർപ്പിൽ കുടുങ്ങിയ നിലയിലാണു  മൃതദേഹം കണ്ടെത്തിയത്. നീന്തല്‍ അറിയാത്ത രാമചന്ദ്ര കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടുവെന്നാണ് ഉപേന്ദ്രസിങ് ആദ്യം പൊലീസിനോടു പറഞ്ഞത്. സംഭവത്തില്‍ അസ്വഭാവികമരണത്തിനു കേസ് എടുത്തിരുന്നു.

മർച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ തൊടുപുഴയിൽ നടക്കുന്ന ജുറാസിക് ആൻഡ് റോബോട്ടിക് ആനിമൽ പ്രദർശനത്തിൽ തൃശൂരിൽ നിന്നുള്ള ഡിജെ കമ്പനിയുടെ ജീവനക്കാരായാണു രാമചന്ദ്രസിങ്ങും ഉപേന്ദ്രസിങ്ങും തൊടുപുഴയിലെത്തിയത്. ഉപേന്ദ്രസിങ്ങിനെ സംശയമുണ്ടെന്ന ദൃക്സാക്ഷി മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. പ്രതിയെ മുട്ടം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

related stories