കൊച്ചി∙ കലൂര്‍ മെട്രോ സ്റ്റേഷനു സമീപം വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ നിര്‍മാണത്തിലിരുന്ന കെട്ടിടം ഇടിഞ്ഞുതാണ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഉന്നതതല നടപടിക്രമ സമിതി രൂപീകരിച്ച് ജില്ലാ ദുരന്ത നിവാരണ സമിതിയുടെ ചെയര്‍മാന്‍ കൂടിയായ കലക്ടര്‍ മുഹമ്മദ് വൈ സഫിറുള്ളയുടെ ഉത്തരവ്. സംഭവത്തെക്കുറിച്ചു പ്രാഥമികാന്വേഷണം നടത്തിയ സാങ്കേതിക സമിതിയുടെ ഉൾപ്പെടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് കലക്ടറുടെ ഉത്തരവ്.
ദുരന്ത നിവാരണ വിഭാഗം ഡപ്യൂട്ടി കലക്ടര്‍ പി.ഡി. ഷീലാദേവി, സീനിയര്‍ ടൗണ്‍പ്ലാനര്‍ പി.ആര്‍. ഉഷാകുമാരി, മൈനിങ് ആന്റ് ജിയോളജി വകുപ്പിലെ ജിയോളജിസ്റ്റ് കൃഷ്‌ണേന്ദു, പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം എക്‌സിക്യുട്ടീവ് എൻജിനീയര്‍ റജീനബീവി, എമരിറ്റസ് പ്രഫസര്‍ ഡോ. ബാബു.ടി.ജോസ്, സ്ട്രക്ചറല്‍ എൻജിനീയറിങ് വിദഗ്ധന്‍ ഡോ. അനില്‍ ജോസഫ് എന്നിവരാണു സമിതിയിലെ അംഗങ്ങള്‍.
ദുരന്ത നിവാരണ നിയമത്തിലെ മുപ്പതാം വകുപ്പ് പ്രകാരം രൂപീകരിച്ച സമിതി ഒരാഴ്ചയ്ക്കകം കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. കെട്ടിടം തകരാനുള്ള കാരണം, കെട്ടിട നിര്‍മാണത്തിനു ലഭിച്ചിട്ടുള്ള അനുമതികള്‍, തുടര്‍നിര്‍മാണത്തിന്റെ സാധ്യത, കെട്ടിടത്തിന്റെ പ്രാഥമിക രൂപരേഖ എന്നിവയാണ് നടപടിക്രമ സമിതി പരിശോധിക്കുക.