അബു സലേമിന്റെ രണ്ടാം വിവാഹം: പരോൾ അപേക്ഷ തള്ളി പൊലീസ്

മുംബൈ∙ സ്‌ഫോടന പരമ്പരക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന അധോലോക കുറ്റവാളി അബു സലേമിന്റെ പരോൾ അപേക്ഷ നവിമുംബൈ പൊലീസ് കമ്മിഷണർ തള്ളി. ഹീന എന്ന യുവതിയുമായുള്ള വിവാഹത്തിനു വേണ്ടിയാണ് 45 ദിവസത്തെ പരോളിനു വേണ്ടി സലേം അപേക്ഷിച്ചിരുന്നത്. നാൽപത്തിയെട്ടുകാരനായ സലേമിന്റെ രണ്ടാം വിവാഹമാണിത്. കഴിഞ്ഞ വർഷം ‘ടാഡ’ കോടതിയിലും വിവാഹത്തിന് അനുമതി തേടിയുള്ള അപേക്ഷ നൽകിയിരുന്നെങ്കിലും തള്ളുകയായിരുന്നു.

1993ലെ മുംബൈ സ്‌ഫോടന പരമ്പരക്കേസിൽ ശിക്ഷിക്കപ്പെട്ട് തലോജ ജയിലിലാണ് ഇപ്പോൾ അബു സലേം. 1993 മാർച്ച് 12നു മുംബൈയിൽ 13 ഇടങ്ങളിലായുണ്ടായ സ്ഫോടനങ്ങളിൽ 257 പേരാണു കൊല്ലപ്പെട്ടത്. എഴുനൂറിലേറെ പേർക്കു ഗുരുതരമായി പരുക്കേറ്റു. 27 കോടി രൂപയുടെ നാശനഷ്ടം കണക്കാക്കി. സംഭവത്തിന്റെ സൂത്രധാരൻ അബു സലേം ആണെന്നു തെളിഞ്ഞിരുന്നു.

2002ൽ പോർച്ചുഗലിലെ ലിസ്ബനിൽ കാമുകിയും ബോളിവുഡ് നടിയുമായ മോണിക്ക ബേദിക്കൊപ്പം അറസ്റ്റിലായ സലേമിനെ 2005ൽ ഇന്ത്യയ്ക്കു കൈമാറി. രാജ്യാന്തര കുറ്റവാളി കൈമാറ്റ നിയമ പ്രകാരം സലേമിന് വധശിക്ഷ നൽകരുതെന്നു പോർച്ചുഗലിന്റെ നിർദേശമുണ്ടായിരുന്നു. പോർച്ചുഗലിലും വിചാരണ നേരിടേണ്ടതു കൊണ്ടാണിത്. കഴിഞ്ഞ വർഷമാണ് പ്രത്യേക ടാഡ കോടതി അബു സലേമിനു ജീവപര്യന്തം ശിക്ഷ വിധിച്ചത്. സംഭവത്തിൽ നൂറിലേറെ പേർ പ്രതികളാണ്. കേസിൽപ്പെട്ട അധോലോക നേതാവ് യാക്കൂബ് മേമനെ 2015ൽ തൂക്കിലേറ്റിയിരുന്നു.