അഹമ്മദാബാദ് ∙ ഗുജറാത്തില്‍ കനത്ത മഴയെ തുടര്‍ന്നു രണ്ടു പാര്‍പ്പിടസമുച്ചയങ്ങള്‍ തകര്‍ന്ന് ഒരാള്‍ മരിച്ചു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നു നാലു പേരെ രക്ഷപ്പെടുത്തി. ഒധാവ് മേഖലയിലെ നാലുനില കെട്ടിടങ്ങള്‍ കഴിഞ്ഞ രാത്രിയിലാണു തകര്‍ന്നത്. 12 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനങ്ങക്കൊടുവിലാണ് ഒരു മൃതദേഹം കണ്ടെത്തിയത്.
നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന പാര്‍പ്പിട സമുച്ചയങ്ങള്‍ക്കു 20 വര്‍ഷം പഴക്കമുണ്ട്. അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മുന്നറിയിപ്പു നല്‍കിയതിനെ തുടര്‍ന്നു നിരവധി കുടുംബങ്ങള്‍ ഇവിടെനിന്നു ശനിയാഴ്ച ഒഴിഞ്ഞുപോയിരുന്നു. മുന്നറിയിപ്പ് അവഗണിച്ച് കെട്ടിടത്തില്‍ തുടര്‍ന്നവരാണ് അപകടത്തില്‍പെട്ടത്. സര്‍ക്കാര്‍ ഭവനപദ്ധതിയുടെ ഭാഗമായി നിര്‍മിച്ചതാണ് രണ്ടു കെട്ടിടങ്ങളും.