വാഷിങ്ടൻ/ടെഹ്റാൻ∙ ഇറാനുമായുള്ള ആണവകരാരില്‍ നിന്നു യുഎസിന്റെ പിന്മാറ്റം പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനു മേൽ ഉപരോധങ്ങൾ പുനഃസ്ഥാപിക്കും. ഇറാനെ സഹായിക്കുന്ന എല്ലാ രാജ്യങ്ങൾക്കു മേലും ഈ ഉപരോധം ഉണ്ടാകുമെന്നും വൈറ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ട്രംപ് വ്യക്തമാക്കി. 2015ൽ ബറാക് ഒബാമയുടെ ശ്രമഫലമായി രൂപം കൊടുത്ത കരാറിൽ (ജോയിന്റ് കോംപ്രഹെൻസിവ് പ്ലാൻ ഓഫ് ആക്‌ഷൻ(ജെസിപിഒഎ) നിന്നാണു യുഎസ് പിന്മാറിയിരിക്കുന്നത്. ‘ഒരിക്കലും ഉണ്ടാകാൻ പാടില്ലായിരുന്ന, തികച്ചും ഏകപക്ഷീയമായ കരാറാണിത്. ഇതൊരിക്കലും ശാന്തിയും സമാധാനവും കൊണ്ടു വന്നിട്ടില്ല, കൊണ്ടുവരികയുമില്ല’– കരാറിനെ രൂക്ഷഭാഷയിൽ വിമർശിച്ചു കൊണ്ട് ട്രംപ് പറഞ്ഞു.
അതേസമയം ട്രംപിന്റെ തീരുമാനം നിയമവിരുദ്ധമാണെന്ന് ഇറാൻ പ്രതികരിച്ചു. പിന്മാറ്റം രാജ്യാന്തര കരാറുകളെ അട്ടിമറിക്കുന്നതാണ്. കരാർ പ്രകാരമുള്ള കാര്യങ്ങളിൽ നിന്ന് ഇറാൻ വ്യതിചലിക്കില്ല. കരാറിൽ ഒപ്പിട്ടിരിക്കുന്ന മറ്റു രാജ്യങ്ങളുടെ കൂടെ അഭിപ്രായം തേടിയ ശേഷം ആണവപരിപാടികൾ പുനഃസ്ഥാപിക്കുന്നതിൽ തീരുമാനമെടുക്കുമെന്നും പ്രസിഡന്റ് ഹസൻ റൂഹാനി ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തു പറഞ്ഞു.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപി ഉത്തരകൊറിയയിലേക്കു പുറപ്പെട്ടെന്ന പ്രസ്താവനയും ട്രംപ് നടത്തി. ആറാഴ്ചയ്ക്കിടെ ഇതു രണ്ടാം തവണയാണ് പോംപി ഉത്തരകൊറിയയിലേക്കു പോകുന്നത്. ട്രംപുമായുള്ള ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ കൂടിക്കാഴ്ചയുടെ സ്ഥലും സമയവും ഉൾപ്പെടെ തീരുമാനിക്കാനാണു യാത്ര. ഉത്തര കൊറിയയുടെ തടങ്കലിലുള്ള മൂന്ന് അമേരിക്കക്കാരുടെ മോചനവും ഈ സന്ദർശനത്തിലൂടെ സാധ്യമാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പറഞ്ഞു.
‘നാണംകെട്ട, ജീർണിച്ച’ കരാർ
രാജ്യത്തെ പൗരൻ എന്ന നിലയിൽ തനിക്കു വലിയ നാണക്കേടുണ്ടാക്കുന്നതാണു കരാറെന്നു പറഞ്ഞായിരുന്നു ട്രംപിന്റെ തുടക്കം. ‘ഒട്ടും ലജ്ജയില്ലാത്ത വിധം ഇറാന്റെ ചോരക്കൊതിയോടെയുള്ള ആഗ്രഹങ്ങൾ കരാറിനു ശേഷം വളരുകയാണുണ്ടായത്. ആണവപരിപാടികളുമായി മുന്നോട്ടു പോകാനാണു തീരുമാനമെങ്കിൽ ഇന്നേവരെയില്ലാത്ത വിധം കനത്ത ‘പ്രശ്നങ്ങൾ’ ഇറാൻ നേരിടേണ്ടി വരും. അമേരിക്കൻ ജനത ഇറാനിലെ ജനങ്ങൾക്കൊപ്പമുണ്ടെന്നും ട്രംപ് പറഞ്ഞു.
നിലവിലെ കരാറിന്റെ ജീർണിച്ച, ചീഞ്ഞളിഞ്ഞ ഘടന പ്രകാരം ഇറാനെ അണ്വായുധം നിർമിക്കുന്നതിൽ നിന്നു വിലക്കാനാകില്ലെന്ന് യുഎസിനു വ്യക്തമായിട്ടുണ്ട്. കരാറിന്റെ മറവിൽ ഇറാൻ ആണവപദ്ധതികൾക്കു രൂപം നൽകുകയാണ്. ഇതു സംബന്ധിച്ച രേഖകൾ യുഎസിനു ലഭിച്ചതാണ്. ഇതെല്ലാം തടയാനുളള എന്തെങ്കിലും കരാറിലുണ്ടോയെന്നു നോക്കുമ്പോഴാകട്ടെ എല്ലാം വെറും ‘തോന്നൽ’ മാത്രമാകുന്ന അവസ്ഥയാണെന്നും ട്രംപ് വ്യക്തമാക്കി.
ഇതു ശരിയായില്ലെന്ന് ഫ്രാൻസ്, യുകെ, ബ്രിട്ടൻ
കരാറിൽ നിന്നു പിന്മാറാനുള്ള യുഎസിന്റെ തീരുമാനത്തെ യുകെയും ജർമനിയും ഫ്രാൻസും സംയുക്തമായി അപലപിക്കുകയാണെന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ പറഞ്ഞു. അണ്വായുധ നിർവ്യാപീകരണം പ്രതിസന്ധിയിലായെന്നും മക്രോ ട്വീറ്റ് ചെയ്തു. കരാറിന്മേലുള്ള തങ്ങളുടെ പ്രതിബദ്ധത തുടരുമെന്ന് ഫ്രാന്‍സിനെയും ജർമനിയെയും ഒപ്പം ചേർത്ത് ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയും വ്യക്തമാക്കി. അതേസമയം യൂറോപ്യൻ യൂണിയന്‍ ഉൾപ്പെടെ ആവശ്യപ്പെട്ടിട്ടും കരാറിൽ നിന്നു പിന്മാറാനുള്ള ട്രംപിന്റെ തീരുമാനം ദൂരവ്യാപക ഫലങ്ങളായിരിക്കും ഉണ്ടാക്കുക. പിന്മാറുക മാത്രമല്ല ഇറാനു മേൽ ഉപരോധം പുനഃസ്ഥാപിക്കാനുള്ള തീരുമാനമുണ്ടായതും രാജ്യാന്തര സമാധാനത്തിനു തിരിച്ചടിയാകും. മധ്യപൗരസ്ത്യ ദേശത്തു സംഘർഷത്തിന്റെ നാളുകളായിരിക്കും വരാനിരിക്കുന്നതെന്ന സൂചനയും ട്രംപ് തന്റെ വാക്കുകളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ആണവകരാറിൽ നിന്നു പിന്മാറാനുള്ള ട്രംപിന്റെ തീരുമാനവും ഇറാനുമായി വ്യാപാരത്തിന്മേൽ ഉൾപ്പെടെ ഉപരോധത്തിനുള്ള യുഎസിന്റെ തീരുമാനവും യൂറോപ്യൻ യൂണിയന്‍ സംയുക്തമായി പരിഗണിക്കുമെന്നു പ്രസിഡന്റ് ഡോണൾഡ് ടസ്ക് ട്വീറ്റ് ചെയ്തു. അടുത്തയാഴ്ച ബൾഗേറിയയിലെ സോഫിയയിൽ നടക്കുന്ന ഉച്ചകോടി ഇക്കാര്യം ചർച്ച ചെയ്യുമെന്നും ട്രംപിന്റെ പിന്മാറ്റ പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ ടസ്ക് ട്വീറ്റ് ചെയ്തു.
കരാർ പിന്മാറ്റത്തിനു പിന്നാലെ ഉണ്ടാകാനിരിക്കുന്നതു യുദ്ധമാണെന്നാണു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ നേരത്തേ മുന്നറിയിപ്പു നൽകിയിരിക്കുന്നത്. അതൊഴിവാക്കാനാണു ശ്രമമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ വൈറ്റ് ഹൗസിലെ വാർത്താസമ്മേളനത്തിനു മുൻപേ തന്നെ കരാറിൽ നിന്നു പിന്മാറുന്ന കാര്യം ട്രംപ് മക്രോയെ അറിയിച്ചിരുന്നതായാണു റിപ്പോർട്ട്.
ഇത്തരമൊരു ഘട്ടത്തിൽ കരാരിൽനിന്നു പിന്മാറുന്നത് അബദ്ധമാണെന്നു ബ്രിട്ടിഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസണും ട്രംപിനു കത്തെഴുതിയിരുന്നു. ലോകരാജ്യങ്ങൾ ഇറാനു മേൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ മാറ്റി രാജ്യത്തെ സ്വതന്ത്രമാക്കുന്നതിനു തുല്യമായിരിക്കും ഇത്. കരാറിൽ ചില കുറവുകളുണ്ടായേക്കാം. എന്നാൽ അതു സമയമെടുത്തു പരിഹരിക്കുകയാണു വേണ്ടതെന്നും കത്തിൽ പറയുന്നു.
ചില പ്രശ്നങ്ങൾ നേരിടേണ്ടി വരും
ആണവകരാറിൽനിന്നു യുഎസ് പിന്മാറുകയാണെങ്കിൽ ചില ‘പ്രശ്നങ്ങളെ’ നേരിടാൻ തയാറായിരിക്കണമെന്ന് ഇറാനിയൻ പ്രസിഡന്റ് ഹസൻ റൂഹാനി രാജ്യത്തെ ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. ടെഹ്റാനിൽ നടന്ന പെട്രോളിയം കോൺഫറൻസിലാണ് ട്രംപിന്റെ പേരെടുത്തു പറയാതെ, വരാനിരിക്കുന്ന സാഹചര്യത്തെക്കുറിച്ചു റൂഹാനി മുന്നറിയിപ്പു നൽകിയത്. ‘രണ്ടോ മൂന്നോ മാസത്തേക്കു നമുക്കു ചില പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. പക്ഷേ അതെല്ലാം കടന്നു നാം മുന്നോട്ടു പോകും. വിവിധ രാജ്യങ്ങളുമായി ക്രിയാത്മകമായ ബന്ധമാണ് ഇറാൻ ആഗ്രഹിക്കുന്നത്. അത് ഇനിയും തുടരും’– റൂഹാനി വ്യക്തമാക്കി. രാജ്യത്തിനു നേരെ ഉപരോധം ഉണ്ടായാലും ഇല്ലെങ്കിലും സ്വന്തം കാലിൽ നിൽക്കുകയാണു വേണ്ടത്. അതു രാജ്യത്തിന്റെ വികസനത്തിന് അത്യന്താപേക്ഷിതമാണെന്നും രാജ്യത്തോടുള്ള ടെലിവിഷൻ അഭിസംബോധനയിൽ നേരത്തേ റൂഹാനി വ്യക്തമാക്കിയിരുന്നു.
ട്രംപിന്റെ തീരുമാനം എന്തുതന്നെയായാലും നേരിടാൻ തയാറാണെന്ന് ഇറാനിയൻ വൈസ് പ്രസിഡന്റ് ഇഷാഖ് ജഹാംഗിരിയും പറഞ്ഞിരുന്നു. യുഎസ് കരാറിൽനിന്നു പിന്മാറിയാലും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കു യാതൊന്നും സംഭവിക്കില്ലെന്ന് ഇറാൻ സെൻട്രൽ ബാങ്ക് തലവൻ വാലിയോല്ലാ സെയ്ഫ് വ്യക്തമാക്കി. ‘ഏതോ ഒരു രാജ്യത്തെ ഒരാൾ കാരണം ഏതാനും മാസത്തേക്കു ചിലപ്പോള്‍ ഞങ്ങൾക്കു പ്രശ്നങ്ങളുണ്ടായേക്കാം. പക്ഷേ, അതെല്ലാം ഞങ്ങൾ മറികടക്കും’– സെയ്ഫ് പറഞ്ഞു.
ട്രംപിന്റെ ആവശ്യങ്ങൾ
2015ൽ ഒബാമ മുൻകയ്യെടുത്ത് ഒപ്പിട്ട ആണവകരാർ ബാലിസ്റ്റിക് മിസൈൽ നിർമാണത്തിനുൾപ്പെടെ ഇറാനു മേൽ പൂർണ ‘നിയന്ത്രണം ’ കൊണ്ടുവരുന്നില്ലെന്നായിരുന്നു ട്രംപിന്റെ പ്രധാന പരാതി. സിറിയയിലെയും യെമനിലെയും ഇടപെടലിൽനിന്ന് ഇറാനെ തടയുന്ന യാതൊന്നും കരാറിൽ ഇല്ല. കരാറിൽ ഭേദഗതി വരുത്തി, ആണവായുധങ്ങളുടെ നിർമാണത്തിൽ ഇറാന് ആജീവനാന്ത വിലക്കേർപ്പെടുത്തണമെന്നും ട്രംപ് ആവശ്യപ്പെടുന്നു.
ഹമാസ്, അൽഖായിദ, ഹിസ്ബൊല്ല ഉൾപ്പെടെയുള്ള ഭീകരശക്തികളെ ഇപ്പോഴും ഇറാന്‍ സഹായിക്കുന്നുണ്ട്. ആണവായുധ നിർമാണത്തിനുള്ള യൂറേനിയം സമ്പുഷ്ടീകരണവും ഇറാന്‍ തുടരുന്നു. എന്നിട്ടും ഇതൊന്നുമില്ലെന്നു നുണ പറയുകയാണ് ഇറാൻ ചെയ്തത്. നൂറുകണക്കിന് അമേരിക്കക്കാരെയാണ് ഇറാന്റെ നേതൃത്വത്തിൽ കൊന്നൊടുക്കുകയും തട്ടിക്കൊണ്ടുപോകുകയും തടവിലാക്കുകയും ചെയ്തതെന്നും ട്രംപ് വാർത്താസമ്മേളനത്തില്‍ പറഞ്ഞു. ഇസ്രയേൽ മാത്രമാണ് ഇക്കാര്യത്തിൽ കരാറിൽ നിന്നുള്ള പിന്മാറ്റത്തിനു നിലവില്‍ ട്രംപിനു ശക്തമായ പിന്തുണ പ്രഖ്യാപിച്ചിരുന്നത്.