എന്റെ മുറിവല്ല, ആ കുഞ്ഞിന്റെ ജീവനായിരുന്നു വലുത്: മാലാഖയായി മിതാൻഷി

എയർഹോസ്റ്റസ് മിതാൻഷി വൈദ്യ. ചിത്രം: ട്വിറ്റർ

മുംബൈ∙ ആകാശത്തുനിന്നു മാനവികതയുടെയും മനസ്സലിവിന്റെയും മറ്റൊരു കഥ കൂടി; നായികയായി കയ്യടി നേടി മിതാൻഷി വൈദ്യ. യാത്രക്കാരിയുടെ കയ്യില്‍നിന്നു വീണ പിഞ്ചുകുഞ്ഞിനെ തറയില്‍ വീഴുംമുന്‍പു സാഹസികമായി രക്ഷിച്ചാണു മിതാന്‍ഷി വൈദ്യ താരമായത്. എയര്‍ഹോസ്റ്റസായ മിതാൻഷിയെ വിശിഷ്ടസേവന പുരസ്‌കാരം നൽ‌കി ആദരിച്ചിരിക്കുകയാണു ജെറ്റ് എയര്‍വെയ്‌സ്.

സംഭവം ഇങ്ങനെ: സ്വകാര്യ കമ്പനിയുടെ എംഡിയാണു ഗുലാഫ ഷെയ്ഖ്. പത്തു മാസം പ്രായമുള്ള കുഞ്ഞിനെയും കൊണ്ടു കഴിഞ്ഞ മാസം മുംബൈയിൽനിന്ന് അഹമ്മദാബാദിലേക്ക് ഇവർ ജെറ്റ് എയർവെയ്സിൽ ടിക്കറ്റെടുത്തു. വിമാനത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെ അബദ്ധത്തിൽ ഇവരുടെ കുഞ്ഞുമകൻ കയ്യിൽനിന്നു വഴുതിവീണു. സമീപത്തുണ്ടായിരുന്ന മിതാൻഷി സന്ദർഭോചിതമായി ചാടിവീണു. ഒരു പോറലുമേൽക്കാതെ കുഞ്ഞിനെ താങ്ങിപ്പിടിച്ചു. 

കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മിതാന്‍ഷി മുഖമടിച്ചു നിലത്തുവീണു. മൂക്കിലും മുഖത്തും ചെറിയ മുറിവുകളുണ്ടായി. മുറിവുകളുടെ നീറ്റലൊന്നും കാര്യമാക്കാതെ അവൾ പുഞ്ചിരിച്ചു; ഒരു പിഞ്ചോമനയെ രക്ഷിക്കാനായല്ലോ എന്ന സന്തോഷത്താൽ. കുഞ്ഞിനെ രക്ഷിച്ച മിടുക്കിയോടു ഗുലാഫ ഹൃദയത്തിൽ തൊട്ടു നന്ദി പറഞ്ഞു.

ഏതാനും ദിവസം കഴിഞ്ഞപ്പോൾ അന്നത്തെ സംഭവത്തിൽ നന്ദിയും സ്‌നേഹവും അറിയിച്ച്‌ ഗുലാഫ ജെറ്റ് എയര്‍വെയ്‌സിനു കത്തെഴുതി. മിതാൻഷിയുടെ നല്ല പ്രവൃത്തിയെ പ്രശംസിച്ചു. ‘വിവാഹം കഴിഞ്ഞ് 14 വര്‍ഷങ്ങള്‍ക്കു ശേഷമാണു ഞങ്ങൾക്കൊരു കുഞ്ഞുണ്ടായത്. ആ കുഞ്ഞിനെ ആപത്തിൽനിന്നു രക്ഷിച്ച അവരെനിക്കു മാലാഖയാണ്. മറ്റേതെങ്കിലും രീതിയില്‍ അവളോടു നന്ദി പ്രകടിപ്പിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അതിനായി ഫോണ്‍ നമ്പർ ചോദിച്ചു. കമ്പനിയുടെ നയങ്ങൾക്ക് എതിരാണെന്നു പറഞ്ഞ് അവൾ നിരസിച്ചു. നിങ്ങളുടെ പ്രാർഥനയില്‍ എന്നെക്കൂടി ഉള്‍പ്പെടുത്തൂ എന്നുമാത്രമാണവള്‍ പറഞ്ഞത്’– കത്തില്‍ ഗുലാഫ വെളിപ്പെടുത്തി.

മിതാൻഷി വൈദ്യയ്ക്കു ജെറ്റ് എയർവെയ്സ് വിശിഷ്ടസേവാ പുരസ്കാരം സമ്മാനിച്ചപ്പോൾ. ചിത്രം: ട്വിറ്റർ

ആ പെണ്‍കുട്ടി അവളുടെ ജീവന്‍ വകവയ്ക്കാതെയാണു കുഞ്ഞിനെ രക്ഷിച്ചത്. നിലത്തുവീണപ്പോള്‍ അവരുടെ മുഖത്തു പരുക്കേറ്റു. ചിലപ്പോള്‍ ഒരിക്കലും മായാത്ത പാടായിരിക്കും മുഖത്ത് ഉണ്ടായിരിക്കുക. എയര്‍ഹോസ്റ്റസ് എന്ന നിലയില്‍ അവളുടെ ജോലിയെത്തന്നെ ആ പാടുകൾ ബാധിച്ചേക്കാമെന്നും ഗുലാഫ ഹൃദയം തൊട്ടെഴുതി. കത്തിലെ വിവരങ്ങൾ പരിശോധിച്ച ജെറ്റ് എയർവെയ്സിനു മാതൃകാവ്യക്തിയെ ഉടൻ പിടികിട്ടി– മിതാൻഷി വൈദ്യ.

‘മിതാൻഷിയെ ഓർത്ത് ഞങ്ങൾ അഭിമാനിക്കുന്നു. 2016 ജൂൺ മുതൽ ഞങ്ങളോടൊപ്പമുണ്ട്. മുഖത്തെ മുറിവ് ജോലി നഷ്ടപ്പെടുത്തുമോ എന്ന ആശങ്ക അവരെ ബാധിച്ചിട്ടില്ല’– ജെറ്റ് എയർവെയ്സിന്റെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. മിതാൻഷിയുടെ പ്രവൃത്തിയിലെ നന്മ തിരിച്ചറിഞ്ഞ കമ്പനി അവർക്കു വിശിഷ്സേവാ പുരസ്കാരം സമ്മാനിച്ചു. ഔദ്യോഗിക ട്വിറ്റർ പേജിൽ പുരസ്കാരദാനത്തിന്റെ ചിത്രവും പങ്കുവച്ചു.

ജൂഡോ പഠിക്കുന്നതാണ് തന്റെ ചാട്ടത്തിനു പിന്നിലെ രഹസ്യമെന്നു പകുതി കാര്യമായും പകുതി തമാശയായും മിതാൻഷി പറഞ്ഞു. യോഗ, പാട്ട്, നൃത്തം, മോഡലിങ് തുടങ്ങിയവയാണു മിതാൻഷിയുടെ ഇഷ്ടങ്ങൾ.