രാജസ്ഥാനെതിരെ ഡൽഹിക്കു ത്രസിപ്പിക്കുന്ന ജയം

രാജസ്ഥാനെതിരെ ഡൽഹി താരം പൃഥ്വി ഷായുടെ ബാറ്റിങ്.

‍ന്യൂഡൽഹി ∙രസം കൊല്ലിയായി മഴയെത്തിയെങ്കിലും ബാറ്റിങ് വെടിക്കെട്ടിന്റെ തിരികെടാതെയിരുന്ന മൽസരത്തിൽ രാജസ്ഥാനെതിരെ ഡൽഹിക്കു നാലു റൺസിന്റെ ത്രസിപ്പിക്കുന്ന ജയം. 18 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ  ഡൽഹി 17.1  ഓവറിൽ  ആറിനു 196ൽ നിൽക്കെ വീണ്ടും മഴയെത്തിയതിനെ തുടർന്ന് രാജസ്ഥാന് 12 ഓവറിൽ 151 റൺസ് വിജയലക്ഷ്യമായി തീരുമാനിച്ചു.

26 പന്തിൽ 67 റൺസെടുത്ത ജോസ് ബട്ട്ലറുടെയും 25 പന്തിൽ 44 റൺസെടുത്ത ഷോട്ടിന്റെയും മികവിൽ രാജസ്ഥാൻ പൊരുതിനോക്കിയെങ്കിലും ജയത്തിനു നാലു റണ്ണകലെ വീണു. ഋഷഭ് പന്ത് (69),അയ്യർ (50), പൃഥ്വി ഷാ (47) എന്നിവരാണ് ഡൽഹിയുടെ പ്രധാന സ്കോറർമാർ. അവസാന ഓവറിൽ ജയിക്കാൻ 15 റൺസ് നേടേണ്ടിയിരുന്ന രാജസ്ഥാന് 10 റൺസ്  മാത്രമേ നേടാനേ സാധിച്ചുള്ളു.ഡൽഹിക്കുവേണ്ടി ബോൾട്ട് രണ്ടു വിക്കറ്റുകൾ നേടി.

കഴിഞ്ഞ ദിവസം ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിനോടു 14 റൺസിനു തോറ്റതോടെ ഐപിഎൽ പോയിന്റ് പട്ടികയിലെ പിന്നാക്കക്കാരായ മുംബൈ ഇന്ത്യൻസിന്റെ നില കൂടുതൽ പരുങ്ങലിലായി. ബെംഗളൂരു ഉയർത്തിയ 168 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന മൂംബൈയ്ക്ക് 20 ഓവറുകൾ പിന്നിട്ടപ്പോൾ എഴു വിക്കറ്റ് നഷ്ടത്തിൽ 153 റൺസ് എടുക്കാനേ സാധിച്ചുള്ളു. ഓപ്പണർ മനൻ വോറയുടെ ബാറ്റിങ് വെടിക്കെട്ടാണ് ബാംഗ്ലൂരിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. വോറ 45 റൺസ് നേടി.

മധ്യ ഓവറുകളിൽ ക്യാപ്റ്റൻ കോഹ്‌ലിയും (32) മക്കല്ലവും (37) കൂട്ടിച്ചേർത്ത 60 റൺസാണ് ബാംഗ്ലൂർ ഇന്നിങ്സിൽ നിർണായകമായത്. അവസാന ഓവറിൽ മൂന്നു സിക്സുകളുമായി കോളിൻ ഡി ഗ്രഹോമും (10 പന്തിൽ 23) ആഞ്ഞടിച്ചതോടെ ബാംഗ്ലൂർ ഭേദപ്പെട്ട സ്കോറിലെത്തി. തിരിച്ചടിക്കാനിറങ്ങിയ മുംബൈയ്ക്ക് ആദ്യ നാല് ഓവറിനിടെ മൂന്നു മുൻനിര വിക്കറ്റുകൾ നഷ്ടമായതാണു തോൽവിക്കു വഴിയൊരുക്കിയത്. റണ്ണെടുക്കും മുൻപേ ഇഷൻ കിഷൻ വീണു. സൗത്തിക്കു വിക്കറ്റ്. സൂര്യകുമാർ യാദവിനെയും (ഒൻപത്) ക്യാ പ്റ്റൻ രോഹിത് ശർമയെയും (പൂജ്യം) അടുത്തടുത്ത പന്തുകളിൽ പുറത്താക്കി ഉമേഷ് യാദവ് കൂടി ആഞ്ഞടിച്ചതോടെ മുംബൈയ്ക്കു താളം നഷ്ടപ്പെട്ടു. 13 റൺസെടുത്ത പൊള്ളാർഡിനെ സിറാജ് മടക്കിയതോടെ നാലിന് 47 എന്ന നിലയിലായി മുംബൈ.

അഞ്ചാം വിക്കറ്റിൽ 56 റൺസിന്റെ കൂട്ടുകെട്ടൊരുക്കി ഹാർദിക് – ക്രുണാൽ സഹോദരങ്ങൾ മുംബൈയ്ക്കു പ്രതീക്ഷ നൽകിയെങ്കിലും 23 റൺസെടുത്ത ക്രൂണാലിനെ 19–ാം ഓവറിൽ സിറാജും, അവസാന ഓവറിലെ ആദ്യപന്തിൽ അർധ സെഞ്ചുറി തികച്ച ഹാർദികിനെ (50) സൗത്തിയും പുറത്താക്കിയതോടെ മുംബൈയുടെ കഥ കഴിഞ്ഞു.