ഹൈദരാബാദ്∙ ഐപിഎല്ലിൽ നിലനിൽപ്പിനായുള്ള പോരാട്ടത്തിൽ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ വീണു. ഹൈദരാബാദിന്റെ സ്കോറായ 146 റൺസ് പിന്തുടര്‍ന്ന ബാംഗ്ലൂരിന് നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സ് നേടാനേ സാധിച്ചുള്ളു. ജയിക്കാന്‍ അവസാന ഓവറില്‍ 12 റണ്‍സാണ് ബാംഗ്ലൂരിന് നേടേണ്ടിയിരുന്നത്.
എന്നാല്‍ ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ അവസാന ഓവറില്‍ ആറു റണ്‍സ് നേടാനേ ബാംഗ്ലൂരിനു സാധിച്ചുള്ളു. അവസാന പന്തില്‍ സിക്സ് നേടണം എന്ന നിലയില്‍ കൊളിന്‍ ഡിഗ്രാന്‍ഡോമിനെ ബോള്‍ഡാക്കി ഭുവനേശ്വര്‍ കുമാര്‍ ഹൈദരാബാദിന്റെ വിജയം ആഘോഷിച്ചു. ഹൈദരാബാദിനായി ഷാക്കിബ് രണ്ടു വിക്കറ്റുകള്‍ നേടി.
ടോസ് നേടിയ ബാംഗ്ലൂർ ഹൈദരാബാദിനെ ബാറ്റിങിനയയ്ക്കുകയായിരുന്നു. വമ്പനടിക്കാരായ അലക്സ് ഹെയ്‌ൽസിനെയും(5), ശിഖർ ധവാനെയും (13) പവർപ്ലേ ഓവറുകളിൽത്തന്നെ നഷ്ടമായതോടെ ഹൈദരാബാദ് തുടക്കത്തിലേ പരുങ്ങലിലായി. ഒൻപതാം ഓവറിൽ അഞ്ചു റൺസോടെ മനീഷ് പാണ്ഡെയും മടങ്ങുമ്പോൾ ഹൈദരാബാദ് സ്കോർ ബോർഡിൽ 48 റൺസേ എത്തിയിരുന്നുള്ളു.
നാലാം വിക്കറ്റിൽ 74 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തിയ വില്യംസണും (56) ഷാക്കിബുമാണ് (35) ഹൈദരാബാദിന്റെ പ്രധാന സ്കോറർമാർ. മറ്റു ബാറ്റ്സ്മാൻമാർക്കാർക്കും കാര്യമായ സംഭാവന നൽകാനായില്ല. ജയത്തോടെ ഹൈദരാബാദ് പ്ലേ ഓഫ് സ്ഥാനം ഉറപ്പിച്ചു. ബാംഗ്ലൂര്‍ പ്ലേ–ഓഫില്‍ ഇടം പിടിക്കണമെങ്കില്‍ ഇനി അൽഭുതങ്ങൾ സംഭവിക്കണം.